കൊച്ചി: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാറ്റ്ന സ്വദേശിനിയുടെ നാലു മാസം പ്രായമായ കുഞ്ഞിന് മുലപ്പാൽ നൽകി വനിതാ പോലീസ് ഉദ്യോഗസ്ഥ. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നാല് കുട്ടികളെ നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കുട്ടികളുടെ അച്ഛൻ ജയിലിലാണ്.
അമ്മയെ കാണാതെ കുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ മൂന്ന് കുട്ടികൾക്കും ആഹാരം വാങ്ങി നൽകി. എന്നാൽ നാലു മാസം മാത്രം പ്രായമായ ഇളയ കുഞ്ഞിന് എന്ത് നൽകുമെന്നത് ഉദ്യോഗസ്ഥരെ സങ്കടത്തിലാക്കി. എന്നാൽ സ്റ്റേഷനിലെ സിപിഒ എം.എ.ആര്യയിലെ അമ്മ മനസ്സിന് അത് കണ്ടു നിൽക്കാനായില്ല. വീട്ടിലുള്ള തന്റെ സ്വന്തം മകളാണ് അതെന്ന് ആര്യയ്‌ക്ക് തോന്നിയത്. പിന്നെ ഒന്നും ആലോചിച്ചില്ല. വാരിയെടുത്ത് മുലയൂട്ടി. വിശപ്പടങ്ങിയ കുരുന്ന് ആര്യയോടു പറ്റിച്ചേർന്നതു കണ്ടുനിന്ന പോലീസ് സ്റ്റേഷനിലെ മറ്റ് അമ്മമാരും നിർവൃതിയിലായി.
ആശുപത്രി അധികൃതർ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെത്തുടർന്നാണ് എസ്‌ഐ ആനി ശിവയുടെ നേതൃത്വത്തിലുള്ള സംഘമെത്തി കുട്ടികളെ ഏറ്റെടുത്തത്. കുഞ്ഞുങ്ങളെ പിന്നീട് ശിശുഭവനിലേക്കു മാറ്റി. വൈക്കം സ്വദേശിനിയായ ആര്യ പ്രസവാവധി കഴിഞ്ഞു മൂന്നു മാസം മുൻപാണു തിരികെ ജോലിയിൽ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: