ഇരിട്ടി: പഴയകാലത്തെ ഏകാധിപത്യ രാജാക്കന്മാരുടെ ഭരണത്തെ അനുസ്മരിപ്പിക്കുകയാണ് പിണറായി വിജയനെന്ന് ഡിജിറ്റല്‍ റീസര്‍വ്വേയുടെ പേരില്‍ കുടിയിറക്ക് ഭീഷണിയുള്ള ആറളം വീര്‍പ്പാട് പ്രദേശം സന്ദര്‍ശിച്ച ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു. സാധാരണജനങ്ങള്‍ കാലാകാലങ്ങളായി താമസിച്ചുവരുന്ന അവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും ഒരു കാരണവുമില്ലാതെ ഒഴിഞ്ഞു കൊടുക്കണമെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ക്ക് നല്‍കിയിരിക്കുന്ന ഉത്തരവ്.
എന്തിന്റെ പേരിലാണ് തങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നത് എന്നറിയാനുള്ള അവകാശമെങ്കിലും ഈ പ്രദേശത്തുകാര്‍ക്കുണ്ട്. നവകേരള സദസ്സ് എന്നപേരില്‍ നാടുകാണാനിറങ്ങിയ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം ജില്ലയിലെ ഈ ജനവിരുദ്ധ നയത്തിന് നേരേയാവണം ആദ്യം ശ്രദ്ധതിരിക്കാന്‍. എന്നിട്ടുവേണം കേരളത്തിലെ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കാന്‍. ഈ പ്രദേശത്തെ അന്‍പതോളം കുടുംബങ്ങളെ ഒരു കാരണവുമില്ലാതെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം ഒരു കാരണവശാലും അനുവദിക്കില്ല.
ഇവരുമായി സംസാരിച്ചപ്പോള്‍ കോട്ടയം രാജാവിന്റെ കാലം മുതലേ ഇവര്‍ക്ക് അവകാശം ലഭിച്ച ഭൂമിയാണ് ഇതെന്നും എല്ലാ രേഖകളും പട്ടയവുമുള്ള ഭൂമിയില്‍ ഇവര്‍ കാലാകാലങ്ങളായി നികുതി ഒടുക്കി വരുന്നതായുമാണ് അറിയാന്‍ കഴിഞ്ഞത്. എന്തിനാണ് തങ്ങളെ ഇങ്ങിനെ ഒരു സര്‍വേ നടത്തി കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ക്കാര്‍ക്കും അറിയില്ല. ഇവരെ കുടിയിറക്കാനുള്ള ശ്രമത്തില്‍ നിന്നും പിണറായി സര്‍ക്കാര്‍ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ഈ ജനദ്രോഹനയത്തിനെതിരെ ബിജെപി അതിശക്തമായി രംഗത്തിറങ്ങുമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്. സുരേഷ്, സജീവന് ആറളം, അജേഷ് നടുവനാട്, സത്യന് കൊമ്മേരി, പ്രിജേഷ് അളോറ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: