ദുംഗര്‍പൂര്‍ (രാജസ്ഥാന്): ‘എഴുതിവയ്ക്കൂ നിങ്ങള്‍, ഗെഹ്ലോട്ട് സര്‍ക്കാര്‍ മടങ്ങിവരില്ല. മാവ്ജി മഹാരാജിന്റെ പവിത്രമായ മണ്ണില്‍ നിന്നുകൊണ്ട് ഞാന്‍ പ്രവചിക്കുന്നു’, ദുംഗാര്‍പൂരിലെ സഗ്വാരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവചനം.
കോണ്‍ഗ്രസ് സര്‍ക്കാര്‍ മടങ്ങിവരാന്‍ പാടില്ല. അവര്‍ നമ്മുടെ യുവാക്കളുടെ സ്വപ്നങ്ങള്‍ നശിപ്പിച്ചു. കര്‍ഷകരെ ആത്മഹത്യയിലേക്ക് വലിച്ചെറിഞ്ഞു. അമ്മമാരെയും സഹോദരിമാരെയും അപമാനിക്കാന്‍ വഴിയൊരുക്കി. മതഭീകരരെ അഴിഞ്ഞാടാനായി തുറന്നുവിട്ടു. രാജസ്ഥാന്റെ രാജകീയപ്രൗഢി ഇല്ലാതാക്കി. ജനങ്ങളെ ദ്രോഹിച്ചു. ഇനിയൊരിക്കല്‍ കൂടി അധികാരം സ്വപ്നം പോലും കാണാത്ത വിധം അവരെ പാഠം പഠിപ്പിക്കണം.
ക്ഷേമപദ്ധതികളുടെ കാര്യത്തില്‍ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള എല്ലാ പ്രതീക്ഷകളും കൈവിടുന്നിടത്ത് നിന്ന് മോദിയുടെ ഉറപ്പുകള്‍ ആരംഭിക്കുന്നു. ജനാധിപത്യം ദുര്‍ഭരണത്തില്‍ നിന്നുള്ള മോചനത്തിനായി ഉപയോഗിക്കണം. ഒരു ചെറിയ തെറ്റ് മതി അഞ്ച് വര്‍ഷത്തേക്ക് അത് നമ്മെ വേട്ടയാടും, പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തെറ്റുകള്‍ ചോദ്യം ചെയ്ത രാജേഷ് പൈലറ്റിനോടുള്ള വിരോധമാണ് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം മകന് സച്ചിന് പൈലറ്റിനോട് അവര്‍ തീര്‍ക്കുന്നതെന്ന് പ്രധാനമന്ത്രി ഭില്‍വാരയിലെ റാലിയില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ചരിത്രം അതാണ്. ഒരു കുടുംബത്തിന് മാത്രമാണ് അതില്‍ അധികാരം. എതിര്‍ക്കുന്നവര്‍ക്ക് പിന്നെ രാഷ്ട്രീയത്തില്‍ അവര്‍ ഇടം നല്‍കില്ല.
സോണിയയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്തതാണ് രാജേഷ് പൈലറ്റ് പാര്‍ട്ടിക്കുള്ളില്‍ ചെയ്ത തെറ്റ്. ഇപ്പോഴും അവര്‍ അതിന്റെ പക ഉള്ളില്‍ കൊണ്ടുനടക്കുന്നുവെന്നതാണ് സച്ചിനെതിരായ നീക്കങ്ങള്‍ കാണിക്കുന്നതെന്ന് പ്രധാനമന്ത്രി ഭില്‍വാരയിലെ ബിജെപി റാലിയില്‍ പറഞ്ഞു. 2018 ലെ വിജയത്തിന് ശേഷം ഗെഹ്ലോട്ടും സച്ചിനും തമ്മില്‍ മുഖ്യമന്ത്രിപദത്തിനായി വഴക്കിട്ടു. ഒടുവില്‍ രണ്ടാമനാകാന്‍ പൈലറ്റിന് സമ്മതിക്കേണ്ടിവന്നു. 2020ല്‍ വീണ്ടും കോണ്‍ഗ്രസില്‍ കലാപമായി.
1996ല്‍ നരസിംഹറാവു കോണ്‍ഗ്രസ് പ്രസിഡന്റ് പദം ഒഴിഞ്ഞപ്പോള്‍ സീതാറാം കേസരിക്കാണ് വഴിയൊരുങ്ങിയത്. ശരത്പവാറും രാജേഷ് പൈലറ്റും ഇതിനെ എതിര്‍ത്തെങ്കിലും തോറ്റു. 1997 ലാണ് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ സ്വയം പ്രഖ്യാപിച്ച് സോണിയ രംഗത്തുവന്നത്. ഒറ്റവര്‍ഷത്തിനുള്ളില്‍ അവര്‍ സീതാറാം കേസരിയെ ചവിട്ടിപ്പുറത്താക്കി ആ പദവി കൈക്കലാക്കി. ഇതാണ് കോണ്‍ഗ്രസിന്റെ ചരിത്രമെന്നും അതേവഴിക്ക് നീങ്ങുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: