Categories: KeralaIndia

അടുത്ത വിമാനവാഹിനി കൊച്ചിയില്‍ നിന്ന് തന്നെ നിര്‍മിക്കും: നാവികസേന മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍

ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published by

ഏഴിമല: അടുത്ത വിമാന വാഹിനി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്നതിന് ഡിഫന്‍സ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് പ്രൊക്യുയര്‍മെന്റ് ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കുമെന്നും നാവികസേന മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍. ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഴ് രാജ്യങ്ങള്‍ക്ക് മാത്രമാണ് ഏയര്‍ ക്രാഫ്റ്റ് കാരിയര്‍ നിര്‍മിക്കാനുള്ള ശേഷിയുള്ളത്. കൊച്ചി കപ്പല്‍ശാലയാണ് ഐഎന്‍എസ് വിക്രാന്ത് ഉണ്ടാക്കിയത്. ഏയര്‍ക്രാഫ്റ്റ് കാരിയര്‍ ഉണ്ടാക്കാനുള്ള സാങ്കേതികമായ കഴിവ് ഇവിടെയുണ്ട്. പുതിയ പ്രവൃത്തി നല്കിയില്ലെങ്കില്‍ ആ സ്‌കില്‍ നഷ്ടമാകും. നമുക്ക് മൂന്ന് എയര്‍ക്രാഫ്റ്റ് കാരിയര്‍ ആവശ്യമായതിനാലാണ് ഒന്ന് കൂടി നിര്‍മിക്കുന്നത്.

ലോക രാജ്യങ്ങള്‍ക്കിടയില്‍ ഭാരതം മുന്നിലേക്ക് കുതിക്കുകയാണെന്നും 2047 ഓടെ ഭാരതം ഒരു വികസിത രാജ്യമായി മാറാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം വളര്‍ന്നു. രാജ്യത്തിന്റെ വളര്‍ച്ച എല്ലാ മേഖലയിലും പ്രകടമാണെന്നും നാവികസേനാ മേധാവി പറഞ്ഞു.

159 കേഡറ്റുകളാണ് പരിശീലനം പൂര്‍ത്തിയാക്കിത്. അഞ്ച് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള എട്ട് കേഡറ്റുകളും പരിശീലനം പൂര്‍ത്തിയാക്കി. നാവികസേനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വിദേശവനിതയും ഏഴിമല അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി പരേഡില്‍ പങ്കെടുത്തു. മൗറീഷ്യസില്‍ നിന്നുള്ള ജുഗ്മ പ്രസിതയാണ് പരേഡില്‍ പങ്കെടുത്തത്.

ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എം.എ. ഹംപിഹോളി, നാവിക അക്കാദമി കമാണ്ടന്റ് പുനീത് കെ. ബാല്‍ എന്നിവര്‍ സംബന്ധിച്ചു. വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരുടെ ബിരുദദാന ചടങ്ങില്‍ വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കേഡറ്റുകളുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളുമുള്‍പ്പെടെ നിരവധി പേര്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by