ബ്രഹ്മാണ്ഡത്തിലെ സകല ചരാചരങ്ങളെയും ആനന്ദിപ്പിക്കാന്‍ കഴിവുള്ളതാണ് ‘ഹരിവരാസനം വിശ്വമോഹനം’ എന്ന അയ്യപ്പന്റെ ഉറക്കുപാട്ട.് പ്രകൃതി പോലും നിശബ്ദമാകുന്ന ഈരടികള്‍. സന്നിധാനത്ത് ഹരിവരാസനം മുഴങ്ങുമ്പോള്‍ ഭക്തന്റെ ദുഃഖമത്രയും ആ ഇരടികളില്‍ അലിഞ്ഞു പോകുന്ന അനുഭവം. അത് ദിവ്യസന്നിധിയില്‍ നിന്ന് മാത്രം ലഭിക്കുന്ന ഒരു അനുഭൂതിയാണ് .
അമ്പലപ്പുഴ പുറക്കാട് കോന്നകത്ത് വീട്ടില്‍ ജാനകി അമ്മയാണ് ഈ ദിവ്യ മന്ത്രാക്ഷരി എഴുതിയത്. 1923ല്‍. അനന്തകൃഷ്ണ അയ്യര്‍ -കല്യാണിക്കുട്ടി അമ്മ ദമ്പതികളുടെ മകളായി 1893 ല്‍ ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ജാനകി അമ്മ ജനിച്ചത്.
പ്രപഞ്ചം, ജീവന്, ബന്ധം, അധികാരി, ആത്മാവ്, ഈശ്വരന്, മോക്ഷം തുടങ്ങിയ സകലതത്ത്വങ്ങളെയും പ്രാണവായുവിനെ പോലെ കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നു അനന്തകൃഷ്ണ അയ്യര്‍. അദ്ദേഹത്തിന് സംസ്കൃതത്തില്‍ നല്ല പാണ്ഡിത്യമുണ്ടായിരുന്നു. ജാനകി അമ്മ സംസ്കൃത വിദ്യാഭ്യാസം നേടിയതും ഒറ്റമൂലി ഔഷധചികിത്സയും,
പുരാണങ്ങളും, മന്ത്രവിദ്യകളും പഠിച്ചതും അയ്യപ്പനെക്കുറിച്ചുള്ള ഐതിഹ്യങ്ങളും വരദാന കഥകളുമെല്ലാം അറിഞ്ഞതും അച്ഛനില്‍ നിന്നായിരുന്നു.
കുട്ടനാട്ടിലെ കര്‍ഷക കുടുംബത്തില്‍പെട്ട ശങ്കരപ്പണിക്കരാണ് ജാനകിഅമ്മയെ വിവാഹം ചെയ്തത്. മുപ്പത് വയസ്സ് പ്രായമുള്ളപ്പോഴാണ് ജാനകി അമ്മ ഹരിവരാസനം രചിച്ചത്. ആ സമയത്ത് അവര്‍ ഗര്‍ഭിണിയായിരുന്നു. ജന്മം നല്കിയ ആണ്‍കുഞ്ഞിന് അയ്യപ്പന് എന്ന് നാമകരണം ചെയ്തു. ജാനകി അമ്മ തൊട്ടടുത്തുള്ള തോട്ടപ്പള്ളി ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ (അയ്യപ്പന്റെ പിതാവ് ആണല്ലോ മഹേശ്വരന്) വച്ചാണ് ഹരിവരാസനം ആദ്യമായി ആലപിക്കുന്നത്. ശബരിമലയില്‍ നിത്യപൂജയ്ക്കായി പോയ പിതാവിന്റെ കൈവശം ജാനകി അമ്മ ഹരിവരാസന കീര്‍ത്തനം കൊടുത്തുവിട്ട് അയ്യപ്പന്റെ തിരുനടയില്‍ കാണിക്കയായി സമര്‍പ്പിച്ചു.
വിശ്വമോഹനമാണ് ലോകം എന്നുള്ള തിരിച്ചറിവില്‍ എഴുതിയ ഈരടികളാണ് ‘ഹരിവരാസനം വിശ്വമോഹനം’ എന്ന ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: