ദുബായ് : അൽ ഐൻ പുസ്തകമേളയുടെ പതിനാലാമത് പതിപ്പ് നവംബർ 19 ന് തുടങ്ങി. നവംബർ 25 വരെ അൽ ഐനിലെ ഒമ്പത് പ്രധാന ഇടങ്ങളിലായി ഈ പുസ്തകമേള നടക്കും. ഇത്തവണത്തെ അൽ ഐൻ പുസ്തകമേളയുടെ ഭാഗമായി ഏതാണ്ട് നാനൂറിലധികം പരിപാടികൾ അരങ്ങേറുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’ എന്ന ആശയത്തിലൂന്നിയാണ് ഈ പുസ്തകമേള ഒരുക്കിയിരിക്കുന്നത്. നിരവധി സാംസ്കാരിക പരിപാടികളും, കലാ പരിപാടികളും മേളയുടെ ഭാഗമാണ്. അൽ ഐൻ സ്‌ക്വയർ, ഹസ്സ ബിൻ സായിദ് സ്റ്റേഡിയം, സായിദ് സെൻട്രൽ ലൈബ്രറി, ഖസ്ർ അൽ മുവൈജി, ബൈത് മുഹമ്മദ് ബിൻ ഖലീഫ, യു എ ഇ യൂണിവേഴ്സിറ്റി അൽ ഖത്തറ ആർട്സ് സെന്റർ, അൽ ഐൻ മാൾ, ബരാരി മാൾ, അൽ ഫൊഅഹ് മാൾ എന്നിവിടങ്ങളിലാണ് പുസ്തകമേള നടക്കുന്നത്.
150-ൽ പരം പ്രസാധകർ ഈ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് അറുപത്തിനായിരത്തിലധികം വ്യത്യസ്‌ത പുസ്തകങ്ങളാണ് ഈ മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സുസ്ഥിരത എന്ന ആശയത്തിന് പ്രാധാന്യം നൽകുന്ന രീതിയിലാണ് ഈ വർഷം അൽ ഐൻ പുസ്തകമേള ഒരുക്കിയിരിക്കുന്നത്. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം , അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്.
നേരത്തെ ‘അൽ ഐൻ ബുക്ക് ഫെയർ’ എന്ന പേരിൽ നടത്തി വന്നിരുന്ന ഈ പുസ്തകമേള പതിമൂന്നാമത് പതിപ്പ് മുതൽ അൽ ഐൻ ബുക്ക് ഫെയർ എന്ന പേരിലാണ് നടത്തുന്നത്. ഗൾഫ് നാടുകളിലെ മുഖ്യ എഴുത്തുകാർ മേളയുടെ നിറസാന്നിധ്യമായി മാറുമെന്നും സംഘാടക സമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: