മനുഷ്യ പ്രകൃതിയുടെ സമൂര്‍ത്തഭാവങ്ങളെ പ്രപഞ്ചവൈവിധ്യങ്ങളോടൊപ്പം തന്നിലേക്കാവാഹിച്ച്, ക്യാന്‍വാസില്‍ പകര്‍ത്തുന്ന ചെങ്ങന്നൂര്‍ പേരിശ്ശേരി, അമൃതൂരേത്ത് എ.വി. ജോസഫിന്റെ ചിത്രങ്ങള്‍ക്ക് ദൈവച്ഛായയുടെ വര്‍ണ്ണദീപ്തി. ത്രികാലങ്ങളുടെ സമന്വയം സന്നിവേശിപ്പിച്ച് ജോസഫ് വരയ്‌ക്കുന്ന ഓരോ ചിത്രത്തിലും പ്രകൃതിയുടെ ചലനാത്മകതയും മനുഷ്യ ശരീരത്തിന്റെ സൂക്ഷ്മതയും സ്പഷ്ടമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെ വേറിട്ടതാക്കുന്ന സവിശേഷതയും മറ്റൊന്നല്ല.
ഓരോ ചിത്രകാരനും പ്രപഞ്ചത്തിന്റെയും മനുഷ്യ പ്രകൃതിയുടെയുമൊക്കെ ദൃശ്യങ്ങള്‍ അനാവരണം ചെയ്യുമ്പോള്‍തന്നെ ഏതെങ്കിലുമൊരു ഭാവത്തിന് പ്രാധാന്യം കൊടുക്കുക പതിവാണ്. ജോസഫും അതുതന്നെ ചെയ്യുന്നു. പ്രാവും പരുന്തും ഹിംസ്രജന്തുക്കളുമൊക്കെ മനസ്സിനെ സ്വാധീനിച്ചിട്ടുള്ള ഈ ചിത്രകാരന്റെ കൈകളില്‍ പുഴകളും മലകളും പാടവരമ്പും വെള്ളച്ചാട്ടവും ആനുകാലിക-സാമൂഹിക വിഷയങ്ങളും പ്രകൃതി ദുരന്തങ്ങളുമെല്ലാം ഇണങ്ങി നില്‍ക്കുന്നു. എങ്കിലും പ്രകൃതിയും ദൈവവുമാണ് ഇഷ്ട വിഷയങ്ങള്‍.
യേശു ക്രിസ്തു, ക്രിസ്തുവിന്റെ ഉയിര്‍പ്പ്, അന്ത്യത്താഴം തുടങ്ങി യേശുദേവന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനേകം ചിത്രങ്ങളോടൊപ്പം മഹാരഥന്മാരായ ചരിത്ര പുരുഷന്മാരും മ്യൂറല്‍ പെയിന്റുകളും വര്‍ണവിസ്മയം തീര്‍ക്കുന്നു. നാലര പതിറ്റാണ്ടിനിടെ ജോസഫ് വരച്ച ചിത്രങ്ങള്‍ പതിനയ്യായിരത്തിലേറെവരുമെന്നാണ് കണക്ക്. അതിലേറെയും കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള ദേവാലയങ്ങളുടെ ചുവരുകളെ അലങ്കരിക്കുന്നു. രാജ്യത്തിനകത്തും പുറത്തും നടന്ന നൂറുകണക്കിനു വരുന്ന പ്രദര്‍ശനങ്ങള്‍ക്കു വേണ്ടിയും ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങള്‍ വരച്ചു. ഇതിനു പുറമെ സുഗതകുമാരി ഉള്‍പ്പെടെയുള്ള പ്രശസ്ത കവികളുടെ ജനപ്രിയങ്ങളായ കവിതകളെ അടിസ്ഥാനമാക്കിയും ചിത്രരചന നിര്‍വഹിച്ചിട്ടുണ്ട്. സിനിമാ രംഗത്തുള്‍പ്പെടെയുള്ള പരസ്യകലാരംഗത്തും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
ഓയില്‍ പെയിന്റിങ്ങാണ് ജോസഫിന്റെ ഇഷ്ടമാധ്യമം. ജലച്ചായം, അക്രിലിക്ക് എന്നിവയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രകൃതിയില്‍ നിന്നുള്ള ചായങ്ങളുപയോഗിച്ചു ചുവര്‍ച്ചിത്രങ്ങളും വരയ്‌ക്കുന്നു. ഇന്ത്യന്‍ രീതിയിലുള്ള ചിത്രവരകള്‍ക്കു പുറമെ പാശ്ചാത്യ രീതിയിലും ചിത്രങ്ങളും വരയ്‌ക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഐക്കണോഗ്രാഫി. ദൈവിക ചിത്രങ്ങളാണ് ഈ രീതിയിലുള്ള കൂടുതലും വരയ്‌ക്കുന്നത്. പ്രാര്‍ഥനയ്‌ക്കിടയില്‍ മനസ്സില്‍ തെളിയുന്ന രൂപങ്ങളെ ചിത്രങ്ങളായി സന്നിവേശിപ്പിക്കുന്ന രീതിയാണിത്.
യാത്രകള്‍ ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ടല്ലോ?
കേവലം ഒരു വിനോദത്തിനപ്പുറം ചിത്രരചനയ്‌ക്കു വേണ്ടി യാത്രകള്‍ നടത്തുന്നത് എനിക്കെന്നും ഇഷ്ടമാണ്. ഇസ്രയേല്‍ അടക്കം 12 രാജ്യങ്ങളിലായി ഇതിനകം 400 യാത്രകള്‍ നടത്തി. അതില്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലൂടെയുള്ള യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു. പാരമ്പര്യാധിഷ്ഠിതമായ ഭാരതീയ ചിത്രകലാ സങ്കേതത്തിനു പുറമെ പൗരസ്ത്യവും പാശ്ചാത്യവുമായ ചിത്രകലാ സങ്കേതങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ചിത്രകലാ രംഗത്ത് പരക്കെ അറിയപ്പെടുന്ന റിയലിസം, സറിയലിസം, ഫോട്ടോഗ്രാഫിക് റിയലിസം, ഫാബിസം തുടങ്ങിയ സങ്കേതങ്ങള്‍ പരിചിതമാണ്.
സ്വന്തം ചിത്രങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്. ആരൊക്കെയാണ് സ്വാധീനിച്ചിട്ടുള്ളത്?
ലോക പ്രശസ്തരടക്കമുള്ള അനേകം ചിത്രകാരന്മാരുടെ സ്വാധീനം എന്നിലുണ്ട്. ഞാനൊരു സ്‌കൂളിന്റെയോ ഒരു രീതിയുടേയോ വക്താവാകാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ‘ഇസവും’ എന്റേതല്ല. ഇസങ്ങള്‍ ചിത്രകാരന്റെ സൃഷ്ടിയല്ല. അവ ചിത്രകാരനെ സൃഷ്ടിക്കുന്നില്ല. അതൊക്കെ ‘ക്രിട്ടിക്സി’ന്റെ സൃഷ്ടിയാണ്. എല്ലാ സ്‌കൂളുകളും സംഭാവന ചെയ്യുന്ന ചിത്രങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നു. പ്രകൃതിയാവണം ചിത്രകാരന്റെ മോഡല്‍ എന്നു വിശ്വസിക്കുന്നു. ഒപ്പം ഒരു ഭാരതീയനായതുകൊണ്ട് രചനയില്‍ ഭാരതീയത ഉണ്ടാകണമെന്നും എനിക്ക് നിര്‍ബന്ധമുണ്ട്.
ഈ സമീപനം കലയെ സങ്കുചിതമാക്കില്ലേ എന്നൊരു വിമര്‍ശനം ഉയര്‍ന്നാല്‍ എന്തു മറുപടി പറയും?
കലയ്‌ക്ക് സാര്‍വദേശീയത്വം ഉണ്ടെന്നു സമ്മതിക്കുമ്പോള്‍തന്നെ, നമ്മള്‍ നില്‍ക്കേണ്ടത് നമ്മുടെ പൈതൃകത്തിലാവണം. നമ്മുടെ പാരമ്പര്യങ്ങള്‍ നഷ്ടമാകരുത്. ഭാരതീയ പാരമ്പര്യാധിഷ്ഠിതമായ ചിത്രകലയുടെ അടിസ്ഥാനം പ്രതീകങ്ങളാണ്. ചിത്രകാരന്‍ താന്‍ കണ്ടെത്തുന്ന ഇമേജുകളെ ആവിഷ്‌കരിക്കുകയാണു ചെയ്യുന്നത്. ചിലപ്പോള്‍ ചിത്രകാരന്‍ കണ്ടെത്താത്ത ഇമേജുകള്‍ കാഴ്ചക്കാരന് കാണാന്‍ കഴിയുന്നു. ഇവിടെയാണ് കാഴ്ചക്കാരന്റെ ആസ്വാദന നിലവാരം പ്രസക്തമാകുന്നത്. ചിത്രകലയുടെ സ്വഭാവംതന്നെ ‘അബ്സ്ട്രാക്റ്റ്’ ആണ്.
അമൂര്‍ത്തകല ആസ്വദിക്കുന്നതിന് പരിമിതിയുണ്ടെന്ന് പറയാറുണ്ടല്ലോ?
പരിചയമുണ്ടെങ്കിലേ ആസ്വദിക്കാനാകൂ. സാധാരണ മനസ്സിലുള്ള ഇമേജ് ഉണ്ടോ എന്നവര്‍ തിരയും. ചില ഇലസ്‌ട്രേഷനുകള്‍ ഇന്ന് ആസ്വദിക്കപ്പെടുന്നത് പരിചയം കൊണ്ടാണ്. മോഡേണ്‍ ആര്‍ട്ടിനെ മനസ്സിലാകുന്നില്ല എന്നാക്ഷേപിക്കുന്നതില്‍ അര്‍ഥമില്ല. പരിചയം വേണം. പരിചയമാണ് ആസ്വാദനത്തിന്റെ അടിസ്ഥാനം. അമേരിക്കയില്‍ ഏഴു പള്ളികളിലെ ചുവരുകളില്‍ ഞാന്‍ വരച്ച ചിത്രങ്ങളുണ്ട്. ഗള്‍ഫ് നാടുകളിലെ പള്ളികളിലും ദല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ നിരവധി ദേവാലയങ്ങളിലും എന്റെ ചിത്രങ്ങള്‍ കാണാം. ഗ്രീസ്, അര്‍മീനിയ എന്നിവിടങ്ങളില്‍ നിന്നാണ് ഐക്കണോഗ്രാഫിയുടെ ഉത്ഭവം. അക്രിലിക്കാണ് അതിനായി ഉപയോഗിക്കുന്ന മാധ്യമം. ഫോട്ടോറിയലിസത്തിലും കൈവച്ചിട്ടുണ്ട്. ക്യാമറയില്‍ പതിഞ്ഞ ചിത്രമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പൂര്‍ത്തീകരണമാണ് ഫോട്ടോറിയലിസത്തില്‍ വരുന്നത്.
എന്താണ് ഫോട്ടോറിയലിസം, അതിന്റെ രചനാ രീതി?
സീറോ പോയിന്റ് ബ്രഷുപയോഗിച്ച് അതിസൂക്ഷ്മമമായിട്ടാണ് ഈ രീതിയില്‍ ചിത്രങ്ങള്‍ വരയ്‌ക്കുന്നത്. കേരളത്തിനകത്തും പുറത്തും നിരവധി സ്ഥലങ്ങളില്‍ ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. സ്വര്‍ണമെഡലുകളടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നടന്ന അഞ്ഞൂറിലേറെ വേദികളില്‍ നിന്ന് പ്രശസ്ത വ്യക്തികളുടെ ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്.
ചിത്രലോകത്തെ ചക്രവര്‍ത്തിയായ രാജാ രവിര്‍മ്മയെ മാനസ ഗുരുവായി സ്വീകരിച്ച എ.വി. ജോസഫ് മാവേലിക്കര രാജാ രവിവര്‍മ്മ ഫൈനാര്‍ട്‌സ് കോളജില്‍ നിന്ന് ചിത്രകലയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അതിനു മുന്‍പേ ചിത്രങ്ങള്‍ വരച്ചുതുടങ്ങിയിരുന്നു. ജേഷ്ഠ സഹോദരനായ ചാക്കോയില്‍ നിന്നാണ് ചിത്രകലയില്‍ ആകൃഷ്ടനാകുന്നത്. ചെങ്ങന്നൂരിലെ അനുഗ്രഹീത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് ബേബി രണ്ടാം ഗുരുവാണ്. അറുപതിന്റെ നിറവിലും ചിത്രരചനയെ ഉപാസിക്കുന്ന എ.വി.ജോസഫിന് പിന്തുണയായി ഭാര്യ ഗ്രേയ്‌സ് ജോസഫ്, മകള്‍ സംഗീത ജോസഫ് എന്നിവര്‍ ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: