തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടെന്ന് തെരെഞ്ഞെടുപ്പ് കമ്മിഷന് പോലീസ് റിപ്പോര്‍ട്ട് നല്കി. നിരവധി സ്ഥലങ്ങളില്‍ പലരൂപത്തിലാണ് ക്രമക്കേട് നടന്നത്. വിശദമായ അന്വേഷണം നടത്തിയാലേ തട്ടിപ്പ് പൂര്‍ണമായും കണ്ടെത്താന്‍ സാധിക്കൂവെന്നും കമ്മിഷനെ അറിയിച്ചു. അന്വേഷണം അട്ടിമറിച്ചു എന്ന ആരോപണം നിലനില്‍ക്കെ നാലു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്കിയ സിജെഎം കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് പോലീസ് തീരുമാനിച്ചു. ഇന്ന് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകന്‍ എം.ജെ രഞ്ചു ഒളിവിലാണ്. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായ രഞ്ചുവിനെ ഇന്നലെ മ്യൂസിയം സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും എത്തിയില്ല. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും വിളിപ്പിക്കുന്ന കാര്യവും പോലീസ് ആലോചിക്കുന്നുണ്ട്. രാഹുലിന്റെ മൊഴിയും മറ്റ് പ്രതികളുടെ മൊഴികളും വിശദമായി പരിശോധിക്കും. അതിനുശേഷം വിളിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് പോലീസ് നിലപാട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്തു
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മ്യൂസിയം പോലീസ് ചോദ്യം ചെയതു. കേസുമായി ബന്ധപ്പെട്ട പരാതിക്കാരുടെ ആരോപണം തള്ളിയാണ് രാഹുല്‍ മൊഴി നല്‍കിയിരിക്കുന്നത്. വ്യാജ കാര്‍ഡ് ആരെങ്കിലും നിര്‍മിച്ചോയെന്ന് അറിയില്ലെന്ന് മൊഴി നല്കി. പ്രതികളുമായി അടുപ്പമുണ്ട്. എന്നാല്‍ പ്രതികള്‍ വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ചതായി അറിയില്ലെന്നും രാഹുല്‍ പോലീസിന് മൊഴി നല്കി.
എന്നാല്‍, ചോദ്യം ചെയ്യലല്ല മൊഴിയെടുപ്പാണ് നടന്നതെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇന്നത്തെ ദിവസം മൊഴിയെടുക്കലിന് എത്താന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. എന്നിട്ടും യാതൊരുവിധ ഒഴികഴിവും പറഞ്ഞിട്ടില്ല. യാതൊരുവിധ നിയമപ്രതിരോധവും നടത്തിയില്ല. മൊഴിയെടുക്കാന്‍ വിളിക്കുമ്പോള്‍ ആംബുലന്‍സില്‍ പോയവരുണ്ടെന്നും താന്‍ അങ്ങനെയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: