നവഭാരതപ്പിറവിയുടെ പ്രതീകമായ വന്ദേഭാരത് തീവണ്ടികള്‍ കേരളത്തിലൂടെ ഓടാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ചിലര്‍ അതിനെതിരായ കുപ്രചാരണവും ആരംഭിച്ചതാണ്. സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎമ്മും പ്രതിപക്ഷമായ കോണ്‍ഗ്രസ്സും തുടക്കത്തില്‍ തന്നെ വിപ്രതിപത്തി പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ കുപ്രചാരണങ്ങളെ തള്ളി ജനങ്ങള്‍ വലിയ ആവേശത്തോടെ വന്ദേഭാരതില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയതോടെ മനസ്സില്ലാമനസ്സോടെ ഇക്കൂട്ടര്‍ നിലപാട് മാറ്റുകയായിരുന്നു. ചിലര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ജനങ്ങള്‍ക്കൊപ്പം വന്ദേഭാരതത്തിനെ വരവേറ്റു. വളരെനാള്‍ കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അതില്‍ കയറി യാത്ര ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോകുമെന്ന് ഭയന്ന് നിവൃത്തിയില്ലാതെ ചെയ്യുന്നതാണ് ഇതെന്ന് വ്യക്തമായിരുന്നു. ഇതിന് തെളിവാണ് സിപിഎം നേതാവും ആലപ്പുഴ എംപിയുമായ എ.എം. ആരിഫ് വന്ദേഭാരതിനെതിരെ നടത്തുന്ന കുപ്രചാരണം. തിരുവനന്തപുരം-ആലപ്പുഴ-കാസര്‍കോട്, കാസര്‍കോട്-ആലപ്പുഴ-തിരുവനന്തപുരം വന്ദേഭാരത് സര്‍വീസുകള്‍ പാസഞ്ചര്‍ സര്‍വീസുകളെ ബാധിച്ചുവെന്നാണ് ആരിഫിന്റെയും മറ്റും കണ്ടുപിടുത്തം. വന്ദേഭാരത് സര്‍വീസുകള്‍ക്കുവേണ്ടി ഇവയുടെ സമയം പുനഃക്രമീകരിച്ചതോടെ യാത്രക്കാര്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്നു പറഞ്ഞ് ആരിഫിന്റെ നേതൃത്വത്തില്‍ ചിലര്‍ സമരം നടത്തുകയാണുണ്ടായത്. എന്നാല്‍ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, വന്ദേഭാരതിനുവേണ്ടി സമയം പുനഃക്രമീകരിച്ചതുവഴി പാസഞ്ചര്‍ വണ്ടികള്‍ക്ക് സമയം ലാഭിക്കാന്‍ കഴിഞ്ഞുവെന്നും, ഇത് യാത്രക്കാര്‍ക്ക് ഗുണം ചെയ്യുകയാണുണ്ടായതെന്നും റെയില്‍വെ വ്യക്തമാക്കിയിരിക്കുന്നു.
എറണാകുളം-കായംകുളം, ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ വണ്ടികളുടെ സമയക്രമം പഴയതുപോലെയാക്കണമെങ്കില്‍ ഇപ്പോള്‍ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസ്സുകള്‍ കോട്ടയം വഴി ആക്കേണ്ടിവരുമെന്നും, ജനപ്രതിനിധികള്‍ക്ക് അതാണ് താല്പ്പര്യമെങ്കില് അങ്ങനെയാവാമെന്നും റെയില്‍വേ അറിയിച്ചിരിക്കുകയാണ്. വന്ദേഭാരതിനുവേണ്ടി സമയം ക്രമീകരിച്ചതോടെ പാസഞ്ചര്‍ വണ്ടികളുടെ സമയം ലാഭിക്കാന്‍ കഴിഞ്ഞത് മറച്ചുവച്ചുകൊണ്ടാണ് കുപ്രചാരണവും സമരവും നടന്നത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തം. കേരളത്തില്‍ ഓടുന്ന വന്ദേഭാരത് എക്സ്പ്രസ്സുകള്‍ രാജ്യത്തുവച്ചുതന്നെ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന സര്‍വീസുകളാണ്. പല യാത്രക്കാരും തെരഞ്ഞെടുക്കുന്നത് ഈ വണ്ടികളാണ്. വലിയ തോതില്‍ സമയം ലാഭിക്കാന്‍ കഴിയുന്നതാണ് ഇതിനു കാരണം. റെയില്‍പ്പാതകളുടെ വളവുകള്‍ മാറ്റുന്നതോടെ ഇപ്പോഴത്തേതിനെക്കാള്‍ വേഗതയില്‍ കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റെയറ്റത്തേക്കും, മംഗലാപുരത്തേക്കുമൊക്കെ വന്ദേഭാരത് യാത്രയിലൂടെ എത്തിച്ചേരാന്‍ കഴിയും. ഇക്കാര്യങ്ങളൊക്കെ മറച്ചുപിടിച്ച് ആരിഫിനെപ്പോലുള്ളവര് കുപ്രചാരണം നടത്തുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഉതകുന്നതല്ല. സംസ്ഥാനത്തിന്റെ വികസനവും ജനങ്ങളുടെ ആവശ്യങ്ങളുമല്ല, സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യമാണ് ഇക്കൂട്ടരെ നയിക്കുന്നത്. എന്തൊക്കെ നേട്ടമുണ്ടായാലും ജനവിരുദ്ധമായ നയങ്ങള്‍ മാറ്റാന്‍ തയ്യാറല്ലെന്നാണ് ഇവര്‍ ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെകളിലെ ഇവരുടെ എതിര്‍പ്പ് കൊയ്ത്തുമെതി യന്ത്രങ്ങളോടും കമ്പ്യൂട്ടറിനോടുമായിരുന്നെങ്കില് ഇന്നത് വന്ദേഭാരത് എക്സ്പ്രസ്സിനോടാണെന്നു മാത്രം.
വന്ദേഭാരത് കേരളത്തിലേക്കും വരുന്നു എന്നറിഞ്ഞതുമുതല്‍ ഇടതു-ജിഹാദികള്‍ അതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ്. അഴിമതി ലക്ഷ്യമിട്ട് ഇടതുസര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ച സില്‍വര്‍ ലൈന്‍ പദ്ധതി വേണ്ടെന്നുവയ്ക്കേണ്ടി വരുമെന്നതായിരുന്നു ഇതിന്റെ കാരണം. ഇവര്‍ ആശങ്കപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. വന്ദേഭാരത് സര്‍വീസുകള്‍ സില്‍വര്‍ ലൈനിന് ബദലായി. സില്‍വര്‍ ലൈന്‍ വഴി ഉണ്ടാകുമെന്നു പറഞ്ഞ നേട്ടങ്ങളെല്ലാം വന്ദേഭാരതിലൂടെ സാധ്യമാണെന്നു വന്നു. സില്‍വര്‍ ലൈന്‍ വന്നാലുണ്ടാവുന്ന പരിസ്ഥിതി നാശവും സാമൂഹ്യപ്രത്യാഘാതങ്ങളുമൊന്നും വന്ദേഭാരത് സൃഷ്ടിക്കുന്നുമില്ല. യഥാര്‍ത്ഥത്തില്‍ സില്‍വര്‍ ലൈന്‍ ആയിരുന്നില്ല, അഴിമതിയുടെ സുവര്‍ണ പാതയാണ് പിണറായി സര്‍ക്കാര്‍ നിര്‍മിക്കാനൊരുങ്ങിയത്. ഇതാണ് മോദി സര്‍ക്കാര്‍ വിലക്കിയത്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരാണെന്ന കുപ്രാചരണവും ഇതിലൂടെ പൊളിഞ്ഞു. ഇതുവഴി നരേന്ദ്ര മോദിക്കും ബിജെപിക്കും കേരളത്തില്‍ ജനപിന്തുണ വര്‍ധിക്കുമെന്നത് ഇടതു-ജിഹാദി ശക്തികളെ പ്രകോപിപ്പിച്ചു. പലയിടങ്ങളിലും വന്ദേഭാരതിനെതിരെ നടന്ന കല്ലേറുകളും, മറ്റ് വണ്ടികള്‍ വൈകുന്നുവെന്ന കുപ്രചാരണവും ഇതിന്റെ അനന്തരഫലമായിരുന്നു. വന്ദേഭാരത് എക്സ്പ്രസുകളുടെ കാവിനിറംപോലും ഇക്കൂട്ടരെ ക്രുദ്ധരാക്കി. ഇതേ വികാരമാണ് എ.എം.ആരിഫ് എംപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിലും പ്രതിഫലിച്ചത്. ജനങ്ങള്‍ സത്യം തിരിച്ചറിയുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ ഇക്കൂട്ടര്‍ വൈകിപ്പോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: