കോഴിക്കോട്: കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും യൂത്ത് കോണ്‍ഗ്രസുകാര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയതായി സമ്മതിച്ചിട്ടും പോലീസ് അവരെ സംരക്ഷിക്കുകയാണെന്ന് കെ.സുരേന്ദ്രന്.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍. കെപിസിസി അധ്യക്ഷന്‍ പോലും വലിയ കുറ്റകൃത്യം നടന്നുവെന്ന് സമ്മതിക്കുന്നു.
എന്നാല്‍ കേരള പോലീസ് യഥാര്‍ത്ഥ കുറ്റവാളികളിലേക്ക് അന്വേഷണം കൊണ്ടു പോകുന്നില്ല. മദര്‍ കാര്‍ഡ് ഉണ്ടാക്കിയ ആളെ പിടികൂടാന്‍ പോലും പോലീസ് തയ്യാറാവുന്നില്ല. ആരോപണം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തുന്നില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം പോലീസ് ഗൗരവത്തില്‍ കാണുന്നില്ല.
കേരള പൊലീസ് സ്ഥിരം ചെയ്യുന്നത് പോലെ കോണ്‍ഗ്രസിനെ സഹായിക്കുകയാണ്. വ്യാജ പ്രസിഡന്റിനെ ചോദ്യം ചെയ്യാന്‍ വിളിച്ചത് കൊണ്ട് കാര്യമില്ല. മുഖ്യമന്ത്രി തന്നെ പറയുന്നത് രാജ്യത്തിനെതിരായ കാര്യമാണ് നടന്നതെന്നാണ്. എന്നിട്ടും എങ്ങനെയാണ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്?
കോടതികള്‍ പോലീസ് ഉദ്യോഗസ്ഥരും പ്രതിഭാഗം വക്കീലും തമ്മില്‍ സൗഹൃദപരമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എഎ റഹീം പറയുന്നത് പോലെ തിരഞ്ഞെടുപ്പ് കമ്മീഷന് സ്വയമേവ അന്വേഷണം നടത്താനാവില്ല. കേരള പോലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കമ്മീഷന് നിലപാടെടുക്കുകയെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
രണ്ട് മുന്നണികളുടേയും ഹമാസ് അനുകൂല റാലികള്‍ക്ക് ആത്മാര്‍ത്ഥയില്ല. എല്‍ഡിഎഫിലെ ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ പരിപാടിയിലേക്ക് വിളിച്ചിട്ടില്ല. കോണ്‍ഗ്രസ് പരിപാടിയില്‍ പിജെ ജോസഫ് ഇല്ല.
എന്തുകൊണ്ടാണിത്. ക്രിസ്ത്യന്‍ നേതാക്കളെ പങ്കെടുപ്പിക്കാതെ എങ്ങനെയാണ് മതേതരത്വം സംരക്ഷിക്കുക? യഥാര്‍ത്ഥ ഭീകരവിരുദ്ധ റാലികള്‍ നടത്തുന്നത് ബിജെപിയാണ്. പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ റാലി നടക്കുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: