തിരുവനന്തപുരം : സംസ്ഥാനത്തെ ക്രിസ്ത്യന്‍ പള്ളികളുടെ എണ്ണം കൂടുന്നതിനെതിരെ അന്വേഷണം നടത്തണമെന്ന ഉത്തരവ് വിവാദത്തില്‍. ബെംഗളൂരു സ്വദേശി നല്കിയ പരാതിയില്‍ തദ്ദേശ ജോയിന്റ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവാണ് വിവാദമായത്. ഇതോടെ ഉത്തരവ് പിന്‍വലിച്ച് വിവാദത്തില്‍ നിന്നും തലയൂരാനാണ് ശ്രമം.
ക്രിസ്ത്യന്‍ പള്ളികളുടെ എണ്ണം വര്‍ധിക്കന്നത് സംസ്ഥാനത്തിന്റ സ്വാഭാവികാന്തരീക്ഷത്തില്‍ വ്യത്യാസം വരുത്തുന്നു. നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ഈ മാസം മൂന്നിനായിരുന്നു പരാതി കൈമാറിയത്. തുടര്‍ന്ന് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് ഡയറക്ടറേറ്റില്‍ നിന്നും എല്ലാ ജില്ലാ ജോയിന്റ് ഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി.
സര്‍ക്കാര്‍ കൈമാറിയ പരാതിയില്‍ നടപടി വേണമെന്നായിരുന്നു ഡയറക്ടേറ്റിലെ ജോയിന്റ് ഡയറക്ടറുടെ ഉത്തരവിലെ നിര്‍ദ്ദേശം. തഴേ തട്ടിലേക്ക് പോയ ഉത്തരവ് ഉദ്യോഗസ്ഥ തലത്തിലും സമൂഹ മാധ്യമങ്ങളിലും ചര്‍ച്ച തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയുന്നത്.
ഇതോടെ സര്‍ക്കാര്‍ ഇടപെട്ട് ഉത്തരവ് പിന്‍വലിച്ചു. ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് അറിഞ്ഞിരുന്നില്ലെന്നാണ് ഡയറക്ടറുടെ വിശദീകരണം. ഉത്തരവിറക്കിയ ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയതായും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: