1949 നവംബര്‍ 26ന് ഭരണഘടനാ നിര്‍മ്മാണസഭ, ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടനയുടെ കരട് അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന്റെ ഓര്‍മ്മയ്‌ക്കായാണ് എല്ലാവര്‍ഷവും ഇന്ത്യയില്‍ നവംബര്‍ 26ന്, 2015 മുതല്‍ ഔദ്യോഗികമായി നിയമദിനമായി (സംവിധാന്‍ ദിവസ്) ആചരിക്കുന്നത്.
1946ലെ കാബിനറ്റ് മിഷന്‍ പ്ലാനിന് കീഴില്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയും അതുപ്രകാരം 1946 ഡിസംബര്‍ 6ന് ഭരണഘടനാ നിര്‍മ്മാണസഭ രൂപംകൊള്ളുകയും ചെയ്തു. തുടര്‍ന്ന് 1946 ഡിസംബര്‍ 9ന് ഭരണഘടനാ നിര്‍മ്മാണസഭ ആദ്യയോഗം ചേരുകയും 1946 ഡിസംബര്‍ 11ന് ഡോ.രാജേന്ദ്രപ്രസാദിനെ ഭരണഘടനാ നിര്‍മ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായി തെരഞ്ഞെടുത്തു. എന്നാല്‍ 1947 ല്‍ ‘ഇന്ത്യന്‍ ഇന്റിപെന്റന്‍സ് ആക്ട്’ നിലവില്‍ വന്നതോടെ, കാബിനറ്റ് മിഷന്‍പ്ലാന്‍ റദ്ദായി. ഇന്ത്യയെന്നും പാക്കിസ്ഥാനെന്നുമുള്ള രണ്ടു രാജ്യങ്ങളായി ഭാരതം വിഭജിക്കപ്പെട്ടു. അതോടെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ട, പാക്കിസ്ഥാന്റെ ഭൂപ്രദേശങ്ങളിലുള്ള അംഗങ്ങള്‍ ഭാരതത്തിന്റെ ഭരണഘടനാ സമിതിയിലെ അംഗങ്ങളല്ലാതായി. അപ്രകാരം സഭ പുനഃസംഘടിക്കപ്പെട്ടപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന അംഗ സംഖ്യ 399 ല്‍ നിന്ന് 299 ആയി കുറഞ്ഞു. ഭാരതത്തിന്റെ ഭരണഘടനാ നിര്‍മ്മാണ സഭയുടെ പുനഃസംഘടനക്കുശേഷമുള്ള ആദ്യ യോഗം 1947 ഡിസംബര്‍ 31 നാണ് ചേര്‍ന്നത്. ക്യാബിനറ്റ് മിഷന്‍ പ്ലാന്‍ അപ്രസക്തമായതോടെ, അതിന്റെ ചട്ടക്കൂടില്‍ നിന്ന് വേണം ഭരണഘടനക്ക് രൂപം കൊടുക്കേണ്ടത് എന്ന വ്യവസ്ഥ അപ്രസക്തമാവുകയും ഭാരതത്തിന്റെ ഭരണഘടനാ നിര്‍മ്മാണസഭ ഒരു പരമാധികാരസമിതി ആവുകയും ചെയ്തു. 1947 ഓഗസ്റ്റ് 20ന് ഭരണഘടന എഴുതി തയ്യാറാക്കുന്നതിനുള്ള 7 അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു കരട് ഭരണഘടനാ നിര്‍മ്മാണ സമിതി രൂപീകരിക്കുകയും, 1947 ഓഗസ്റ്റ് 29ന് ഡോ. ബി.ആര്‍ അംബേദ്കറിനെ ഭരണഘടനാ കരട് നിര്‍മ്മാണ സമിതിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഭരണഘടനാ ഉപദേശകനായി ബി.എല്‍ റാവുവിനെയാണ് നിയോഗിച്ചിരുന്നത്.
സ്വതന്ത്ര ഇന്ത്യയ്‌ക്ക് ഒരു ഭരണഘടന എന്ന ദൗത്യത്തോടെ സ്ഥാപിതമായ ഭരണഘടനാ നിര്‍മ്മാണ സഭ രണ്ടുവര്‍ഷവും 11 മാസവും 18 ദിവസവും എടുത്താണ് ഈ ദൗത്യം പൂര്‍ത്തീകരിച്ചത്. 165 ദിവസം നീണ്ടുനിന്ന സഭയിലെ ചര്‍ച്ചകളില്‍ 114 ദിവസവും കരട് ഭരണഘടനയെ കുറിച്ചുള്ളതായിരുന്നു എന്നതും കരട് ഭരണഘടനയില്‍ 7635 ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടു എന്നതും അതില്‍ 2437 ഭേദഗതികള്‍ തീരുമാനിക്കപ്പെട്ടു എന്നതും ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ ചരിത്രത്തിലെ സുപ്രധാന ഏടുകളാണ്. ഇപ്രകാരം 1948 ഫെബ്രുവരി 28ന് ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യപകര്‍പ്പ് പ്രസിദ്ധീകരിക്കപ്പെട്ടു. തുടര്‍ന്ന് 1949 നവംബര്‍ 26ന് ഭരണഘടനാ നിര്‍മ്മാണ സഭ, ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടനയുടെ കരട് അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയുടെ ഭരണഘടനയില്‍ സഭയുടെ അംഗങ്ങള്‍ ഒപ്പുവയ്‌ക്കുന്നത് 1950 ജനുവരി മാസം 24നും, തുടര്‍ന്ന് ഭരണഘടന പ്രഖ്യാപനവും ഭരണഘടന പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്തത് 1950 ജനുവരി 26നും ആയിരുന്നു. അതിന്റെ ഓര്‍മ്മയ്‌ക്കായി എല്ലാവര്‍ഷവും ജനുവരി 26 തീയതി ഇന്ത്യ റിപ്പബ്ലിക് ദിനം ആചരിക്കുന്നു.
സാമൂഹിക പിന്നോക്കാവസ്ഥയില്‍ നിന്നും ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി എന്ന അത്യുന്നത പദവിയിലേക്ക് ഉയര്‍ന്നുവന്ന, ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനായ ബി.ആര്‍. അംബേദ്കറിന്റെ തുല്യതാപ്രതിമ സ്മാരകത്തിന് 2015 ഒക്ടോബര്‍ 11ന് തറക്കല്ലിടുന്ന അവസരത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, നവംബര്‍ 26 നിയമദിനമായി അഥവാ ഭരണഘടനാ ദിനമായി പ്രഖ്യാപിച്ചത് ഇതിനായുള്ള ഔദ്യോഗിക ഗസറ്റ് പ്രഖ്യാപനവും പിന്നീട് നടത്തുകയുണ്ടായി. ഭാരതം റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടശേഷം നീണ്ട 65 വര്‍ഷങ്ങള്‍ വേണ്ടിവന്നു ഈ പ്രഖ്യാപനത്തിന് എന്നതാണ് ദുഃഖകരമായ വസ്തുത. താന്‍ പ്രധാനമന്ത്രിയായിരിക്കെ 1955ല്‍ തന്നെ ജവഹര്‍ലാല്‍ നെഹ്രുവിന് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന ലഭിച്ചെങ്കിലും, 1956ല്‍ ദിവംഗതനായ ഭരണഘടനാ ശില്പിയായ ഭീം റാവു അംബേദ്കറിന് ഭാരതരത്‌ന ലഭിക്കാന്‍ 1990വരെ കാത്തിരിക്കേണ്ടി വന്നു എന്നത് സ്വതന്ത്ര്യാനന്തര ഇന്ത്യാചരിത്രത്തിലെ മറ്റൊരു വിരോധാഭാസമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന നിയമവാഴ്ച എന്ന ഉദാത്ത തത്വം പ്രായോഗിക തലത്തില്‍ കൊണ്ടുവരാനുള്ള ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെയാണ് ഓരോ നിയമ ദിനവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. നിയമവാഴ്ചയില്‍ ഊന്നിയുള്ള ഭരണനിര്‍വഹണമാണ് ഇന്നേവരെ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉന്നതമായ ഭരണ നിര്‍വഹണ സംവിധാനം എന്ന നിസ്സംശയം പറയാം.
ഭാരതീയ മൂല്യവ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു ഭരണ സംവിധാനം സ്ഥാപിക്കുന്നതിന് ആധുനിക പാശ്ചാത്യ നിയമ തത്വങ്ങളെ ഫലപ്രദമായും ശ്രദ്ധാപൂര്‍വ്വമായും ഭാരതീയ പൈതൃകങ്ങളോടും ധര്‍മ്മ വ്യവസ്ഥയുമായും ബന്ധിപ്പിക്കുന്നതിനുള്ള ഉറച്ച കാല്‍വെയ്പ് ഭരണഘടനാനിര്‍മ്മാതാക്കള്‍ നടത്തിയതായി ഭാരതത്തിന്റെ ഭരണഘടന പരിശോധിച്ചാല്‍ കാണാവുന്നതാണ്. പൊതുവെ, പാശ്ചാത്യമെന്ന് വിവക്ഷിക്കപ്പെടുന്ന പല നിയമ തത്ത്വങ്ങളും ഭാരതിയ പൈതൃകവുമായും മൂല്യ വ്യവസ്ഥകളുമായും ഇഴചേര്‍ന്ന് നില്‍ക്കുന്നവയാണെന്ന് അവര്‍ക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. അതിനാല്‍ തന്നെയാണ് ഭരണഘടനയുടെ കയ്യെഴുത്ത് പ്രതിയുടെ താളുകളില്‍ സിന്ധുനദീതടസംസ്‌കാരകാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന പശുപതി മുദ്ര മുതല്‍ ഭരണഘടന രൂപം കൊടുക്കുന്നതുവരെയുള്ള ഭാരത ഉപഭൂഖണ്ഡത്തിലെ സനാതനമൂല്യതത്വങ്ങളുമായി ബന്ധപ്പെട്ടതും ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതുമായ ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടത്. ആധുനിക ഭാരതീയ ചിത്രകലയിലെ സമുന്നത ചിത്രകാരനായിരുന്ന നന്ദലാല്‍ ബോസിനേയും ശിഷ്യന്‍മാരേയുമാണ് ഭരണഘടനാ തത്വങ്ങളുടെ രൂപ ആവിഷ്‌കാരമായ ഇത്തരം 22 ചിത്രങ്ങള്‍ ഭാരത ഭരണഘടനയുടെ താളുകളില്‍ ചിത്രീകരിക്കാന്‍ നിയോഗിച്ചിരുന്നത്.
യൂണിയനും അതിന്റെ ഭൂപ്രദേശവും എന്ന ഭരണഘടയുടെ 1-ാം ഭാഗത്തെ ചിത്രീകരിക്കുന്നതിന് സിന്ധു നദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട പശുപതി മുദ്രയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് അധികാരത്തെയും ശക്തിയേയും നായകത്വത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. പൗരത്വത്തെക്കുറിച്ചുള്ള ഭരണഘടനയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നതിന്, വേദകാല ആശ്രമത്തിന്റെ ദൃശ്യത്തെയും പശ്ചാത്തലത്തേയുമാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് ഭാരതത്തിന്റെ ധാര്‍മ്മികവും വിദ്യാഭ്യാസപരവുമായ പാരമ്പര്യത്തിലേക്കും യോഗി പരമ്പരകളിലേക്കും, ജ്ഞാനത്തിലേക്കും വെളിച്ചം വീശുന്നവയാണ്.
മൗലിക അവകാശങ്ങളെക്കുറിച്ച് പ്രതിപാതിക്കുന്ന ഭരണഘടനയുടെ മൂന്നാം ഭാഗത്തെ ചിത്രീകരിക്കുന്നതിന് തിഞ്ഞെടുത്തിട്ടുള്ളത് രാമായണത്തെയാണ്. ശ്രീരാമനും സീതയും ലക്ഷ്മണനും ഒരുമിച്ച് ഒരു തേരിലിരിക്കുന്ന ചിത്രമാണ് ഇതിലുള്ളത്. ലങ്ക കീഴടക്കിയ ശേഷം ശ്രീരാമന്‍ സീതാ ദേവിയെ മോചിപ്പിച്ച് കൊണ്ടുവരുന്ന രംഗമാണ് ഈ ചിത്രത്തിലുള്ളത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ മറ്റു ചിലര്‍ ഇത് ശ്രീരാമന്‍ സീതാദേവിയും ലക്ഷ്മണനും ഒന്നിച്ച് വനവാസത്തിന് പോകുന്ന ചിത്രമാണെന്നും അഭിപ്രായപ്പെടുന്നുണ്ട്.
നിര്‍ദ്ദേശക തത്വങ്ങളെകുറിച്ചുള്ള ഭരണഘടനയുടെ 4-ാം ഭാഗം ചിത്രീകരിക്കുന്നതിന് മഹാഭാരത്തിലെ ഗീതോപദേശത്തിലെ രംഗമാണ് ഉപയോഗിച്ചിട്ടുള്ളത്. അര്‍ജ്ജുനനെ തന്റെ ധര്‍മ്മത്തെ ബോധ്യപ്പെടുത്തുന്ന ശ്രീകൃഷ്ണ ഭഗവാനെയാണ് ഇവിടെ കാണുന്നത്. യൂണിയന്‍ എന്ന ഭരണഘടനയുടെ 5-ാം ഭാഗത്തെ ചിത്രീകരിക്കുന്നതിന് ധ്യാനനിമഗ്നനായ ശ്രീബുദ്ധനേയും ശിഷ്യരേയുമാണ് കാണിച്ചിട്ടുള്ളത്.
തുടര്‍ന്നങ്ങോട്ട് ആറാമതായി മഹാവീരനേയും, ഏഴാമതായി അശോക ചക്രവര്‍ത്തി ബുദ്ധസന്യാസിമാരോടൊപ്പം ആനപ്പുറത്ത് സഞ്ചരിക്കുന്ന ചിത്രവും കാണാവുന്നതാണ്. അശോക ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ട രണ്ട് സംഗതികള്‍ ഭാരത റിപബ്ലിക്കില്‍ അതിപ്രധാന സ്ഥാനമാണ് അലങ്കരിക്കുന്നത്. അതിലൊന്ന് ദേശീയ ചിഹ്നമായ-സിംഹ മുഖമുദ്രയും രണ്ടാമത്തേത് ഭാരതത്തിന്റെ ദേശീയ പതാകയുടെ മധ്യത്തില്‍ ആലേഖനം ചെയ്ത അശോക ചക്രം അഥവാ ധര്‍മ്മ ചക്രവുമാണ്.
കാലങ്ങളായി ഭാരതത്തിലെ ചില തല്പര കക്ഷികള്‍ ഭാരതം ഒരു രാജ്യമായി രൂപപ്പെട്ടത് 1947 ന് ശേഷം മാത്രമാണ് എന്ന് ആശയഗതി മുന്നോട്ടുവയ്‌ക്കുന്നുണ്ട്. എന്നാല്‍ ഭരണഘടന നിര്‍മ്മാതാക്കള്‍, ഭരണഘടനയില്‍ മുന്നോട്ട് വച്ച ആശയങ്ങളിലൂടെ തന്നെ ഈ വാദഗതിയെ നേരത്തെ തന്നെ നിരാകരിച്ചിട്ടുള്ളതാണ്. ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങളെയാണ് മേല്‍ പ്രകാരം ചിത്രരൂപേണ അവതരിപ്പിച്ചിട്ടുള്ളത്. ഇവയെല്ലാം ഭാരതത്തിന്റെ സനാതന മൂല്യസങ്കല്പങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നവയും ആണ്. എന്നാല്‍ ഈ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഭരണാധികാരികളില്‍ ചിലര്‍ തന്നെയാണ് സനാതന മൂല്യങ്ങളെ നിര്‍മാര്‍ജനം ചെയ്യണമെന്ന ലക്ഷ്യത്തോടെ പ്രതിലോമകരമായ പ്രസ്താവനകള്‍ നടത്തുന്നത്. ഇവിടെയാണ് ഭരണഘടനയും നിയമവാഴ്ചയും അട്ടിമറിക്കപ്പെടുന്നത്.
ആധുനിക നിയമ തത്ത്വങ്ങളെ എപ്രകാരമാണോ ഭരണഘടന നിര്‍മ്മാതാക്കള്‍ ഭാരതത്തിന്റെ സാംസ്‌കാരിക തനിമയുമായും പൈതൃകവുമായും ബന്ധിപ്പിച്ചത്, അപ്രകാരം തന്നെയാണ് നിലവിലുള്ള കേന്ദ്രസര്‍ക്കാറും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും, ക്രിമിനല്‍ നടപടി നിയമത്തിലും, ഇന്ത്യന്‍ തെളിവ് നിയമത്തിലും കാലാനുസൃതവും ഭാരതീയവുമായ തത്വങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചത്. അത് പ്രകാരം മേല്‍പ്പറഞ്ഞ നിയമങ്ങള്‍ക്ക് യഥാക്രമം, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത എന്നീ പേരുകളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
നിയമവാഴ്ച എന്ന തത്വത്തില്‍ ഊന്നി 1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വന്നപ്പോള്‍ അയത്‌നലളിതമായ ഭാവത്തോടെ ഇവിടത്തെ ദേശീയ ജനതയ്ക്ക് ഭരണഘടനാ തത്വങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിച്ചത് ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഒരു സംസ്‌കാരം അവര്‍ക്ക് ചിരപരിചിതമായതു കൊണ്ടാണ്. കേവലം കൊളോണിയല്‍ കാലഘട്ടത്തിലോ അതിന്റെ തുടര്‍ച്ചയായോ അല്ല ഭാരതീയര്‍ക്ക് പൗര ബോധവും നിയമവാഴ്ചയും സ്വായത്തമായത്. അതീ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന സംസ്‌കൃതിയുടെ ഭാഗമാണ്. അത് ഉള്‍ക്കൊണ്ടു തന്നെയാണ് പരമോന്നത നീതിപീഠം അതിന്റെ ആപ്ത വാക്യം ആയി മഹാഭാരതത്തില്‍ നിന്നുമുള്ള ശ്ലോകമായ ‘യതോ ധര്‍മ്മസ്ഥതോ ജയ’ (എവിടെ ധര്‍മ്മമുണ്ടോ അവിടെ വിജയം ഉണ്ട്), എന്നത് സ്വീകരിച്ചിട്ടുള്ളത്. അതിനാല്‍ ഈ നിയമ ദിനത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന നിയമവാഴ്ച എന്ന ആശയത്തെയും ഭരണഘടനയിലെ ധാര്‍മിക മൂല്യങ്ങളെയും നമുക്ക് ഉയര്‍ത്തിപ്പിടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക