പി. വത്സല എന്ന എഴുത്തുകാരിയുടെ വിലാസം ഇങ്ങനെയാണ്- പി. വത്സല, നെല്ല്, വയനാട്. അതെ തികച്ചും വിചിത്രമായ വിലാസം. നെല്ലെന്ന സിനിമ, അല്ലെങ്കില്‍ നോവലും, പിന്നെ വയനാടും ചേര്‍ന്നു സമ്മാനിച്ച ഇമേജ്.
ആഴത്തില്‍ വായിക്കുന്നവര്‍ ‘ആഗ്നേയം,’ ‘മേല്‍പ്പാലം’ മറ്റും മറ്റും ചൂണ്ടിക്കാണിച്ചേക്കും. പക്ഷേ ആദിവാസികളെക്കുറിച്ച് പ്ര സംഗിക്കുകയും അവരുടെ അവകാശങ്ങളുടെ പേരില്‍ രക്തരൂഷിത പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്യുന്നവരുടെ ആള്‍ക്കൂട്ടത്തില്‍ വത്സലയില്ല. പക്ഷേ അവരുടെ നോവല്‍-കഥാലോകത്തെ എഴുത്തുകളിലൂടെ ഈ കാടിന്റെ മക്കള്‍ക്ക്, അവഗണിക്കപ്പെട്ടവര്‍ക്ക്, മാതൃബിംബമാണ്.
ശരിയാണ്, കാലത്തിനു മുമ്പേ നടക്കുന്നവര്‍ക്ക് അവരുടെ കാലഘട്ടത്തില്‍ കൂട്ടുകാര്‍ കുറവായിരിക്കും. അവര്‍ക്ക് ആരാധകരും അനുയായികളും കുറയും. വത്സലയുടെ എഴുത്തുകള്‍ അങ്ങനെയായിരുന്നു. ഒരു സാഹിത്യ സുഹൃത്ത് വത്സലട്ടീച്ചറോടു പറഞ്ഞുവത്രെ, ”ടീച്ചര്‍ പത്തിരുപതു വര്‍ഷം മുമ്പേ ആയിപ്പോയി പറഞ്ഞതും എഴുതിയതുമൊക്കെ”യെന്ന്. ടീച്ചര്‍ പറഞ്ഞു: ”എഴുത്തുകാര്‍ക്ക് സമൂഹത്തോട് പ്രതിബദ്ധതയൊന്നുമില്ലെന്നാണ് ഇക്കാലത്തെ പറച്ചില്. പക്ഷേ അങ്ങനെയല്ല, എഴുത്തിനു സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയും. അതുകൊണ്ട് എഴുത്തുകാരനു പ്രതിബദ്ധതയുണ്ടാകുകയും വേണം. എഴുത്തച്ഛന്റെ രാമായണത്തെക്കുറിച്ചു പറയാം. രാമായണത്തിന്റെ അവതരണകാലത്ത് അന്നത്തെ സാമൂഹിക സ്ഥിതിയുടെമേല് നല്ല സ്വാധീനം ചെലുത്താന്‍ അതിനായി. അതാര്‍ക്കും നിഷേധിക്കാനാവില്ല കേരളം ഒരു ഗോത്ര സമൂഹമായിരുന്ന കാലം. മെയ്ക്കരുത്തില്‍ മാത്രമായിരുന്നു അന്നത്തെ വിശ്വാസം. അതില്‍നിന്നു വഴിമാറ്റാന്‍ എഴുത്തച്ഛനായി. തറവാടുകളിലാണ് രാമായണം വായിക്കപ്പെട്ടത്. ആ തറവാടുകളില്‍നിന്നാണ് സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിലേക്ക് നേതൃത്വം കൊടുക്കാന്‍ ആളുകള്‍ ഇറങ്ങിയത്. പക്ഷേ ആ സാംസ്കാരിക പാരമ്പര്യം തുടരാന്‍ നമുക്കായില്ല.”
വത്സലയുടെ നോവലുകളില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പേ, ഇന്ന് ചിലര്‍ പുരോഗമനത്തിന്റെയും ആധുനികതയുടെയും കുലചിഹ്നങ്ങളായി കൊണ്ടുനടക്കുന്ന ഫെമിനിസവും ആഗോളവല്കരണ വിരോധവും പരിസ്ഥിതി പ്രശ്നങ്ങളും വിഷയമായിരുന്നു. ‘മേല്‍പ്പാലം’ എന്ന നോവലിലെ, ആഗോളവല്കരണ വിപത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍, ‘നെല്ലി’ലെ ഫെമിനിസ്റ്റ്-പരിസ്ഥിതി വിഷയങ്ങളിലെ സ്ഫുരണങ്ങള്‍ എല്ലാം മലയാളത്തിലെ എഴുത്തിന്റെ ലോകത്ത് ഈ വിഷയങ്ങളില്‍ ആദ്യകിരണങ്ങളായിരുന്നു. പക്ഷേ, സാഹിത്യകേരളം പി. വത്സലയെന്ന എഴുത്തുകാരിയെ ഈ രൂപത്തില്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
ഒരു ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു: ”എന്റെ ഇസം ഹ്യൂമനിസമാണ്. ഇന്നത്തെ പുതിയ ഫെമിനിസത്തോട് എനിക്കു യോജിപ്പില്ല. പാശ്ചാത്യ ഫെമിനിസം ഭാരതത്തിന് ചേര്‍ന്നതല്ല. നമുക്ക് പുരാതനമായ ഒരു കാഴ്ച്ചപ്പാടുണ്ട് ഈ രംഗത്ത്. അമ്മ തായ്വഴിയായിരുന്നു അത്. അത് നല്ലതായിരുന്നു. പക്ഷേ സെമിറ്റിക് മതങ്ങളുടെ വരവോടെ അത് തകര്‍ന്നു. പല വിദേശ രാജ്യങ്ങളും ഈ കാര്യത്തില്‍ നമ്മുടെ വഴിയായിരുന്നു പിന്തുടര്ന്നിരുന്നത്. ഇസ്ലാമിക രാജ്യങ്ങളില്‍പോലും. പക്ഷേ ഇവിടെ ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളുടെ വരവോടെ അതില്‍ മാറ്റം വന്നു. പക്ഷേ ഇന്നും ആദിവാസികള്‍ക്കിടയില്‍ ആ കാഴ്ചപ്പാടും ജീവിത സമ്പ്രദായവുമുണ്ട്. അതവര്‍ക്കിടയില്‍ ഇപ്പൊഴും പിന്തുടരുന്നു. പിന്നെ കുറച്ചെങ്കിലും ഇതുള്ളത് തമിഴ്നാട്ടിലാണ്. പ്രകൃതിയാണ് പ്രപഞ്ചത്തിന്റെ ജീവന് എന്ന ദര്‍ശനമാണ് എനിക്ക്. അത് ഭാരത സംസ്കാരത്തിലധിഷ്ഠിതമാണ്. പക്ഷേ ഇതൊന്നും വിളിച്ചു പറയാന്‍ ഞാനില്ല. അതിനെനിക്കു താല്പര്യമില്ല. സാഹിത്യമെഴുത്തുകാരിയെന്ന നിലയില്‍ ഞാന്‍ അതൊക്കെ എഴുതുന്നു. അതു കാണുന്നവരും തിരിച്ചറിയുന്നവരും ആസ്വദിക്കുന്നു. അതിന്റെ പേരില്‍ എനിക്കു ക്രെഡിറ്റുവേണമെന്നു ഞാന്‍ പറയുന്നില്ല. ക്രെഡിറ്റുകിട്ടാത്തതില് വിഷമവുമില്ല. എന്റെ സാഹിത്യത്തിന് ഇന്നും വായനക്കാരുണ്ട്, അവരത് ആസ്വദിക്കുന്നുമുണ്ട്. എനിക്കതുമതി.”
നിശ്ചയ ദാര്‍ഢ്യത്തോടെ ഈ എഴുത്തുകാരി പറഞ്ഞു: ”എന്റെ ഒരു ക്യാപ്പിറ്റല്‍ അതാണ്. ഞാന്‍ ആരുടെയും കൂടെ ചേരാറില്ല. ഒറ്റയാനാകാനൊന്നുമല്ല, എന്റെ ഒരു തീരുമാനമാണിത്. വിവാദങ്ങളിലൂടെയൊന്നും വളരാനെനിക്കു താല്പര്യമില്ല. ഞാന്‍ എനിക്കു പറയാനുള്ളത് പറയുന്നു. ദളിതെഴുത്തും പെണ്ണെഴുത്തുമൊന്നും എനിക്ക് താല്പര്യമില്ല. ഒരു പക്ഷവും പിടിക്കാറില്ല. അതുകൊണ്ട് ഞാന്‍ എല്ലാവര്ക്കും പഥ്യമാണ്. മറ്റൊരാളുടെ കാഴ്ചപ്പാട് എന്നില്‍ എത്ര ശ്രമിച്ചാലും ആര്‍ക്കും അടിച്ചേല്‍പ്പിക്കാനാകില്ല. അതും എല്ലാവര്ക്കും അറിയാം. പക്ഷം പിടിച്ചുനില്‍ക്കാനല്ല, മൂല്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. അതാണു ഞാന്‍ ചെയ്യുന്നത്. അല്ലാതെ ഓരോ സമയം ഓരോരുത്തര്‍ക്കൊപ്പം നിന്ന് ചാഞ്ചാടാന്‍ ഞാനില്ല. എനിക്കതില്‍ നഷ്ടബോധമില്ല, ഗുണമുണ്ട്. എനിക്കൊരു വിലയുണ്ട്, വ്യക്തിത്വമുണ്ട്.”
വയനാടിന്റെയും അവിടത്തെ ആദിവാസി ജനങ്ങളുടെയും കഥാകാരിയെന്ന പ്രതിച്ഛായ എങ്ങനെയോ ടീച്ചറെന്ന ഇമേജിനെയും അധികരിച്ച് വത്സലയെന്ന എഴുത്തുകാരിക്കുമേല്‍ നില്ക്കുന്നു. അതെക്കുറിച്ച് അവര്‍ പറയുന്നു, ”ഞാന്‍ വയനാട്ടില്‍ പോയത് 25-ാം വയസിലാണെന്നു തോന്നുന്നു. പക്ഷേ, അതിനൊക്കെ എത്രയോ മുമ്പ് എന്നില്‍ വയനാടും അവിടത്തെ ആദിവാസികളും അവരുടെ ജീവിതവും കുടിയേറിക്കഴിഞ്ഞിരുന്നു. കുട്ടിക്കാലം മുതലേ വയനാട് എന്റെ സ്വപ്നമായിരുന്നു. ആവേശവും. ഇന്നും ഏപ്രില്‍-മെയ്, നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഞാന്‍ തിരുനെല്ലിയിലെ എന്റെ കോട്ടേജിലായിരിക്കും കഴിയുക. അവിടത്തെ ആദിവാസികള്‍, അവരുടെ ജീവിതരീതി, വിശ്വാസങ്ങള്‍ എല്ലാം എനിക്ക് ജീവനമാണ്. അവയ്ക്കെല്ലാം പിന്ബലമേകാന് എനിക്ക് ഉപനിഷത്തുകളില്‍നിന്നും ചരിത്ര പഠനങ്ങളില്‍നിന്നും മറ്റും കിട്ടിയ ദര്‍ശനമുണ്ട്. നിങ്ങള്‍ക്കറിയുമോ ആദിവാസികള്‍ക്കിടയിലാണ് ഫെമിനിസം ഏറ്റവും കൂടുതലുള്ളത്. അവരില്‍ കുടുംബനാഥകള്‍ക്ക് കൂടുതല്‍ ശക്തിയും അധികാരവും സ്വാതന്ത്ര്യവുമുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം അവര്ക്കിടയിലുള്ളതുപോലെ വേറെ എവിടെയുണ്ട്. ഇതൊന്നും അവരെ ആരും പഠിപ്പിച്ചു കൊടുത്ത അവകാശങ്ങളല്ല.”
നെല്ല്, അതെ, നെല്ല് എന്ന സിനിമയോ നോവലോ ആണ് പി. വത്സലയെ തിരിച്ചറിയാനുള്ള കാര്‍ഡ് പലര്‍ക്കും, പല കാരണങ്ങളാലും. ടീച്ചറും പറയുന്നത് അതുതന്നെ, ”നെല്ലുതന്നെയാണ് എനിക്കും ഏറെ ഇഷ്ടപ്പെട്ട എന്റെ കൃതി. അതു സിനിമയായതുകൊണ്ടാവാം ജനങ്ങള്‍ ഏറെ എന്നെ അതിലൂടെ തിരിച്ചറിഞ്ഞത്. സിനിമയാക്കാന്‍ അത്ര വലിയ താല്പര്യമൊന്നും എനിക്കുണ്ടായില്ല. പക്ഷേ രാമുകാര്യാട്ടു വന്നു ചോദിച്ചപ്പോള്‍ നിരസിക്കാനുമായില്ല. സാമ്പത്തികനേട്ടമായിരുന്നില്ല പ്രചോദനം. ഞാനും അതിനു തിരക്കഥ എഴുതി, എസ്.എല്‍. പുരവും കെ.ജി. ജോര്‍ജ്ജും തിരക്കഥ എഴുതി. ഈ മൂന്നില്‍നിന്നും ചേര്‍ത്താണ് സിനിമ നിര്‍മിച്ചത്. എനിക്ക് ദൃശ്യഭാഷയുണ്ടെന്നും സിനിമയില്‍ തുടരണമെന്നും അന്ന് പലരും പറഞ്ഞു. എനിക്കതിനു തീരെ താല്പര്യമില്ലായിരുന്നു.’സിനിമയിലേക്കു തിരിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ഏറെ പ്രശസ്തയായേനെ.”
‘കനല്’ എന്ന നോവലിലെ നായിക അനുരാധയുടെ ആദ്യത്തെ പ്രേമലേഖന ത്തെക്കുറിച്ചുള്ള പി. വത്സലയുടെ വിവരണം ആ രചനകള്ക്കാകെ ചേരും-”വാക്കുകളില്‍നിന്ന് അവള് പൂക്കള്‍ വിരിയിച്ചെടുത്തു. വാക്കുകള്‍കൊണ്ടവള്‍ കൊട്ടാരം നിര്‍മ്മിച്ചു. വാക്കുകള്‍കൊണ്ടു പ്രപഞ്ചത്തെ അണിയിച്ചൊരുക്കി.” അതെ, പൂവിന്റെ ദലങ്ങള്‍ക്കു വിരിയാതിരിക്കാനാവില്ലല്ലോ, കാറ്റിന് ആ പൂമണം വിതറാതിരിക്കാനും..
പ്രതികരിക്കാൻ ഇവിടെ എഴുതുക: