ഗോപന് ചുള്ളാളം
തിരുവനന്തപുരം: ഇസ്രോയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ അറുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ 10.25ന് ആര്‍എച്ച് 200 സൗണ്ടിങ് റോക്കറ്റ് തുമ്പയിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്നപ്പോള്‍ ചരിത്രം 60 വര്‍ഷം പിന്നിലേക്ക്. 1963 നവം. 21 നാണ് ഭാരതത്തിന്റെ ആദ്യ റോക്കറ്റ് ഇവിടെ നിന്ന് കുതിച്ചുയര്‍ന്നത്. വൈകിട്ട് 6.25ന് തുമ്പയില്‍ നിന്ന് വിക്ഷേപിച്ചത് അമേരിക്കന്‍ നിര്‍മിത ‘നൈക്ക് അപ്പാച്ചേ’ റോക്കറ്റായിരുന്നു.
ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പേലോഡുകള്‍ സൈക്കിളിനു പിന്നില്‍ വച്ചുകെട്ടിയും അമേരിക്കയില്‍ നിന്നുള്ള റോക്കറ്റുകള്‍ ജീപ്പിലുമായി അന്ന് തുമ്പയിലെത്തിച്ചു. അമേരിക്കയിലെയും യുഎസ്എസ്ആറിലെയും ഫ്രാന്‍സിലെയും ശാസ്ത്രജ്ഞരുടെ സഹായത്തോടെയായിരുന്നു വിക്ഷേപണം. 7 മീറ്റര്‍ ഉയരവും 715 കിലോഗ്രാം ഭാരവുമായിരുന്നു റോക്കറ്റിന്. അന്തരീക്ഷ പഠനത്തിനായിരുന്നുസൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ചത്.
റോക്കറ്റ് വിക്ഷേപണത്തിന് അനുയോജ്യമായ സ്ഥലം തേടിയിറങ്ങിയ ഹോമി ജെ ഭാഭയും വിക്രം സാരാഭായിയും എത്തിച്ചേര്‍ന്നത് കാന്തിക ഭൂമധ്യരേഖയോട് ചേര്‍ന്നുകിടക്കുന്ന കടലോരത്തായിരുന്നു. ഈ സ്ഥലം കത്തോലിക്ക പള്ളിയും മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലവുമായിരുന്നു. വിവരങ്ങള്‍ ബിഷപ്പിനെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചു. ജനങ്ങള്‍ സ്വമനസാലെ തങ്ങളുടെ ആരാധനാലയം റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാന്‍ വിട്ടുനല്‍കി. തുമ്പ ഗ്രാമം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് ബഹിരാകാശ കേന്ദ്രം പണിതു. പിന്നീട് ഇത് വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ആയി മാറി.
1980 ജൂലൈ 18ന് എസ്എല്‍വി – ത്രീ ഉപയോഗിച്ച് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് രാജ്യം ചരിത്രം രചിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യരാജ്യമായി ഭാരതം വളര്‍ന്നത്. 2024 ഓടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനാവുമെന്ന പ്രതീക്ഷയില്‍ ഗഗന്യാന് പദ്ധതിയും പുരോഗമിക്കുന്നു.
ബഹിരാകാശ രംഗത്ത് കേന്ദ്രത്തിന്റെ പരിഷ്കാരം വലിയ നേട്ടങ്ങള്‍ക്ക് കാരണമായെന്ന് കേന്ദ്ര ബഹിരാകാശ ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്രസിങ്് പറഞ്ഞു. തിരുവനന്തപുരത്ത് ഇസ്രോയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ 60 ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രോ ആഗോളതലത്തില്‍ നല്‍കിയിട്ടുള്ള സംഭാവനകളെ തന്റെ ഔദ്യോഗിക വിദേശ യാത്രകള്‍ക്കിടയില്‍ വിദേശീയരായ ശാസ്ത്രജ്ഞരും നേതാക്കളും പ്രകീര്ത്തിക്കാറുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് പറഞ്ഞു.
ഇസ്രോ ചെയര്മാന് എസ്. സോമനാഥ് അധ്യക്ഷനായി. ഗഗന്‍യാന്റെ ഭാഗമായ റോക്കറ്റിന്റെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും വരുന്ന ജനുവരിയില്‍ ഇതിന്റെ വിക്ഷേപണം പ്രതീക്ഷിക്കാമെന്നും എസ്. സോമനാഥ് പറഞ്ഞു. വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍, ഐഐഎസ്ടി ചാന്‍സലര്‍ ഡോ. ബി.എല്‍. സുരേഷ്, മുന്‍ എസ്പിഎല്‍ ഡയറക്ടര്‍ പ്രൊഫ.ആര്. ശശിധരന് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ അറുപതു വര്‍ഷത്തെ വിഎസ്എസ്സിയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: