(ധര്‍മസങ്കടങ്ങളുടെ ശമനൗഷധി അവസാനഭാഗം)
സാമാന്യനിലയില്‍ ചിന്തിക്കുന്ന ഏതൊരാളുടെയും ഏറ്റവും വലിയ ഭയം മരണഭയമാണ.് രണ്ടാംലോകമഹായുദ്ധശേഷം പാശ്ചാത്യചിന്തകര്‍ ദുരന്തത്രയങ്ങള് ആയാണ് ജനന ജീവിത മരണങ്ങളെ കണ്ടത്. പെട്ടെന്നൊരുനാള്‍ നമ്മള് ഈ ഭൂമുഖത്തുനിന്നും അപ്രത്യക്ഷരാകുന്നു, അതില്പരം ഒരു ഭയമില്ല. മരണത്തെ ഭയന്നാണ് എല്ലാവരും ജീവിക്കുന്നത്. നാളിതുവരെ മരണത്തെ കീഴടക്കാനുള്ള മരുന്ന് ഒരു ശാസ്ത്രവും കണ്ടെത്തിയിട്ടില്ല. ഇനി ആവുകയുമില്ല. മരണത്തിനു പരിഹാരം ഒരു ദര്‍ശനവും മുന്നോട്ടുവയ്ക്കുന്നില്ല. അവിടെയാണ് കൃഷ്ണന് തരുന്ന ഉറപ്പ്.
‘ജാതസ്യ ഹി ധ്രുവോ മൃത്യുര്‍
ധ്രുവം ജന്മ മൃതസ്യച’
ജനിച്ചാല്‍ മരിക്കും എന്നുറപ്പാണ്. ഒപ്പം കൃഷ്ണന് ഉറപ്പിച്ചു പറയുന്നു ‘മൃതസ്യച ജന്മ ധ്രുവം’മരിച്ചവന് ജനിക്കുമെന്നതും നിശ്ചയമാണ്. മാനവരാശിക്കാകമാനം അമൃതധാര പകരുന്ന വാക്കുകള്‍. ത്രികാലജ്ഞനായ, മഹായോഗിയായ ശ്രീകൃഷ്ണന്റെ വാക്കുകള്‍, നൂറുശതമാനവും വിശ്വസിക്കാം. മരിച്ചാല്‍ വീണ്ടും ജനിക്കും എന്ന ചിന്തയ്ക്ക് അനുകൂലമാണ് ന്യൂട്ടന്റെ ഊര്‍ജസിദ്ധാന്തവും. നാം ശക്തിയാണ്, ചൈതന്യമാണ്, ഊര്‍ജമാണ്, ബ്രഹ്മമാണ്, ശരീരമല്ല എന്ന മഹനീയ സങ്കല്പത്തിനപ്പുറം ഒരു സിദ്ധാന്തവും നിലനില്‍ക്കുന്നതല്ല. ആ ഊര്‍ജത്തെ സൃഷ്ടിക്കുവാനോ സംഹരിക്കുവാനോ ആവുകയുമില്ല. മനുഷ്യര്‍ പഴകിയ വസ്ത്രം ഉപേക്ഷിച്ച് പുതിയവ ധരിക്കുന്നതുപോലെ ജീര്‍ണ്ണിച്ച ശരീരത്തെ ത്യജിച്ച് നവദേഹത്തെ സ്വീകരിക്കുന്നു (ഗീത:2/22) എന്നിങ്ങനെ ഊര്ജതത്വത്തെ കൃഷ്ണന് ഉദാഹരണ സഹിതം പഠിപ്പിക്കുന്നു.
‘അച്ഛേദ്യോയമദാഹ്യോയ
മക്ലേദ്യോശോഷ്യ ഏവ ച
നിത്യഃ സര്‍വ്വഗതഃ സ്ഥാണുരചലോയം സനാതനഃ’ (ഗീത:2/24)
ഈ ഊര്‍ജ്ജത്തെ മുറിക്കുവാനോ ദഹിപ്പിക്കുവാനോ നനയ്ക്കുവാനോ ഉണക്കുവാനോ സാധിക്കില്ല, ഇത് നിത്യവും എല്ലായിടത്തും ഉള്ളതും സ്ഥിരവും ചലിക്കാത്തതും എല്ലാകാലത്തുമുള്ളതും ആകുന്നു, എന്ന് അയ്യായിരത്തിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പേ കൃഷ്ണനാല്‍ വെളിവാക്കപ്പെട്ട തിയറി ന്യൂട്ടന്റെ തിയറിയേക്കാള്‍ എത്ര ഉന്നതവും ജീവിതഗന്ധിയുമാണ് എന്ന് ശ്രദ്ധിക്കണം.
ഭഗവദ് ഗീതയെ സമീപിക്കുമ്പോള്‍ ആദ്യമേ വേണ്ടത് ഒരു മതഗ്രന്ഥം എന്ന മട്ടില്‍ കാണാതിരിക്കുക എന്നതാണ്. പൂജിക്കുവാനുള്ള പുസ്തകമല്ല ഗീത. ഗീതാപാരായണം, ശ്ലോകം ചൊല്ലല്‍, അന്താക്ഷരി, പ്രശ്നോത്തരി, പരീക്ഷ എന്നിങ്ങനെ വിവിധയിനം മത്സരങ്ങള്‍ക്കു മാത്രം പഠിക്കേണ്ടതുമല്ല.ഏതുമതത്തിലായാലും നിരീശ്വരനായാലും യുക്തിഭദ്രമായി പഠിക്കാം വിലയിരുത്താം, വിമര്‍ശിക്കാം. എന്നാല്‍ ഗ്രന്ഥത്തെക്കുറിച്ചുള്ള മുന്‍ ധാരണകള്പാടേ ഉപേക്ഷിച്ച് സ്വതന്ത്രമായി സമീപിക്കണം. പാചകഗ്രന്ഥം പോലെയാണ് ഗീത, പഠിച്ചതുകൊണ്ട് മാത്രം കാര്യമില്ല, ജീവിതത്തില്പ്രയോഗിച്ചു നോക്കണം. സ്വഭാവത്തിലും പ്രവൃത്തിയിലും പരിശീലിക്കണം, ഗീതാധ്യാനത്തില്’അനുസന്ധതാമി’എന്ന് പ്രയോഗിച്ചത് പഠിച്ചതിനെ പ്രയോഗത്തില്‍ കൊണ്ടുവരിക, എന്നതാണ് ഗീതയുടെ രചനാലക്ഷ്യം എന്ന് സ്പഷ്ടമാക്കാനാണ്.
ഭഗവദ് ഗീതയില്‍ രാഷ്ട്രീയവും മതവും കാണാതിരിക്കുക, സ്കൂള്‍തലം മുതല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പരിശ്രമിക്കുക, എല്ലാവരും സകുടുംബം സമാന്തര പാഠ
ശാലകളില്‍ എത്തി സമഗ്രമായ ഈ ജീവിത ദര്‍ശനത്തെ പഠിച്ച് അനുഗമിക്കുക അതാണ് ശരിയായ ദേശീയത. ശരിയായ കൃഷ്ണഭക്തി. അതിനുള്ള ചോദനയാകട്ടെ ഗീതാജയന്തി ആഘോഷങ്ങളിലെ യജ്ഞസമര്‍പ്പണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: