Categories: Kerala

ഭാസുരാംഗന്‍ കോടികളുടെ കാലിത്തീറ്റ കുംഭകോണവും നടത്തി; പിടികൂടിയത് മില്‍മയ്‌ക്ക് പാല്‍ നല്‍കിയിരുന്നവരെ

മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘം എന്ന പേരില്‍ തുടങ്ങിയ പാല്‍ സൊസൈറ്റി വഴിയാണ് തട്ടിപ്പ് നടത്തിയത്. ഭാസുരാംഗനാണ് ക്ഷീര സൊസൈറ്റിയുടെയും പ്രസിഡന്റ്.

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത കണ്ടല സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗന്‍ കോടികളുടെ കാലിത്തീറ്റ കുംഭകോണവും നടത്തി. മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘം എന്ന പേരില്‍ തുടങ്ങിയ പാല്‍ സൊസൈറ്റി വഴിയാണ് തട്ടിപ്പ് നടത്തിയത്. ഭാസുരാംഗനാണ് ക്ഷീര സൊസൈറ്റിയുടെയും പ്രസിഡന്റ്.

കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിന്റെ പേരില്‍ കാലിത്തീറ്റ കമ്പനി തുടങ്ങിയിരുന്നു. സൊസൈറ്റിയിലേക്ക് പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കും. മില്‍മയ്‌ക്ക് പാല്‍ നല്‍കിയിരുന്ന കര്‍ഷകരെ ക്ഷീരയിലേക്ക് ആകര്‍ഷിക്കുന്നതിനായിരുന്നു ഭാസുരാംഗന്റെ കാലിത്തീറ്റ കമ്പനി.

മില്‍മ നല്‍കുന്നതിനേക്കാള്‍ കാലിത്തീറ്റ സബ്‌സിഡി നല്‍കുമെന്ന വാഗ്ദാനവും നല്‍കി. അന്ന് കോണ്‍ഗ്രസുകാരനായിരുന്നു ഭാസുരാംഗന്‍. മില്‍മ ഫെഡറേഷനില്‍ നിന്നും സംഘത്തിന്റെ ആസ്തികള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ വായ്പയെടുത്തായിരുന്നു കമ്പനി തുടങ്ങിയത്. ലക്ഷങ്ങള്‍ ചെലവഴിച്ച് കാലിത്തീറ്റ നിര്‍മാണത്തിനായി മെഷീനുകള്‍ സ്ഥാപിച്ചു.

ഇതിലും കമ്മീഷന്‍ ലഭിച്ചു. ആദ്യ ഘട്ടത്തില്‍ തീറ്റ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ച് നിര്‍മാണവും തുടങ്ങി. മില്‍മ ഫെഡറേഷനെ കബളിപ്പിക്കനായിരുന്നു തീറ്റ നിര്‍മാണം. ക്രമേണ തീറ്റ നിര്‍ണമാണം മതിയാക്കി. പകരം തമിഴ്‌നാട്ടില്‍ നിന്നും തീറ്റ എത്തിച്ച് ക്ഷീരയുടെ ലേബല്‍ പതിപ്പിച്ച ചാക്കുകളിലാക്കി വില്പന നടത്തുകയായിരുന്നു. ഇതിലും തമിഴ്‌നാട് കമ്പനിയില്‍ നിന്നും കമ്മീഷന്‍ അടിച്ചു.

ലക്ഷങ്ങള്‍ കോഴ വാങ്ങി കമ്പനിയില്‍ ജീവനക്കാരെയും നിയമിച്ചു. എന്നാല്‍ ശമ്പളത്തിന്റെ ഒരുഭാഗം കൊടുത്ത ശേഷം മുഴുവന്‍ ശമ്പളവും നല്‍കിയതായി ജീവനക്കാരില്‍ നിന്ന് ഒപ്പിട്ട് വാങ്ങുന്ന പ്രവണതയായിരുന്നു ഭാസുരാംഗന്‍ നടത്തി വന്നത്. ബാക്കി തുക ഭാസുരാംഗന്റെ പോക്കറ്റിലും. ക്രമേണ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതായതോടെ ജീവനക്കാര്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. ഇതോടെ കമ്പനി വന്‍ നഷ്ടത്തിലെന്ന് രേഖയുണ്ടാക്കി.

നാല് വര്‍ഷം മാത്രമാണ് കാലിത്തീറ്റ കമ്പനി പ്രവര്‍ത്തിച്ചത്. ലക്ഷങ്ങള്‍ കോഴ വാങ്ങി നിയമിച്ച ജീവനക്കാരെ പിരിച്ചുവിട്ടു. ഒടുവില്‍ വായ്പ വാങ്ങിയ മില്‍മ ഫെഡറേഷനോടും പോലും ആലോചിക്കാതെ കാലിത്തീറ്റ ഉണ്ടാക്കുന്ന മെഷീനുകള്‍ വിറ്റ് ലക്ഷങ്ങള്‍ കൈക്കലാക്കി. ഇതിനിടയില്‍ ക്ഷീര സഹകരണ സംഘം പ്രവര്‍ത്തിച്ചിരുന്ന അര ഏക്കറോളം സ്ഥലം നഷ്ടം നികത്താനെന്ന വ്യാജേന വില്‍ക്കാനും തീരുമാനിച്ചു.

മില്‍മ ഫെഡറേഷന്‍ തടഞ്ഞതിനെ തുടര്‍ന്ന് വില്പന മുടങ്ങില്ലെങ്കില്‍ അതിലും കോടികള്‍ തട്ടുമായിരുന്നു. കണ്ടല സഹകരണ സംഘവുമായി ബന്ധപ്പെട്ട തട്ടിപ്പാണ് ഇ ഡി അന്വേഷിക്കുന്നത്. ക്ഷീരയിലെ തട്ടിപ്പ് കൂടി അന്വേഷിച്ചാല്‍ നിലവിലെ 200 കോടിയുടെ തട്ടിപ്പ് ഇരട്ടിയാകും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക