മുഖ്യമന്ത്രി പിണറായി വിജയന് ഭരണംകൊണ്ടു മാത്രമല്ല, ഭാഷകൊണ്ടും ശരീരഭാഷകൊണ്ടും കേരളത്തെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. കണ്ണൂരിലെ കല്ല്യാശ്ശേരിയില്‍ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്സുകാരെ ഡിവൈഎഫ്ഐക്കാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രതികരണം അതിനിന്ദ്യമാണ്. നവകേരള സദസ്സിന്റെ ആഡംബര ബസ്സിനു മുന്നില്‍ ചാടിയവരെ ഡിവൈഎഫ്ഐക്കാര്‍ രക്ഷിക്കുകയായിരുന്നുവെന്നാണ് പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കരിങ്കൊടിയുമായി പ്രതിഷേധിക്കാനെത്തിയവരെ നൂറുകണക്കിന് ഡിവൈഎഫ്ഐക്കാര്‍ ഓടിയെത്തി ഹെല്‍മറ്റുകളും ചെടിച്ചട്ടികളുമുപയോഗിച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിപിഎമ്മിന്റെ ‘കൈരളി’യൊഴികെ മറ്റെല്ലാ ചാനലുകളും കാണിക്കുകയുണ്ടായി.
പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയ പ്രതിഷേധക്കാരെ സ്റ്റേഷനിലെത്തിയും ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചു. ഇതിനിടെ പോലീസുകാരുമായും ഇവര്‍ തല്ലുണ്ടാക്കി. അക്രമം കാണിച്ചതിന് ഡിവൈഎഫ്ഐക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. പിണറായി പറയുന്നതനുസരിച്ചാണെങ്കില്‍ വലിയ തെറ്റാണ് പോലീസുകാര്‍ ചെയ്തിരിക്കുന്നത്. ആരെയെങ്കിലും രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അക്രമത്തിനു കേസെടുക്കുകയോ? ആളുകളെ സംഘടിതമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് അവരെ രക്ഷപ്പെടുത്തലാണെങ്കില് സ്ത്രീപീഡനങ്ങള്‍ എന്തായിരിക്കും? കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ ഒരു യുവതി ലൈംഗിക അതിക്രമത്തിന് ഇരയായതിനെ പിണറായി എങ്ങനെയാണ് കാണുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. ടി.പി. ചന്ദ്രശേഖരനെ അമ്പത്തിയൊന്ന് വെട്ടുവെട്ടി കൊലപ്പെടുത്തിയത് ആ സഖാവിനെ ദയാവധത്തിന് വിധേയമാക്കലായിരുന്നോ?
പ്രതിഷേധക്കാരെ മര്‍ദ്ദിച്ചതല്ല, രക്ഷിച്ചതാണെന്ന് ഒരു കൊലച്ചിരിയോടെയാണ് പിണറായി പറഞ്ഞത്. പ്രതിഷേധം പിന്‍വലിക്കണമെന്നും മറിച്ചാണെങ്കില്‍ നമുക്ക് കാണാമെന്നുകൂടി പിണറായി പറയുകയുണ്ടായി. കല്ലും വടികളുമായി മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയവര്‍ക്കു നേരെ സ്വാഭാവിക പ്രതികരണമാണുണ്ടായതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന് പറഞ്ഞതില്‍നിന്നുതന്നെ അക്രമത്തെ ന്യായീകരിക്കുകയും, ആവര്‍ത്തിക്കുന്നതിന് പച്ചക്കൊടി കാണിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തതെന്ന് വ്യക്തം. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയവരെ ആക്രമിച്ചതിനെ ന്യായീകരിച്ചതുപോലെയാണ് ജയരാജന് സംസാരിക്കുന്നത്. ഏറ്റവും വിചിത്രമായ കാര്യം മറ്റൊന്നാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രി തന്റെ ക്രിമിനല്‍സ്വഭാവം പുറത്തെടുത്തത്. താങ്കള്‍ ചിത്രീകരിക്കുന്നതുപോലെയല്ല കാര്യങ്ങളെന്നു പറയാന്‍ ഒരു മാധ്യമപ്രവര്‍ത്തകനും തയ്യാറായില്ല. ഭയപ്പെടേണ്ട ഒരു സ്ഥിതിവിശേഷമാണിത്. നട്ടുച്ചയ്ക്കിരുട്ടാണെന്ന് നാളെ മുഖ്യമന്ത്രി പറഞ്ഞാല്‍ അതും ഇവര്‍ സമ്മതിച്ചുകൊടുക്കുമായിരിക്കും. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ജനാധിപത്യവും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവുമൊന്നും ഉണ്ടായിരുന്നില്ല. ചൈനയിലും ഉത്തരകൊറിയയിലും ഇപ്പോഴും അതില്ല. നവകേരള സദസ്സ് മുന്നേറുന്നത് അത്തരമൊരു അവസ്ഥയിലേക്കാണ്. ജനങ്ങള്‍ക്കു വേണ്ടിയല്ല, സിപിഎം എന്ന പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും വേണ്ടിയാണ് ഭരണം. അവര്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. നിയമവാഴ്ച ഇതിന് തടസ്സമല്ലെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. ഇതൊക്കെ സഹിക്കാന്‍ കോണ്ഗ്രസ്സുകാര് നിര്‍ബന്ധിതരാണ്. കാരണം ദേശീയതലത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് സിപിഎമ്മിനെതിരെ പറയുന്നത് വെറും ഫലിതമാണ്. സോദരര്‍ തമ്മിലെ പോരൊരു പോരല്ലല്ലോ.
തിരുനെല്ലിയുടെ കഥാകാരി
മണ്ണിന്റെ മണമുള്ള രചനകളിലൂടെ മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരിയെയാണ് പി.വത്സലയുടെ വേര്‍പാടോടെ മലയാളികള്‍ക്ക് നഷ്ടമായിരിക്കുന്നത്. വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന നെല്ല് എന്ന നോവലിലൂടെ ശ്രദ്ധേയയായ ഈ നോവലിസ്റ്റ് അരക്കില്ലം, ആഗ്നേയം, വേനല്‍, കൂമന്‍കൊല്ലി, ഗൗതമന്, ചാവേര്‍ എന്നിങ്ങനെ നിരവധി നോവലുകളും ആസ്വാദകര്‍ക്ക് സമ്മാനിച്ചു. പച്ചമനുഷ്യരുടെ ജീവിതാവസ്ഥകളെ കോറിയിടുന്ന നിരവധി ചെറുകഥാ സമാഹാരങ്ങളും കൈരളിക്ക് നല്കി. ബാലസാഹിത്യം, യാത്രാവിവരണങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ജീവചരിത്രം എന്നിവയുള്‍പ്പെടെ എഴുത്തിന്റെ മേഖലയില്‍ തന്റേതായ ഇടം സ്ഥാപിച്ചെടുക്കാന്‍ വത്സലയ്ക്ക് കഴിഞ്ഞു. തിരുനെല്ലിയുടെ കഥാകാരിയായി അറിയപ്പെട്ട ഈ എഴുത്തുകാരി നെല്ല് എന്ന നോവലില്‍ ആവിഷ്കരിച്ച ആദിവാസികളുടെ ജീവിതം അതിന് മുന്‍പ് പലര്‍ക്കും അജ്ഞാതമായിരുന്നു. മലയാളത്തില്‍ ഏറെ വായിക്കപ്പെട്ട ഒരു കൃതിയാണിത്. കാലം ഒരുപാട് മാറിയപ്പോഴും ഈ നോവലിലെ കഥാപാത്രങ്ങളായ മാരയും മല്ലയും കുറുമാട്ടിയുമെല്ലാം മരണമില്ലാത്തവരായി തുടര്‍ന്നു. എഴുത്തിലെ കരുത്ത് ജീവിതത്തിലും സൂക്ഷിച്ച വത്സലയ്ക്ക് സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ മടിയുണ്ടായിരുന്നില്ല. തപസ്യ കലാസാഹിത്യവേദിയുമായും ജന്മഭൂമിയുമായും കേസരിയുമായും അടുത്തു സഹകരിച്ചത് പലര്‍ക്കും ഇഷ്ടപ്പെടാതിരുന്നത് ഈ എഴുത്തുകാരി വകവച്ചില്ല. ഞങ്ങളുടെ ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: