ശ്രീനഗര്‍: ജമ്മുവില്‍ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സുരക്ഷാസേന വീണ്ടും തകര്‍ത്തു. വ്യാഴാഴ്ച ജമ്മുവിലെ പാലന്വാലയില് നിയന്ത്രണരേഖയ്ക്ക് സമീപം ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച ആയുധങ്ങള്‍ സൈന്യം പിടികൂടി. സൈന്യത്തിന്റെയും ജമ്മു പോലീസിന്റെയും സംയുക്ത സംഘമാണ് ആയുധശേഖരം പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ നിയന്ത്രണരേഖയില്‍ പാലന്വാലയ്ക്ക് സമീപം നടത്തിയ സംയുക്ത തെരച്ചിലിലാണ് സംശയാസ്പദമായ ഒരു പെട്ടി കണ്ടെടുത്തത്. ഒമ്പത് ഗ്രനേഡുകള്‍, ഒരു പിസ്റ്റള്‍, രണ്ട് പിസ്റ്റള്‍ മാഗസിനുകള്‍, 38 ബുള്ളറ്റുകള്‍, ബാറ്ററി ഘടിപ്പിച്ച ഐഇഡി എന്നിവയാണ് പെട്ടിയില്‍ നിന്ന് കണ്ടെടുത്തത്.
സംഭവത്തില്‍ ഖൗര്‍ പോലീസ് സ്റ്റേഷന് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിസര പ്രദേശങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്. അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഡ്രോണ്‍ വഴി കടത്തിയ ആയുധങ്ങളാണിതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സെക്ടറിലെ മെറ്റ്ല മേഖലയില്‍ അതിര്‍ത്തി രക്ഷാസേന പാക് ഡ്രോണ്‍ വെടിവച്ചിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ 10 പിസ്റ്റള്‍, 10 പിസ്റ്റള്‍ മാഗസിന്, 20 വെടിയുണ്ടകള്‍ എന്നിവ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: