സഹകരണ ബാങ്കുകളില്‍ നടന്ന വന്തട്ടിപ്പുകളില് സിപിഎം വല്ലാത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണെന്നത് പുതിയ വര്‍ത്തമാനമല്ല. അനവധി തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കിലും പിടികൂടപ്പെട്ടത് ചിലതു മാത്രമാണെന്നതിനാല്‍ ‘എങ്ങിനെയും നേരിട്ടുകളയാം’ എന്ന പതിവ് കണ്ണൂര്‍ ശൈലിയിലാണ് അവര്‍ മുന്നോട്ടുപൊയ്ക്കോണ്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി സഖാക്കള്‍ തന്നെ നല്കിയ രഹസ്യമൊഴികള്‍, അത് വേറെ സഖാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തിയത്, പിന്നെ മജിസ്ട്രേറ്റിന് മുമ്പാകെ നല്കിയ വകുപ്പ് 164 പ്രസ്താവം ഒക്കെ ഓരോന്നായി അഥവാ ചെറുകഷണങ്ങളായി പുറത്തുവരുമ്പോള്‍ വല്ലാത്ത പരിഭ്രാന്തി പല മുഖങ്ങളിലും ദൃശ്യമാവുന്നുണ്ട്. അതിനൊപ്പം ‘നവകേരളയാത്ര’യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുമുണ്ട്. നവകേരളം ആണല്ലോ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്, കൊടിയ അഴിമതിയുടെ, തട്ടിപ്പിന്റെ നവകേരളം!. ആദ്യമേ സൂചിപ്പിക്കട്ടെ, ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മുന്‍ മന്ത്രി ജി.സുധാകരന് പറഞ്ഞതുപോലെ ഒരു പരസ്യമായ തുറന്നുപറച്ചില്‍ നടത്താന്‍ ഇനിയെങ്കിലും സിപിഎം തയ്യാറാവുമോ എന്നതാണ് മലയാളി സമൂഹം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐ നേതാവിനേയും മകനെയും എന്‍ഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത് കഴിഞ്ഞ ദിവസമാണ്. ആ നടപടി എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഇ ഡി ഇടപെടുന്ന മൂന്നാമത്തെ സഹകരണ ബാങ്ക് തട്ടിപ്പാണ് കണ്ടലയിലേത്. നേരത്തെ കരുവന്നൂരിലും പുല്‍പ്പള്ളിയിലും അവര്‍ കടന്നുചെന്നിരുന്നു; രണ്ടിടത്തും അറസ്റ്റുകള്‍ നടന്നു. എന്നാല്‍ അതൊക്കെ പൂര്‍ത്തിയായിട്ടില്ല എന്നതാണ് കഴിഞ്ഞദിവസം ചില പ്രതികളുടെ ജാമ്യ ഹര്‍ജികളെ എതിര്‍ത്തുകൊണ്ട് കേന്ദ്ര ഏജന്‍സി കോടതിയില്‍ വ്യക്തമാക്കിയത്. അത് കരുവന്നൂര്‍ കേസിലായിരുന്നല്ലോ. തീര്‍ച്ചയായും സിപിഎമ്മിന്റെ തട്ടിപ്പിന്റെ ഭീകരരൂപം തുറന്നുകാട്ടുന്നതാണ് ആ സംഭവം.
പിടിയിലായവര്‍ പിടിവിട്ടോ?
കൊലപാതകം, അക്രമം, പിടിച്ചുപറി, കൊള്ള തുടങ്ങിയ കേസുകളില്‍ പെടുന്നവര്‍ നേതാക്കളെ സംരക്ഷിക്കുന്നതാണ് മുന്‍ കാലങ്ങളില്‍ നാം കാണാറുള്ളത്. എങ്ങിനെ ചോദിച്ചാലും സംഭവത്തിന് പിന്നിലെ മുതിര്‍ന്ന സഖാക്കളുടെ റോള്‍ അവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ വെളിപ്പെടുത്താറില്ല. കുറ്റം സ്വയം ഏറ്റെടുക്കും. അതിന് അനവധി ഉദാഹരണങ്ങള്‍ നമ്മുടെ ചരിത്രത്തിലുണ്ടല്ലോ. ടിപി വധക്കേസ് ഉള്‍പ്പടെ. അതുകൊണ്ട് പലപ്പോഴും കേസുകളില്‍ നിന്ന് ‘യഥാര്‍ഥ പ്രതികള്‍’ രക്ഷപ്പെടുന്നു എന്ന് പലപ്പോഴും സമൂഹത്തിന് തോന്നാറുമുണ്ട്. കോടതികള്‍ അതിലേക്കൊക്കെ വിരല്‍ ചൂണ്ടിയ നിമിഷങ്ങളുമുണ്ടല്ലോ. അതിനൊക്കെ കാരണങ്ങള്‍ പലതുണ്ടാവാം. ഒന്ന്, പ്രതികള്‍ക്ക് എന്നും എപ്പോഴും കിട്ടുന്ന സംരക്ഷണം. മറ്റൊന്ന്, മറിച്ച് എന്തെങ്കിലും ചെയ്താല്‍ ഉണ്ടായേക്കാവുന്ന ‘അപകടം’ സംബന്ധിച്ച ഭയം, അങ്ങനെ പലതും. എന്നാല്‍ കരുവന്നൂരിലും കണ്ടലയിലും പാര്‍ട്ടികള്‍ ആഗ്രഹിക്കാത്ത വസ്തുതകള്‍ പുറത്തുവന്നിരിക്കുന്നു. അതായത് പിടിയിലായവര്‍ പലതും അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നു പറഞ്ഞിരിക്കുന്നു. അവരില്‍ തന്നെ ചിലര്‍ ഉദ്യോഗസ്ഥരോട് മാത്രമല്ല, മജിസ്ട്രേറ്റ് കോടതിയില്‍ പോയി രഹസ്യമൊഴി കൊടുക്കുകയും ചെയ്തു. ഇതൊക്കെ പാര്‍ട്ടിയുടെ തലതൊട്ടപ്പന്മാര്ക്കെതിരെയാണ് എന്നാണ് ഇ ഡി കഴിഞ്ഞദിവസം പറഞ്ഞത്. ഇവിടെ ഒരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്; ഒരു ബാങ്ക് കേസിലെ പ്രതി ചോദ്യം ചെയ്യലിനായി ഇ ഡിയുടെ ഓഫീസിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ആരെയൊക്കെയാണ് ദര്‍ശിച്ചത് എന്നതാണത്. അത്രമാത്രം പ്രാധാന്യം സിപിഎം ആ തെളിവെടുപ്പിന് നല്‍കിയിരുന്നു; കരുതലുമെടുത്തിരുന്നു. എന്നിട്ടും കൈവിട്ടുപോയെങ്കില്‍…
കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ്കുമാറിന്റെ വലിയ ഇടപാടുകള്‍, അയാളുടെ ഉന്നത രാഷ്ട്രീയ ബന്ധം ഒക്കെ മുമ്പും ചര്‍ച്ചയായതാണ്. ആ ‘കൂട്ടുകെട്ടി’ല്‍ സിപിഎമ്മിന്റെ മുന്‍ ജില്ലാ സെക്രട്ടറിമാര്‍, മുന്‍ സംസ്ഥാന മന്ത്രിമാര്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഒക്കെയുമുണ്ടെന്നും കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സഖാക്കള്‍ തന്നെ തുറന്നുപറച്ചില്‍ നടത്തിയതില്‍ ഇതൊക്കെ ഉള്‍പ്പെട്ടിരിക്കുന്നു എന്നതാണ് കോടതിയിലെത്തിയ രേഖകള്‍ കാണിക്കുന്നത്. ഇടതുമുന്നണി കണ്‍വീനര്‍, എസി മൊയ്തീന്, പി.ബിജു…പേരുകള്‍ നീളുന്നു. അതിലേറെ രസകരം വിദേശത്തുള്ള മലയാളി ബിസിനസുകാരന് നാലുകോടി ‘ഡെപ്പോസിറ്റ്’ നടത്തിയതും അത് എത്തേണ്ടിടത്തേക്ക് എത്തിച്ചതും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. പാര്‍ട്ടി പത്രത്തിനും കിട്ടിയിട്ടുണ്ട് ചില ഓഹരികള്‍. ഇതൊക്കെ സിപിഎം മുമ്പ് അന്വേഷിച്ചിരുന്നു എന്നും അന്ന് കണ്ടെത്തിയിരുന്നു എന്നുമൊക്കെ കേട്ടിരുന്നുവല്ലോ. (ആ റിപ്പോര്‍ട്ട് ഇ ഡിയുടെ കൈവശമുണ്ടത്രെ).
ഇതൊക്കെ സിപിഎം സംവിധാനത്തില്‍ സര്‍വസാധാരണമായി നടന്നിരുന്ന കാര്യങ്ങളാണ് എന്നുവേണമല്ലോ പ്രാഥമികമായി വിലയിരുത്താന്‍. പല വിധത്തില്‍ പല കോണുകളില്‍ നിന്ന് പണമെത്തുന്നു; സ്വദേശത്തുനിന്നും വിദേശത്തുനിന്നും. അതൊക്കെ ‘കണക്കില്‍പ്പെടുത്താനുള്ള’ മാര്‍ഗങ്ങളുമുണ്ടായിരുന്നു. സഹകരണമേഖല ആ നിലയില്‍ പലരുടെയും സുരക്ഷിത താവളമായി. ഇങ്ങനെ ഒരു കേന്ദ്രഏജന്‍സിയുടെ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് ഇതൊക്കെ വെളിച്ചം കണ്ടത്. അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുകയാണ് ഇക്കൂട്ടരൊക്കെച്ചേര്ന്ന് ചെയ്തത്. നോട്ടുറദ്ദാക്കല്‍ നടന്ന വേളയില്‍ സിപിഎം കേരളത്തില്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ നമ്മള് ശ്രദ്ധിച്ചതാണല്ലോ; ആര്‍ബിഐ ഓഫീസിനു മുന്നില്‍ മന്ത്രിമാരടക്കം നടത്തിയ സമരങ്ങള്‍ ഉള്‍പ്പടെ. അന്ന് കയ്യില്‍ വെച്ചിരുന്ന നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കള്ളപ്പണക്കാര്‍ നെട്ടോട്ടമോടുന്നതും നാം കണ്ടു. അതിനൊപ്പം സിപിഎം ഉണ്ടാവുമെന്ന് പലരും പറഞ്ഞതുമോര്‍ക്കുക. ഇപ്പോള്‍ ഈ സഹകരണ തട്ടിപ്പിന്റെ അടിവേരുകള്‍ തേടിപ്പോയാല്‍ നാം എവിടെയാണ് ചെന്നെത്തുക എന്നത് തീര്‍ച്ചയായും ഉദ്വേഗജനകമാവും.
മോദിയും കേരളവും
നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സഹകരണ മേഖലയെ ശക്തിപ്പെടുത്താനാണ്; തളര്‍ത്താനല്ല. മറിച്ചുള്ള കുപ്രചരണങ്ങള്‍ നടത്തുന്നവരുടെ മുഖം ജനങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. മോദി സര്‍ക്കാര്‍ ഇന്ന് സഹകരണ മേഖലയില്‍ വലിയ പരിഷ്കാരങ്ങള്‍ക്കാണ് തയ്യാറെടുപ്പുനടത്തുന്നത്. കൃഷി മന്ത്രാലയത്തിന്റെ ഭാഗമായിരുന്ന സഹകരണ വകുപ്പിന് സ്വതന്ത്ര മന്ത്രാലയം തുടങ്ങി. അതിന്റെ ചുമതല അമിത്ഷായെപ്പോലെ ഒരു മുതിര്‍ന്ന മന്ത്രിക്ക് നല്കി. സഹകരണ മേഖലയെ എങ്ങിനെ രാജ്യത്തിന്റെ മൊത്തം പുരോഗതിക്കായി, വികസനത്തിനിയായി നന്നായി പ്രയോജനപ്പെടുത്താനാവും എന്നതാണ് നരേന്ദ്രമോദി ചിന്തിച്ചത്. അതിന്റെ ഭാഗമായി ചില പരിഷ്കാരങ്ങള്‍ കൊണ്ടുവരികയും ചെയ്തു.
അന്തര്‍ സംസ്ഥാന സഹകരണസംഘങ്ങള്‍ക്ക് നേരത്തെ കേന്ദ്ര നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നുവെങ്കിലും അതുവേണ്ടവിധം പ്രയോജനപ്പെടുത്താന്‍ മുമ്പ് ശ്രമങ്ങള്‍ നടന്നിരുന്നില്ല. അതിലേക്കാണ് ആദ്യമായി അമിത് ഷാ കണ്ണുതുറന്നത് എന്നാണ് കാണുന്നത്. കാര്‍ഷികമേഖലയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ചെയ്യാനാവുന്നത് പ്രയോജനപ്പെടുത്താനും ശ്രമമാരംഭിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഇവര്‍ വലിയ റോള്‍ വഹിക്കുന്നു എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയത്.
ലോകത്തിലെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യ ഇന്ന് അഞ്ചാം സ്ഥാനത്താണ്. നാല് ട്രില്യണ്‍ എക്കണോമി എന്ന നിലയിലേക്ക് ഈ രാജ്യത്തെ മോദി സര്‍ക്കാര്‍ എത്തിച്ചുകഴിഞ്ഞു. നാലാമത്തെയും മൂന്നാമത്തെയും സാമ്പത്തിക ശക്തിയായി നാം മാറണമെങ്കില്‍ എല്ലാ മേഖലകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് മുന്നേറേണ്ടതുണ്ട്. അതിനായി സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് പുഴുക്കുത്തുകള്‍ ഓരോന്നായി കണ്ണില്‍പ്പെടുന്നത്. കരുവന്നൂരും കണ്ടലയും പുല്‍പ്പള്ളിയുമൊക്കെ ആ കറുത്ത കണ്ണികളാണ്.
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ് ഘടനയെ രക്ഷിക്കാനും വളര്‍ത്താനുമുള്ള നടപടികള്‍ തുടങ്ങിയത് 2014ലാണ്. ഈ സര്‍ക്കാരിന്റെ ആദ്യ നാളുകളില്‍. ‘ജന്‍ ധന് യോജന’ അതിന്റെ തുടക്കമായിരുന്നു. മുഴുവന്‍ ജനതയുടെയും സാമ്പത്തിക സ്രോതസ് രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാവണം എന്നതാണ് അതിലൂടെ മോദി ലക്ഷ്യമിട്ടത്. ഇന്നിപ്പോള്‍ ഏതാണ്ട് രണ്ട് ലക്ഷം കോടി ജന്‍ ധന് അക്കൗണ്ടുകളിലുണ്ട് എന്നു പറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാവുന്നുണ്ടല്ലോ. ആ ബാങ്ക് അക്കൗണ്ടുകള്‍ ‘ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍’ (ഡിബിടി)പദ്ധതിക്കായും പ്രയോജനപ്പെടുത്താന്‍ സാധിച്ചു. വേറൊന്ന് ‘ജന്‍ ധന് യോജന’ അക്കൗണ്ടുകളില്‍ 57 ശതമാനം വനിതകളുടേതാണ് എന്നതാണ്.
മറ്റൊന്ന്, 67 ശതമാനം അക്കൗണ്ടുകള്‍ സെമി-അര്‍ബന്‍ മേഖലയിലും. രാജ്യപുരോഗതിയില്‍ ഈ വലിയൊരു വിഭാഗത്തെ ഉള്‍ക്കൊള്ളിക്കാന്‍ മോദിക്ക് സാധിച്ചു. അതുപോലെ അനവധി പദ്ധതികള്‍. അതിനൊക്കെയിടയിലാണ് സഹകരണ മേഖലയെ തച്ചുതകര്‍ക്കുന്ന തട്ടിപ്പുകള്‍ നടന്നത്. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്നതാണ് ഈ നീക്കങ്ങള്‍ എന്നത് തിരിച്ചറിയാന്‍ മോദിക്കായി എന്നതും സ്മരിക്കേണ്ടതുണ്ട്.
ഇവിടെ മോദി സര്‍ക്കാര്‍ പിന്നോട്ടില്ല എന്നത് തീര്‍ച്ചയാണ്. രാജ്യമെമ്പാടും ഒരു ഏകീകൃത സോഫ്റ്റ്വെയര് സഹകരണ മേഖലക്കായി നടപ്പിലാക്കുകയാണ് ആദ്യം കേന്ദ്രം ചെയ്യുന്നത്. അത് ഉടനെ നടപ്പിലാക്കും. അതിലൂടെ തട്ടിപ്പുകള്‍ കണ്ടെത്താനും ഇല്ലാതാക്കാനും കഴിയുമെന്ന് കരുതുന്നു. സുതാര്യത ഉറപ്പുവരുത്താനും. 2024 മാര്‍ച്ച് 31ഓടെ അത് ഏതാണ്ട് 65,000 സഹകരണ സംഘങ്ങളില്‍ കൊണ്ടുവരും എന്നും തീരുമാനിക്കപ്പെട്ടിട്ടുണ്ട്.
ഇനി അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഏതെങ്കിലും സഹകരണ ബാങ്കുകളോ സംഘങ്ങളോ സംസ്ഥാനങ്ങളോ തയ്യാറായാല്‍ അതിനുള്ള പ്രതിവിധിയും അമിത്ഷാ കണ്ടിരിക്കുമെന്നാണ് കരുത്തേണ്ടത്. ഈ പരിഷ്കാരങ്ങള്‍ക്കൊപ്പം കേരളവും യാത്ര തുടങ്ങണം. അഴിമതിക്കാരെ പുറത്താക്കണം, പാര്‍ട്ടികള്‍ തന്നെ അത്തരക്കാരെ പരസ്യമായി തള്ളിപ്പറയണം. എന്നിട്ടുമതി കോണ്‍ഗ്രസും സിപിഎമ്മും ഗീര്‍വാണ പ്രസംഗങ്ങള്‍ നടത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: