തിരുവനന്തപുരം: നീല്‍ ആംസ്ട്രോങ്ങ് ബഹരികാശപേടകത്തില്‍ ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ അവിടെ ചായക്കട നടത്തുന്ന ഒരു മലയാളിയെകണ്ടതായി കഥയുണ്ട്. മലയാളി എത്തിച്ചേരാത്ത ഇടങ്ങളില്ലെന്നതിന് അതിശയോക്തി കലര്‍ന്ന ഒരു ഉദാഹരണമായിരുന്നു ഇത്. ഇപ്പോഴിതാ ലോകത്താകെയുള്ളത് 195 രാജ്യങ്ങളാണെന്നും ഇതില്‍ 182 രാജ്യങ്ങളിലും മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് നോര്‍ക്കയുടെ കണക്കുകള്‍.
2018 മുതല്‍ 2022 വരെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത മലയാളികളുടെ കണക്ക് പ്രകാരമാണ് ഈ കണ്ടെത്തല്‍. ലോകത്ത് ആകെയുള്ള രാജ്യങ്ങളില്‍ ഐക്യരാഷ്‌ട്രസഭയില്‍ അംഗങ്ങളായുള്ളത് 193 രാജ്യങ്ങളാണ്. രണ്ട് രാജ്യങ്ങള്‍- പലസ്തീനും ഹോളി സീയും- ഐക്യരാഷ്‌ട്രസഭയില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളാണ്.
ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്നത് യുഎഇയിലാണ്- 1,80, 465 പേര്‍. സൗദിയില്‍ 98, 783 പേര്‍ ജോലി ചെയ്യുന്നു. ഖത്തറില്‍ 53,463 പേര്‍. റഷ്യയില്‍ 213 പേരും ഉക്രൈനില്‍ 1227 പേരും ജോലി ചെയ്യുന്നു. ഇസ്രയേലില്‍ 1036 മലയാളികള്‍ ഉണ്ട്. പലസ്തീനില്‍ നാല് മലയാളികള്‍ ജോലി ചെയ്യുന്നു. 659 പേര്‍ കാനഡയിലും 1031 പേര്‍ യുകെയിലും ജോലി ചെയ്യുന്നു. യുഎസില്‍ 954 മലയാളികളാണ് ജോലി ചെയ്യുന്നത്.
ചൈനയില്‍ 573 പേര്‍ ജോലി ചെയ്യുന്നുണ്ട്. കുടിയേറ്റം എന്നത് മലയാളിയുടെ രക്തത്തില്‍ കലര്‍ന്നു കഴിഞ്ഞെന്ന് ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍റ് ഡവലപ് മെന്‍റ് അധ്യക്ഷനായ ഇരുദയ രാജന്‍ പറയുന്നു. ഇപ്പോള്‍ മൂന്നോ നാലോ രാജ്യങ്ങളില്‍ പോയി അവിടുത്തെ ജീവിതസാഹചര്യങ്ങള്‍ പഠിച്ച ശേഷമാണ് ഏത് രാജ്യത്താണ് സ്ഥിരതാമസമാക്കേണ്ടതെന്ന് മലയാളി തീരുമാനിക്കുന്നതെന്നും ഇരുദയരാജന്‍ പറഞ്ഞു.
കൂടുതല്‍ പണമുണ്ടാക്കാന്‍ കഴിയുന്ന ഏത് രാജ്യത്തേക്കും കുടിയേറാന്‍ മലയാളികള്‍ തയ്യാറാണെന്ന് ഇരുദയരാജന്‍ പറഞ്ഞു. നാലോ അഞ്ചോ വര്‍ഷം ജോലി ചെയ്ത ശേഷമാണ് മക്കളുടെ വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ കണക്കിലെടുത്ത് എവിടെയാണ് സ്ഥിരതാമസമാക്കേണ്ടതെന്ന് മലയാളി തീരുമാനിക്കുന്നതെന്നും ഇരുദയരാജന്‍ പറഞ്ഞു.
കുടിയേറിപ്പോകുന്നവരില്‍ 10 ശതമാനം പേര്‍ മാത്രമാണ് വയസ്സുകാലത്ത് കേരളത്തില്‍ മടങ്ങിയെത്തുന്നത്. പല മാതാപിതാക്കളും കുട്ടികള്‍ ജോലി ചെയ്യുന്ന ഇടങ്ങളിലേക്ക് കുടിയേറാന്‍ തയ്യാറാണെന്നതാണ് പുതിയ പ്രവണത. -ഇരുദയരാജന്‍ പറയുന്നു.
നോര്‍ക്കയുടെ കണക്കില്‍പ്പെടാതെ അനധികൃതമായി ഈ രാജ്യമങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണം ഇതിലും എത്രയോ അധികമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: