തിരുവനന്തപുരം: തലസ്ഥാന നഗരിക്ക് അത്യുഗ്രന്‍ ക്രിക്കറ്റ് വിരുന്ന് സമ്മാനിച്ച് ഭാരതം ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ രണ്ടാം ജയം സ്വന്തമാക്കി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്നലെ രണ്ടാം മത്സരത്തിനിറങ്ങിയ സൂര്യകുമാര്‍ യാദവും സംഘവും 44 റണ്‍സിന് ഓസ്ട്രേലിയന്‍ കരുത്തരെ തോല്‍പ്പിച്ചു. ജയത്തോടെ പരമ്പരയില്‍ 2-0ന് ഭാരതം മുന്നിലായി.
സ്കോര്‍: ഭാരതം- 235/4(20), ഓസ്ട്രേലിയ- 191/9(20)
ഭാരതം മുന്നില്‍ വച്ച 236 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസ് തകര്‍പ്പന്‍ തുടക്കമാണ് കാഴ്ച്ചവച്ചത്. ആദ്യ രണ്ട് ഓവറില്‍ 30ന് മേല്‍ റണ്‍സെടുത്ത് ഓസീസ് ഓപ്പണര്‍മാരായ സ്റ്റീവന്‍ സ്മിത്തും മാത്യു ഷോട്ടും ഭാരതത്തെയും ഗ്രീന്‍ഫീല്‍ഡില്‍ കളികാണാനെത്തിയവരെയും ഞെട്ടിച്ചു. മൂന്നാം ഓവറില്‍ സൂര്യകുമാര്‍ സ്പിന്നര്‍മാരെ കൊണ്ടുവന്നതോടെ കളി തിരിഞ്ഞു. 2.5-ാം ഓവറില്‍ ഷോട്ടിനെ പുറത്താകി രവി ബിഷ്ണോയ് ഭാരതത്തിന് ബ്രേക്ക് നല്കി. പിന്നീട് മാര്‍സ് സ്റ്റോയിനിസും(45) ടിം ഡേവിഡും(37) ഒന്നിച്ച അഞ്ചാം വിക്കറ്റാണ് ഭാരതത്തിന് വെല്ലുവിളിയായത്. ഇരുവരും ചേര്‍ന്ന് 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഓസീസ് ടോട്ടല്‍ 139ല്‍ നില്‍ക്കെ രണ്ടാം സ്പെല്ലിനെത്തിയ ബിഷ്ണോയ് ഈ കൂട്ടുകെട്ട് പൊളിച്ച് ഭാരതത്തിന് വീണ്ടും മേല്‍കൈ നല്കി. പിന്നീട് ഓസീസ് വിക്കറ്റുകള്‍ ഒന്നൊന്നായി വീണുകൊണ്ടിരുന്നു. ബിഷ്ണോയിയും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വീതം വിക്കറ്റുകളെടുത്തു. അക്ഷര്‍ പട്ടേലും മുകേഷ് കുമാറും ഓരോ വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഭാരതത്തിന് വേണ്ടി ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് നല്കിയ തുടക്കം അത്യുജ്ജ്വലമായിരുന്നു. ഇരുവരും ചേര്‍ന്ന് അഞ്ച് ഓവറില്‍ 62 റണ്‍സെടുത്തു. സ്കോര്‍ 77ല്‍ നി
ല്ക്കെ അര്‍ദ്ധസെഞ്ചുറി തികച്ച ജയ്സ്വാള്‍(53) പുറത്തായി. പിന്നീട് ക്രീസിലെത്തിയ ഭാരത ബാറ്റര്‍മാരെല്ലാവരും തകര്‍ത്തടിച്ചുകൊണ്ടിരുന്നു. ആദ്യ പത്ത് ഓവറില്‍ കൃത്യം നൂറ് റണ്‍സെടുത്ത ഭാരതം രണ്ടാമത്തെ പത്ത് ഓവറില്‍ 135 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതില്‍ അവസാന രണ്ട് ഓവറില്‍ 40 റണ്‍സാണെടുത്തത്.
യശസ്വിക്ക് പിന്നാലെ റഋതുരാജ് ഗെയ്ക്വാദ്(58), ഇഷാന് കിഷന്(52) എന്നിവരും അര്‍ദ്ധ സെഞ്ചുറി നേടി. നായകന് സൂര്യകുമാര്‍ യാദവ് 19 റണ്‍സെടുത്ത് പുറത്തായി. ആദ്യ മത്സരത്തില്‍ സികസര്‍ പറത്തി മത്സരം വിജയിപ്പിച്ച റിങ്കു സിങ് ആണ് അവസാന രണ്ട് ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവച്ച് പുറത്താകാതെ നിന്നു. ഒമ്പത് പന്തുകള്‍ നേരിട്ട താരം നാല് ഫോറും രണ്ട് സിക്സും സഹിതം 31 റണ്‍സെടുത്തു. തിലക് വര്‍മ(ഏഴ്)യാണ് പുറത്താകാതെ നിന്ന മറ്റൊരു ബാറ്റര്‍. ഓസീസിനായി നഥാന്‍ എല്ലിസ് മൂന്ന് വിക്കറ്റെടുത്തു. മാര്‍കസ് സ്റ്റോയിനിസ് ഒരു വിക്കറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: