ബെംഗളൂരു: കര്‍ണാടക ഖനി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. പ്രതിമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയില്‍നിന്നും അഞ്ച് ലക്ഷം രൂപ കണ്ടെടുത്തു. ഉദ്യോഗസ്ഥയുടെമുന് ഡ്രൈവര്‍ ആയിരുന്ന കിരണ്‍ ആണ് കേസില്‍ അറസ്റ്റിലായിരുന്നത്. കവര്‍ച്ച ലക്ഷ്യമിട്ടമാണ് പ്രതി കൊല നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ഇക്കാര്യം പ്രതി സമ്മതിച്ചതായും ഉദ്യോഗസ്ഥയുടെ വീട്ടില്‍നിന്ന് 27 ഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷംരൂപയുമാണ് പ്രതി കവര്‍ന്നതെന്നും പോലീസ് പറഞ്ഞു. കവര്‍ച്ച കൂടി ലക്ഷ്യമിട്ടാണ് കൃത്യം നടത്തിയതെന്നാണ് പ്രതിയുടെ പുതിയ മൊഴി. കര്‍ണാടക മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ കെ.എസ്.പ്രതിമ(45)യെ നവംബര്‍ അഞ്ചാം തീയതിയാണ് ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്മണ്യപുരയിലെ ഗോകുലം അപ്പാര്‍ട്ട്മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
പ്രതിമയുടെ മുന്‍കാര്‍ ഡ്രൈവറായ കിരണിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടിയിരുന്നു. ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന്റെ നിരാശയിലാണ് പ്രതിമയെ കൊലപ്പെടുത്തി സ്വര്‍ണവും പണവുമായി കടന്നുകളയാന്‍ തീരുമാനിച്ചതെന്നാണ് പ്രതിയുടെ മൊഴി.
പ്രതിമയെ അപ്പാര്‍ട്ട്മെന്റില്‍ കയറി കൊലപ്പെടുത്തിയശേഷം 27 ഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും കൈക്കലാക്കി. ഉദ്യോഗസ്ഥയുടെ കൈചെയിനും വളകളും ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഈ ആഭരണങ്ങളും പണവും സുഹൃത്തായ ദീപക്കിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് പണവും ആഭരണങ്ങളും ദീപക്കിന്റെ വീട്ടില്‍ സൂക്ഷിച്ച
ശേഷമാണ് ഇരുവരും ചാമരാജനഗര്‍ ഭാഗത്തേക്ക് കടന്നതെന്നാണ് പോലീസ് പറയുന്നത്.
നവംബര്‍ അഞ്ചിന് രാവിലെ അപ്പാര്‍ട്ട്മെന്റിലെ തറയില്‍ കഴുത്തറുത്തനിലയിലാണ് പ്രതിമയെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി എട്ടിനും ഞായറാഴ്ച രാവിലെ ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. ശ്വാസംമുട്ടിച്ചും പിന്നാലെ കഴുത്തറുത്തുമാണ് പ്രതി ഉദ്യോഗസ്ഥയെകൊലപ്പെടുത്തിയത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്മണ്യപുരയിലെ ഗോകുലം അപ്പാര്‍ട്ട്മെന്റില്‍ പ്രതിമ തനിച്ചായിരുന്നു താമസം. ഭര്‍ത്താവ് സത്യനാരായണന് സ്വദേശമായ തീര്‍ത്ഥഹള്ളിയിലാണ് താമസിച്ചിരുന്നത്. കൊലപാതകം നടന്നതിന്റെ ഒരാഴ്ച മുന്‍പാണ് കാര്‍ ഡ്രൈവറായിരുന്ന കിരണിനെ പ്രതിമ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. ഇതോടെ കിരണിനായി പോലീസ് തിരച്ചില്‍ വ്യാപമാക്കുകയും ചാമരാജനഗറില്‍നിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: