തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി പി. വത്സലയുടെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മലയാള സാഹിത്യലോകത്തെ സമ്പന്നമാക്കിയ എഴുത്തുകാരിയാണ് വത്സല എന്ന് അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളുമായി മലയാള സാഹിത്യ ലോകത്തെ സമ്പന്നമാക്കിയ എഴുത്തുകാരിയാണ് പി. വത്സലയെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരസ്‌കരിക്കപ്പെടുന്നവരുടെയും പാർശ്വവത്കരിക്കപ്പെടുന്നവരുടെയും ജീവിതത്തെക്കുറിച്ച് അവർ കഥകളിലൂടെ വായനക്കാരോട് സംവദിച്ചു. കൂമൻകൊല്ലിയിലെ സാംസ്‌കാരിക, സാമൂഹിക പ്രകൃതിയായിരുന്നു അവരുടെ കഥാന്തരീക്ഷം. വയനാടിന്റെ കഥാകാരിയെന്നാണ് പി വത്സല അറിയപ്പെട്ടിരുന്നത്.
കാളിന്ദിപ്പുഴയും വയലും കാടുമെല്ലാം അതിരിടുന്ന കൂമൻ കൊല്ലിയിൽ അവർ വസിച്ചു. വയനാടും, പ്രധാനമായി തിരുനെല്ലിയും വത്സലയുടെ സാഹിത്യത്തിന്റെ ഭാഗമായി. വയനാടിന്റെ ജീവിതത്തെയും പ്രകൃതിയേയും സാമൂഹ്യ രാഷ്‌ട്രീയ സ്പന്ദനങ്ങളെയും തന്റെ സാഹിത്യത്തിലേക്കാവാഹിച്ച എഴുത്തുകാരിയുടെ വേർപാട് മലയാളഭാഷയ്‌ക്കും സാഹിത്യത്തിനും പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്.
രാമുകാര്യട്ടിന്റെ ആവിഷ്‌കാരത്തിൽ പിന്നീട് ചലച്ചിത്രമായ നെല്ല് എന്ന ആദ്യ നോവലിലൂടെതന്നെ വത്സല ടീച്ചർ തന്റെ നിലപാട് സമൂഹത്തോടു വെളിപ്പെടുത്തി. തിരുനെല്ലിയുടെ സാമൂഹിക രാഷ്‌ട്രീയ പാരിസ്ഥിതിക സ്വാധീനം മിക്ക കൃതികളിലുമുണ്ട്. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിനിർത്തി നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയെ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഉച്ചത്തിൽ വിളിച്ചുപറയാൻ ടീച്ചർക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല. മോദി രാജ്യത്തിന്റെ അഭിമാനം ഉയർത്തി എന്നായിരുന്നു ടീച്ചറുടെ അഭിപ്രായം.
വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും തുടങ്ങി സാങ്കേതിക വിദ്യയുടെ വളർച്ചയിൽ വരെ നമ്മുടെ രാജ്യത്തെ സ്വയംപര്യാപ്തതയിലെത്തിക്കാനുള്ള യജ്ഞമാണ് മോദി നടത്തിവരുന്നതെന്ന് അർത്ഥശങ്കയ്‌ക്കിടയില്ലാത്തവിധം അവർ വ്യക്തമാക്കിയിരുന്നു. എഴുത്തിലും പ്രവൃത്തിയിലും വാക്കിലും നിലപാടുകളുണ്ടാകുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുക എന്ന അപൂർവ്വം വ്യക്തിവിശേഷം വത്സല ടീച്ചറുടെ പ്രത്യേകതയായിരുന്നു. പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരാഞ്ജലികൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: