ന്യൂദല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ച് ലോകം ആശങ്കാകുലരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എഐയ്ക്ക് ആഗോളതലത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനായി ലോകം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജി 20 രാജ്യങ്ങളുടെ വെര്‍ച്വല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീപ്ഫേക്ക് സമൂഹത്തിനും വ്യക്തികള്‍ക്കും എത്രത്തോളം അപകടകരമാണെന്ന് മനസ്സിലാക്കണം. എഐ ജനങ്ങളിലേക്ക് എത്തണം, എന്നാലത് സമൂഹത്തിന് സുരക്ഷിതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ബന്ദികളെ വിട്ടയച്ചതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുദ്ധം ഒരു മേഖലയെ ആകെ ബാധിക്കുന്ന തരത്തിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. പശ്ചിമേഷ്യന്‍ മേഖലയിലെ അരക്ഷിതാവസ്ഥയുടെയും അസ്ഥിരതയുടെയും സ്ഥിതി ആശങ്കാജനകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഫ്രിക്കന്‍ യൂണിയന് ജി 20 ല്‍ അംഗമായത് അഭിമാനകരമാണെന്ന് മോദി പറഞ്ഞു. ഭാരതത്തിന്റെ അധ്യക്ഷതയില്‍ ജി 20 പീപ്പിള്‍സ് 20 ആയി അംഗീകരിക്കപ്പെട്ടു. രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ ജി 20 യുമായി ബന്ധപ്പെട്ടു. ഞങ്ങളത് ഉത്സവമായി ആഘോഷിച്ചെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: