ന്യൂദല്‍ഹി : ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ പരിപാടിയുടെ വിജയം ‘വികസിത ഇന്ത്യ- സമൃദ്ധമായ ഇന്ത്യ’യിലേക്കുള്ള വാതിലുകള്‍ തുറക്കുകയാണെന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പറഞ്ഞു. രാജ്യത്തെ 140 കോടി ജനങ്ങളാണ് ഭാരതത്തിലെ പല പരിവര്‍ത്തനങ്ങളും നയിക്കുന്നത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ ഉത്സവ സീസണില്‍ ആളുകള്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതിലൂടെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
2022-ല്‍ പേറ്റന്റിനായുളള ഭാരതീയരുടെ അപേക്ഷകളില്‍ 31 ശതമാനത്തിലധികം വര്‍ധനയുണ്ടായതില്‍ അഭിമാനമുണ്ടെന്ന് മോദി പറഞ്ഞു. ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പേറ്റന്റ് ഫയല്‍ ചെയ്യുന്നതില്‍ മുന്‍പന്തിയിലുളള ആദ്യ 10 രാജ്യങ്ങളില്‍ പോലും ഇങ്ങനെ മുമ്പ് കണ്ടിട്ടില്ല.
പേറ്റന്റുകള്‍ രാജ്യത്തിന്റെ ബൗദ്ധിക സ്വത്ത് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, പുതിയ അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇത് ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പുകളുടെ ശക്തിയും സാധ്യതയും വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജലസംരക്ഷണം സംബന്ധിച്ച് സംസാരിക്കെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ജലസുരക്ഷയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ ജില്ലകളിലും അമൃത് സരോവറുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ‘അമൃത് മഹോത്സവ’ത്തില്‍ ഇന്ത്യ വികസിപ്പിച്ച 65,000-ത്തിലധികം ‘അമൃത് സരോവര്‍’ വരും തലമുറകള്‍ക്ക് പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
നാളെ ദേവ് ദീപാവലിക്കും ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പര്‍വ്വിനും മുന്നോടിയായി പ്രധാനമന്ത്രി രാജ്യത്തിന് ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക