തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികള്‍ക്ക് ആളെ കൂട്ടുകയല്ല വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ജോലിയെന്ന് എബിവിപി സംസ്ഥാനസെക്രട്ടറി എന്‍സിടി ശ്രീഹരി.
പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണമാക്കി മാറ്റിയ നവകേരള സദസിന് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധമായി പങ്കെടുപ്പിക്കാനുള്ള മലപ്പുറം തിരൂരങ്ങാടി ഡിഇഒയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ല.
നവകേരള സദസിന് ആളെ കൂട്ടാന്‍ നിര്‍ബന്ധമായും വിദ്യാര്‍ത്ഥികളെ എത്തിക്കണമെന്നും സ്കൂളുകള്‍ക്ക് അവധി നല്കണമെന്നുള്ള ഡിഇഒയുടെ നിര്‍ദ്ദേശം അനുവദിച്ചു കൊടുക്കില്ല. സമ്പൂര്‍ണ സാക്ഷരതയുടെ പേരില്‍ അഭിമാനിക്കുന്ന നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ ഇടപെടലുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാണുന്ന ജീര്‍ണത സ്കൂള്‍ വിദ്യാഭ്യാസത്തിലേക്കും വേരാഴ്ത്തുകയാണ്. പാര്‍ട്ടി പരിപാടികള്‍ക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന അടിമപ്പണി ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് എന്‍സിടി ശ്രീഹരി പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഭരണാധികാരികളില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. അതേസമയം മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും പാര്‍ട്ടി പ്രചാരണത്തിന് ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ വേല അംഗീകരിക്കില്ല.
സ്കോളര്‍ഷിപ്പുകളും ഈ ഗ്രാന്റ്സും മുടങ്ങിയിട്ട് വര്‍ഷങ്ങളായി, യുഎസ്എസ്-എല്‍എസ്എസ് സ്കോളര്‍ഷിപ്പുകളുടെ വിതരണം നിലച്ചിട്ട് നാലുവര്‍ഷമായി. ഉച്ചഭക്ഷണത്തിന്റെ അമിതഭാരം അധ്യാപകരുടെ തലയില്‍ വെച്ചുനല്‍കി, വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ആവശ്യങ്ങള്‍ പരിഹരിക്കേണ്ടതിനുപകരം പാര്‍ട്ടിക്ക് വിടുപണിചെയ്യുകയാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍. തിരൂരങ്ങാടി ഡിഇഒ യുടെ നിര്‍ദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എബിവിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: