തൃശൂർ: ഏകാദശിവ്രത സമാപനമായി ദ്വാദശിപ്പണം സമർപ്പിച്ച് അനുഗ്രഹം നേടി ഭക്തർ. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ഇന്നലെ രാവിലെ 8.30 വരെ നടന്ന ചടങ്ങിൽ 11,59,008 രൂപ ദ്വാദശിപ്പണമായി ലഭിച്ചു. തുക നാലായി വിഭജിച്ച് ഒരു ഭാഗം ഗുരുവായൂരപ്പനും ബാക്കി മൂന്നു ഭാഗം കൂത്തമ്പലത്തിൽ പെരുവനം, ശുകപുരം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ വേദജ്ഞർക്കുമായി നൽകി. 2,89,752 രൂപയാണ് ദേവസ്വത്തിന്റെ വിഹിതം.
ശുകപുരം ഗ്രാമത്തിലെ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്, ഭട്ടിപുത്തില്ലത്ത് രാമാനുജൻ അക്കിത്തിരിപ്പാട്, ചെറുമുക്ക് വൈദികൻ ശ്രീകണ്ഠൻ സോമയാജിപ്പാട്, ആരൂർ വാസുദേവൻ അടിതിരിപ്പാട്, ഇരിങ്ങാലക്കുട ഗ്രാമത്തിലെ നടുവിൽ പഴയിടം നീലകണ്ഠൻ അടിതിരിപ്പാട് എന്നീ വേദജ്ഞരാണ് ദ്വാദശിപ്പണം സ്വീകരിച്ചത്.
ഏകാദശിയുടെ തിരക്ക് ഇന്നലെ രാവിലെ വരെ തുടർന്നു. പുലർച്ചെ ഒന്നരയോടെ എഴുന്നള്ളിപ്പ് പൂർത്തിയായി. വ്രതം അവസാനിപ്പിച്ചവർക്ക് രാവിലെ ആരംഭിച്ച ദ്വാദശിയൂട്ടിൽ 5000 പേർ പങ്കെടുത്തു. ചോറ്, രസകാളൻ, ഓലൻ, എരിശേരി, പപ്പടം, ഉപ്പിലിട്ടത്, ഇടിച്ചു പിഴിഞ്ഞ പായസം എന്നിവയായിരുന്നു വിഭവങ്ങൾ. ഇന്ന് വിശേഷ വിഭവങ്ങളോടെ ത്രയോദശി ഊട്ട് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: