ന്യൂദല്‍ഹി: ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്ന് പ്രവേശന നികുതി പിരിക്കില്ലെന്ന് കേരള സര്‍ക്കാര്‍. പ്രവേശന നികുതിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച വാഹന ഉടമകളില്‍ നിന്ന് നികുതി ഈടാക്കില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.
തമിഴ്നാടും പ്രവേശന നികുതി ഈടാക്കില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ സുപ്രീം കോടതിയെ സമീപിച്ച റോബിന് ബസ് ഉടമ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ പ്രവേശന നികുതി പിരിക്കില്ലെന്ന് ഉറപ്പായി.
സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പ്രവേശന നികുതി പിരിക്കുന്നതിനെതിരേ വിവിധ സ്വകാര്യ ബസ് ഉടമകള്‍ നല്കിയ ഹര്‍ജികളില്‍ നികുതി പിരിക്കുന്നതു തടഞ്ഞ് നേരത്തേ സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍, ഉത്തരവ് നിലനില്‍ക്കേ കേരളവും തമിഴ്നാടും പ്രവേശന നികുതി ഈടാക്കുന്നെന്ന് ബസ് ഉടമകള്‍ സുപ്രീം കോടതിയെ അറിയിച്ചു. പാതി രാത്രിയും പുലര്‍ച്ചെയും പോലും വാഹനങ്ങള്‍ തടഞ്ഞ് നികുതി പിരിക്കുകയാണെന്നും യാത്രക്കാരും മറ്റും ബുദ്ധിമുട്ടുകയാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.
നികുതി പിരിക്കുന്നവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് സ്വകാര്യവാഹന ഉടമകള്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും നികുതി ഇനി മുതല്‍ ഈടാക്കില്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
കോടതിയലക്ഷ്യ ഹര്‍ജിയില്‍ തമിഴ്നാടിന് സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും ഉദ്യോഗസ്ഥര്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. തമിഴ്നാട് നികുതി പിരിക്കില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ കേരളത്തെക്കൂടി നികുതി പിരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. പിന്നാലെയാണ് കേരളവും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്.
സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനമൊഴിവാക്കാനാകില്ലെന്നും ഈ വിഷയത്തിലെ വിവിധ ചട്ടങ്ങളുടെ സാധുത പരിശോധിക്കപ്പെടണമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. പ്രത്യേക പ്രവേശന നികുതി പിരിക്കുന്നതിനെതിരേ സ്വകാര്യ ബസ് ഉടമകള്‍ നല്കിയ ഹര്‍ജിയില്‍ ജനുവരി 10ന് വിശദ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: