ഗാസ : ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ നാല് ദിവസത്തേയ്‌ക്ക് വെടിവെപ്പ് നിര്‍ത്തിവെയ്‌ക്കാനാണ് ഇസ്രയേലും ഹമാസും തമ്മില്‍ സന്ധിയായിരിക്കുന്നത്. ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാമെന്ന ഉറപ്പിന്മേല്‍ ഖത്തറിന്റെ മധ്യസ്ഥതയിലാണ് വെടിവെയ്‌പ്പ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
ഹമാസ് ഇന്ന് കൈമാറുന്ന ബന്ദികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രയേലിന് കൈമാറിയിട്ടുണ്ട്. വൈകിട്ട് നാല് മണിയോടെ ഹമാസ് ബന്ദികളുടെ ആദ്യ ബാച്ചിനെ ഇസ്രയേലിന് കൈമാറും. പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്‌ക്കുമെന്ന് ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബന്ദികളുടെ ആദ്യബാച്ചിനെ റെഡ്‌ക്രോസിനാണ് കൈമാറുക. അവര്‍ ഇസ്രയേലിന് നല്‍കും.
നാല് ദിവസത്തിനുള്ളില്‍ ഇത്തരത്തില്‍ 50 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരാറിലെത്തിയിട്ടുള്ളതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി അറിയിച്ചു. ഇതോടൊപ്പം ഇസയേല്‍ ബന്ദികളാക്കിയവരേയും വിട്ടു നല്‍കും. എന്നാല്‍ എവിടെവെച്ച് കൈമാറുമെന്നതു രഹസ്യമാണ്. വെടിനിര്‍ത്തല്‍ നടപ്പായി നാലാം ദിവസത്തിനുള്ളില്‍ ബാക്കി ബന്ദികളുടെ മോചനം സംബന്ധിച്ചു ധാരണയുണ്ടാക്കാനാണു ശ്രമം.
ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ കരാറിനെ ‘പ്രത്യാശയുടെ നുറുങ്ങുവെട്ടം’ എന്നു പറഞ്ഞുകൊണ്ടായിരുന്നു ദോഹയില്‍ ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഈ നാല് ദിവസത്തിനുള്ളില്‍ ഗാസയിലേക്ക് ദുരിതാശ്വാസ സഹായമെത്തിക്കുന്ന 200 ട്രക്കുകളും 4 ഇന്ധന ട്രക്കുകളും എത്തിക്കും. ബുധനാഴ്ചയാണ് ഇസ്രയേല്‍- ഹമാസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പിറ്റേന്ന് രാവിലെ മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍വരുമെന്നാണു പ്രതീക്ഷിച്ചത്. എന്നാല്‍ ബന്ദികളെ വിട്ടയയ്‌ക്കുന്നത് വിശദാംശം കൈമാറാന്‍ താമസമുണ്ടായതു മൂലം വെള്ളിയാഴ്ചത്തേയ്‌ക്കാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: