ഭൂമിഗീതങ്ങള്കൊണ്ട് പ്രകൃതിയെ ഉപാസിച്ച കാവ്യഗന്ധര്വന് മരണത്തിന് തൊട്ടുമുന്പുള്ള കാലം മലയാളിയുടെ ഹൃദയത്തില് കയ്യൊപ്പിട്ട ഗാനമാണ് ”ചന്ദ്രകളഭം ചാര്ത്തിയുറങ്ങും…” ഈ ഗാനത്തിലെ ഭൂമിയോടുള്ള വസുന്ധരേ… എന്ന സംബോധന ഒരു പിന്വിളിയായി തേങ്ങലായി ഇന്നും ഏവരുടെയും ഹൃദയത്തിലുണ്ട്.
”…ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസ സരസുകളുണ്ടോ…
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി…” (കൊട്ടാരം വില്ക്കാനുണ്ട്)
വയലാറിനെ ഓര്ക്കുമ്പോള് മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് അദ്ദേഹം അവസാനകാലത്തെഴുതിയ ഈ ഗാനമാണ്. ഈ നിത്യഹരിതയാം ഭൂമിയില് ഇനിയും നിത്യഹരിത ഗാനങ്ങളെഴുതാന് ആശിച്ച കാവ്യഹൃദയത്തിന്റെ ഈ ഹംസഗാനം കൊണ്ട് ചന്ദ്രകളഭം ചാര്ത്താത്ത മലയാളി മനസ്സുകളുണ്ടോ….?
”….കയ്യിലൊരിന്ദ്ര ധനുസുമായ് കാറ്റത്ത്
പെയ്യുവാന് നിന്ന തുലാവര്ഷ മേഘമേ
കമ്രനക്ഷത്ര രജനിയില് ഇന്നലെ കണ്ടുവോ
നീ എന്റെ രാജഹംസത്തിനെ…” (കവിത: രാജഹംസം)
ഇന്ദ്രധനുസും തുലാവര്ഷവും പൂക്കളും പുഴകളും കടലും കാറ്റും പ്രതിബിംബിക്കുന്ന പുഷ്ക്കലമായ വാങ്മയങ്ങളുടെ ധാരാളിത്തംകൊണ്ട് വയലാര് നമ്മുടെ കാവ്യജീവിതത്തെ ഹരിത സമ്പന്നമാക്കി.
മലയാളപ്രകൃതിയുടെ അടയാളങ്ങള് കൊണ്ട് ഗാനങ്ങളില് സൗന്ദര്യാത്മക ബിംബങ്ങള് സൃഷ്ടിച്ച് കേരളത്തനിമയുടെ നാട്ടറിവുകള് പകര്ന്നു നല്കുന്ന നിരവധി ഗാനങ്ങള് വയലാറിന്റേതായിട്ടുണ്ട്. പണി തീരാത്ത വീട് എന്ന ചിത്രത്തില് എം.എസ്. വിശ്വനാഥന് ഈണം പകര്ന്ന് എല്.ആര്. ഈശ്വരി പാടിയ ഈ ഗാനത്തില് കേരള പ്രകൃതിയുടെയും സംസ്കൃതിയുടെയും പ്രതിനിധാനങ്ങളെ മനോഹരമായി അണിനിരത്തിയിരിക്കുന്നു…
അഷ്ടമംഗല്യപൂപ്പാലികയില്
വലംപിരി ശംഖുണ്ടോ…
ആറന്മുളയിലെ വൈരം പതിച്ചൊരു
വാല്ക്കണ്ണാടിയുണ്ടോ…
പുത്തിരിയവിലുണ്ടോ- ഇളം
പൂങ്കുല കതിരുണ്ടോ…
പുഷ്പമഞ്ജീരം കിലുകിലെ കിലുങ്ങും
കഥകളി പദമുണ്ടോ…
രാവണവിജയമാണോ കഥ കീചക വധമാണോ രാധാമാധവ ലീലകളാണോ
സീതാസ്വയംവരമാണോ…’
പൂക്കളും പുഴകളും കിളികളും ഋതുഭംഗികളും കവിതയുടെ മഷിപ്പാത്രമാക്കിയ മലയാള ഭാവനയുടെ മഹാബലിയാണ് വയലാര്. കേരളത്തിലെ ഏതാണ്ട് എല്ലാ നദികളെയും കവി തന്റെ തൂലികകൊണ്ട് ഗാനകല്ലോലിനികളാക്കി.
”പുഴകള് മലകള് പൂവനങ്ങള്.., പെരിയാറേ, പെരിയാറേ, ആലുവാപ്പുഴ പിന്നെയുമൊഴുകി, പമ്പാനദിയില് പൊന്നിന് പോകും…, ഭാരതപ്പുഴയിലെ ഓളങ്ങളെ…, ‘പള്ളാതുരുത്തിയാറ്റില്…, പൂന്തേനരുവി, പൊന്മുടിപ്പുഴയുടെ അനുജത്തി…, കാളിന്ദീ കാളിന്ദീ…, കൈതപുഴക്കായലിലെ…, പല്ലനയാറിന് തീരത്ത്…”
പക്ഷികളുടെ വൈവിധ്യംകൊണ്ട് ആകര്ഷകമാകുന്ന ഒരു പ്രപഞ്ചം വയലാര് ഗാനങ്ങളിലെ ജൈവസാന്നിദ്ധ്യമാണ്. ഗരുഡന് മുതല് കുഞ്ഞാറ്റക്കിളിവരെ പ്രകൃതിയോടുള്ള വയലാറിന്റെ ആത്മബന്ധത്തില് ഗാനങ്ങളായി. സത്യത്തിനെത്ര വയസ്സായി എന്നു ചോദിക്കുന്ന സ്വര്ഗവാതില്പ്പക്ഷി മുതല് നാടന് പാട്ടിലെ നാരായണക്കിളി മൈനവരെ ആ ഗാനങ്ങളുടെ ചില്ലയില് കൂടുകൂട്ടി. ഉത്തരായണക്കിളി പാടി, കൃഷ്ണപക്ഷക്കിളി ചിലച്ചു, സീതപക്ഷി നിന് ശ്രീവല്ലഭനെന്നു വരും ശ്രീലതികപക്ഷി… തുടങ്ങിയ ഗാനങ്ങളിലൂടെ കവി തന്റെ ഹരിതബോധത്തെ പക്ഷിവൃന്ദങ്ങളിലൂടെ ഭാസുരമാക്കുന്നു. സ്വര്ഗവാതില്പ്പക്ഷി എന്നൊരു പക്ഷിയുണ്ടോ എന്ന് ആരും ചോദിക്കില്ല. അതുപോലെ പഞ്ചാംഗക്കിളിയും ശ്രീമംഗലപ്പക്ഷിയും ഋതുസംക്രമപ്പക്ഷിയും വാടാമലര്ക്കിളിയും സരസീരുഹപ്പക്ഷിയും വയലാറിന്റെ ഗാനശ്രീയെ ഭാവനാബന്ധുരമാക്കുന്നു.
പുഷ്പമംഗലയാം ഭൂമിയിലെ പൂവുകളുടെ പുണ്യകാലമായിരുന്നു വയലാര് കാലം.
”ഇല്ലാരില്ലം കാട്ടിനുള്ളിലൊരിത്തിരി പൂ…”
”ഇന്ദ്രവല്ലരി പൂ ചൂടിവരും സുന്ദര ഹേമന്തരാത്രി…”
”പൂവനങ്ങള്ക്കറിയാമോ ഒരു പൂവിന് വേദന…” തുടങ്ങിയ ഗാനങ്ങളുടെ പൂവിളികള് തലമുറകള് കൈമാറിക്കൊണ്ടിരിക്കുന്നു. താഴംപൂ, കിങ്ങിണിപ്പൂ, കാദംബരീ പുഷ്പസരസ്, കല്യാണ സൗഗന്ധിക പൂങ്കാവനം, നെന്മേനി വാകപ്പൂ, ദേവതാരു, പാരിജാതം, കള്ളിപ്പാലകള്, ആമ്പല്പൂ, നീലക്കടമ്പിന് പൂവ്, ദശപുഷ്പം, വനജോത്സ്ന തുടങ്ങി ചെമ്പരത്തിയും രാജമല്ലിയും വരെ പ്രകൃതിയെ സംഗീതമാക്കാനുള്ള സ്വരസ്ഥാനങ്ങളായി മാറി വയലാറിന്റെ മാന്ത്രികമണി വീണയില്.
വാമൊഴികളിലൂടെ നമ്മുടെ വിശ്വാസങ്ങളില് നിറഞ്ഞ യക്ഷി ഗന്ധര്വന്മാരുടെ സങ്കല്പ്പലോകവും വയലാറിന്റെ തൂലികയില് ഗാനശില്പങ്ങളായിട്ടുണ്ട്. ”നക്ഷത്രക്കതിര് കൂന്തലില് അണിയും യക്ഷികള് രാത്രിയിലെത്തും, ഗന്ധര്വന്മാര് ഭൂമിയില് വന്നൊരു ചന്ദനമാളിക തീര്ക്കും…” പഞ്ചവന്കാട് എന്ന ചിത്രത്തിലാണ് കാവ്യഗന്ധര്വന് എഴുതി സംഗീത ഗന്ധര്വന് (ദേവരാജന്)ഈണംപകര്ന്ന് ഗാനഗന്ധര്വന് (യേശുദാസ്) ആലപിച്ച ഈ ഗന്ധര്വ ഗാനം. ഐതിഹ്യമാലയിലെ യക്ഷിക്കഥകളുടെ ആഖ്യാനമാണ് ‘ഗന്ധര്വക്ഷേത്രം’ എന്ന ചിത്രത്തിലെ ‘യക്ഷിയമ്പലമടച്ചു’ എന്ന ഗാനഗാന്ധര്വം. ”കാറ്റില് കരിമ്പന തലമുടി ചിക്കും കാട്ടില് മുത്തശ്ശിക്കഥയിലെ യക്ഷിയായ് വളര്ന്നവള് മാനത്ത് പറന്നുയര്ന്നു. യക്ഷിപ്പനയുടെ താഴത്തടുത്തനാള് എല്ലും മുടിയും കിടന്നിരുന്നു…”
വയലാറിന്റെ കയ്യൊപ്പു പതിഞ്ഞ ”വസുമതീ…” എന്ന ഗാനവും ഈ ചിത്രത്തിലേതാണ്. വസുമതി എന്നാല് ഭൂമി എന്നര്ത്ഥം. ഗന്ധര്വന് പാടുകയാണ് ”…ഈ ഗാനം നിലയ്ക്കുമോ… ഇതിന്റെ സൗരഭം നിലയ്ക്കുമോ…”
മനുഷ്യന്റെ ഉപഭോഗവസ്തുവാണ് പ്രകൃതിയെന്ന് പാശ്ചാത്യര് വിശ്വസിച്ചിരുന്ന കാലത്ത് പ്രകൃതിയെ ഉപാസിച്ചിരുന്നവരാണ് ഭാരതീയര്. ആയിരത്തിതൊള്ളായിരത്തി എഴുപതുകളോടെയാണ് പാരിസ്ഥിതികബോധം പാശ്ചാത്യരില് ജനിക്കുന്നത്. ഭാരതീയദര്ശനങ്ങളില്നിന്ന് പ്രചോദിതമായ ഹരിതബോധമാണ് വയലാറിന്റെ കവിതകളെ ജൈവസമൃദ്ധമാക്കുന്നത്. ഗ്രാമങ്ങളെ സ്നേഹിക്കുകയും നഗരങ്ങളോട് നീരസം പുലര്ത്തുകയും ചെയ്യുന്ന ഒരു പാരിസ്ഥിതിക സൗന്ദര്യശാസ്ത്രം ആ കവിതകളിലുണ്ട്- ‘ഗ്രാമത്തിലെ സന്ധ്യ’ എന്ന കവിതയില് നദിയും പാടങ്ങളും ആറ്റുവഞ്ചിയും കുരുവികളും നിറഞ്ഞ തന്റെ ഗ്രാമത്തെ പകര്ത്തിയിട്ടുണ്ട്. ”…ഹിപ്പികളുടെ നഗരം ലഹരിക്കുപ്പികളുടെ നഗരം ചുണ്ടില് കഞ്ചാവു ബീഡികളെരിയും ചിന്തകന്മാരുടെ നഗരം” (ചിത്രം: പോസ്റ്റുമാനെ കാണാനില്ല) എന്ന ഗാനത്തില് നഗരത്തോടുള്ള പരിഹാസവുമുണ്ട്.
”കുഹു കുഹു കുയിലുകള് പാടും കുഗ്രാമം കുളിച്ചു തൊഴുവാനമ്പലമുള്ളൊരു കുഗ്രാമം” (ചിത്രം: ഗന്ധര്വ ക്ഷേത്രം) ഇന്ന് ഓര്മയായിക്കഴിഞ്ഞിരിക്കുന്നു. ചിങ്ങത്തില് തിരുവോണവും കന്നിയില് നിറപുത്തരിയും തുലാത്തില് കാവടിയുത്സവവും വൃശ്ചികത്തില് താലപ്പൊലിയും ധനുവില് തിരുവാതിരയും മകരത്തില് മഞ്ഞിന്റെ കുളിരും കുംഭത്തില് ശിവരാത്രിയും മീനത്തില് കാവില് ഭരണിയും മേടത്തില് വിഷവും ഇടവം മിഥുനം കര്ക്കിടകത്തില് ഞാറ്റുവേലക്കുളിരും കൊണ്ട് ആഘോഷഭരിതമായിരുന്നു പൊയ്പ്പോയ കേരളീയ ഗ്രാമസംസ്കൃതി.
ഗ്രാമശ്രീയെ തകര്ത്തുകൊണ്ട് അതിവേഗപ്പാതകളും കെട്ടിടസമുച്ചയങ്ങളുടെ രാവണന് കോട്ടകളും കേരളത്തെ ശ്വാസംമുട്ടിക്കുമ്പോള്, നാട്ടിന്പുറത്തിന്റെ ശാലീനതയും നൈര്മല്യവും നിറഞ്ഞ വയലാറിന്റെ സര്ഗപ്രപഞ്ചം പൊള്ളയായ വികസന പ്രഹസനങ്ങള്ക്കെതിരെയുള്ള ഹരിത പ്രതിരോധമാണ്.
(അടുത്തത്: ഗേയം ഹരിനാമധേയം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: