ബീജിങ്: കൊവിഡിന് പിന്നാലെ ചൈന വീണ്ടും പകര്‍ച്ചവ്യാധി ഭീഷണിയില്‍. കൊവിഡിന് സമാനമായി നിഗൂഢമായ ന്യുമോണിയയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കിടയിലാണ് രോഗബാധ. ഇപ്പോള്‍ത്തന്നെ വടക്കന്‍ ചൈനയിലെ മിക്ക ആശുപത്രികളും കുട്ടികളെക്കൊണ്ട് നിറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ബീജിങ്ങിലും ലിയോണിങ്ങിലുമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളിലാണ് രോഗം പടരുന്നത്. മിക്ക സ്കൂളുകളും വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ അടച്ചിടേണ്ട അവസ്ഥയാണ്. രോഗബാധിതരായ കുട്ടികളില്‍ ശ്വാസകോശ വീക്കം, പനി എന്നിവയുള്‍പ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്. എന്നാല്‍ സാധാരണ പനിയുടെ ലക്ഷണങ്ങളല്ല ഇവ.
ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്രോമെഡിന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന കുട്ടികളില്‍ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച് മുന്നറിയിപ്പ് നല്കി. കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ രോഗം പടരുന്നു. ഈ വ്യാപനം എപ്പോള്‍ ആരംഭിച്ചെന്നു വ്യക്തമല്ല. വളരെ കുറച്ചു സമയത്തിനുള്ളില്‍ ഇത്രയധികം കുട്ടികള്‍ക്ക് രോഗം ബാധിക്കുന്നത് അസാധാരണമായിരിക്കും. മുതിര്‍ന്നവരെ ബാധിച്ചതായി സൂചനയില്ലെന്നുമാണ് പ്രോമെഡ് അറിയിച്ചത്. എന്നാല്‍ ഇത് ഒരു മഹാമാരി ആകുമോ എന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡിനെ കുറിച്ചും പ്രൊമെഡ് തന്നെയാണ് ആദ്യം മുന്നറിയിപ്പ് നല്‍കിയത്.
രോഗ വ്യാപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന ചൈനയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗത്തിന്റെ സ്വഭാവവും അത് പൊട്ടിപ്പുറപ്പെടാനുണ്ടായ സാഹചര്യവും മനസിലാക്കി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനായാണ് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സംഘടന അറിയിച്ചു. ചൈനയുടെ വടക്കന്‍ പ്രദേശത്താണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ന്യുമോണിയയുടെ ലക്ഷണങ്ങളാണ് കാണിക്കുന്നത്.
നവംബര്‍ 13ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാജ്യത്ത് ശ്വാസകോശ സംബന്ധമായ അസുഖം പടര്‍ന്നു പിടിക്കുന്നതായി ചൈനീസ് ഹെല്‍ത്ത് കമ്മിഷന് അറിയിച്ചത്. ചെനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒക്ടോബറില്‍ രോഗവ്യാപനം വന്‍തോതില്‍ ഉയര്‍ന്നതായാണ് കാണിക്കുന്നത്. ചുമ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, പനി തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ആവശ്യമെങ്കില്‍ ചികിത്സ തേടേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണം. വ്യക്തി ശുചിത്വം പാലിക്കുക, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ വൈദ്യ സഹായം തേടുക, സാഹചര്യത്തെ കുറിച്ച് അറിഞ്ഞുകൊണ്ടിരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്ന് ചൈനീസ് അധികൃതര്‍ പറയുന്നു. കൂടാതെ, ഇന്‍ഫഌവന്‍സ, മൈകോപ്ലാസ്മ ന്യുമോണിയ (കുട്ടികളില്‍ സാധാരണയായുണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധ), കൊറോണ വൈറസ് തുടങ്ങിയവയും നിലവിലെ രോഗബാധയ്ക്ക് കാരണമായി. നവംബര്‍ 21ന് കുട്ടികളിലെ അസാധാരണ രോഗബാധയെപ്പറ്റി പ്രോമെഡ് മുന്നറിയിപ്പ് നല്‍കിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ലോകാരോഗ്യ സംഘടനയോടെ രോഗനിര്‍ണയത്തിനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: