തിരുവനന്തപുരം: നഗരം മുങ്ങുമ്പോള്‍ കോര്പ്പറേഷന് ഭരണാധികാരികള്‍ കാഴ്ചകാണാന്‍ ഇറങ്ങും. പാതിരാത്രിയില്‍ തിമിര്‍ത്തുപെയ്യുന്ന മഴയത്ത് വീടിനുള്ളിലും പരിസരത്തും ഒഴുകിയെത്തുന്ന ഡ്രെയിനേജ് മാലിന്യം നിറഞ്ഞ പ്രളയജലത്തിലേക്കു വേണം പുലര്കാലങ്ങളില് കാലുകുത്താന്‍. പരാതിയും പരിഭവവും പറഞ്ഞ് മടുത്തവര്‍ വിധിയെ പഴിച്ചുതുടങ്ങി.
കക്കൂസ് മാലിന്യം ഉള്‍പ്പെടെ അഴുക്കുവെള്ളം കണികണ്ടുണരേണ്ട അവസ്ഥയാണ് തങ്ങളുടേതെന്ന് നഗരവാസികള്‍ പരിതപിക്കുന്നു. നഗരത്തിലെ നാലു പതിറ്റാണ്ടിലധികം വരുന്ന തുടര്‍ച്ചയായ ഇടതുഭരണത്തില്‍ പ്രളയം ജീവിതത്തിന്റെ ഭാഗമായി ജനങ്ങള്‍ അംഗീകരിച്ചു തുടങ്ങി. ‘ഡച്ച് മാതൃക’യെക്കുറിച്ചുള്ള മോഹനവാഗ്ദാനങ്ങളില്‍ വഞ്ചിതരായവര്‍ പ്രളയകാലങ്ങളില്‍ രക്ഷാപ്രവര്ത്തകരെത്തിക്കുന്ന വഞ്ചി കാത്തിരിക്കുകയാണ്.
വീടുകളില്‍ വെള്ളംകയറി ബുദ്ധിമുട്ടുന്നവരെ കാണാന്‍ നഗരഭരണാധികാരികള്‍ വിനോദയാത്രയുടെ ലാഘവത്തോടെ വന്നുപോകുമെന്നല്ലാതെ മറ്റൊന്നും ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാനില്ല. ഓപ്പറേഷന് അനന്ത പോലെ വിവിധ പദ്ധതികള്‍ കൊട്ടിഘോഷിച്ച് നടപ്പാക്കി കോടികള്‍ തുലച്ചതല്ലാതെ നാട്ടുകാര്‍ക്ക് മെച്ചമൊന്നുമുണ്ടായില്ല. നഗരത്തിലെ പല ഓടകളും അടഞ്ഞ നിലയിലാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു നിറഞ്ഞു ചെറിയ മഴ പെയ്താല്‍ പോലും കര കവിയുന്ന അവസ്ഥയിലായി തോടുകള്‍. ‘പുഴനടത്തം’ എന്ന പേരില്‍ മോഹന പദ്ധതികള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിച്ച തദ്ദേശസ്ഥാപന അധികാരികള്‍ പുഴ കരകവിയുന്നത് കാണാന്‍ നടന്നെത്തുകയാണ്.
‘തെളിനീരൊഴുകും നവകേരളം’ സൃഷ്ടിക്കാന്‍ പ്രചരണം നടത്തിയവര്‍ നവകേരള സദസുമായി നാടുചുറ്റുമ്പോള്‍ വിധിയെ പഴിക്കുകയാണ് തിരുവനന്തപുരം നഗരവാസികള്‍. വെള്ളപ്പൊക്കത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന് റസിഡന്‍സ് അസോസിയേഷനുകള്‍ പറയുന്നു. ഡെപ്യൂട്ടി മേയര്‍ പി.കെ.രാജുവിന്റെ വാര്‍ഡിലെ റസിഡന്റ്സ് അസോസിയേഷനാണ് കഴിഞ്ഞ ദിവസം പരസ്യമായി പ്രതിഷേധിച്ചത്. എന്നിട്ടും കോര്പ്പറേഷന് ഭരണസമിതിക്ക് കുലുക്കമില്ല. നഗരത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്ന ബിജെപിയുടെ ആവശ്യത്തിനു മുകളില്‍ ഭരണസമിതി അടയിരിക്കുകയാണ്.
വന്‍കിട കെട്ടിട നിര്‍മാതാക്കളും കോണ്‍ട്രാക്ടര്‍മാരുമായുള്ള ഭരണസമിതിയുടെ ഒത്തുകളിയാണ് നഗരം പ്രളയജലത്തില്‍ മുങ്ങുന്നതിന് കാരണമെന്ന ആരോപണം ശക്തമാണ്. പുതിയ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് കമ്മീഷന് തട്ടുന്നതിലല്ലാതെ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് മറ്റൊന്നിലും ശ്രദ്ധയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: