ന്യൂദല്‍ഹി: എഐ, ഡീപ്ഫേക്കുകള്‍ എന്നിവയിലൂടെ സൃഷ്ടിക്കപ്പെടുന്ന തെറ്റായ വിവരങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് ചട്ടക്കൂടുകള്‍ സൃഷ്ടിക്കുന്നത് തന്റെ സര്‍ക്കാര്‍ തുടരും. വ്യാജവീഡിയോകളും ഡീപ്ഫേക്കുകളും അവസാനിപ്പിക്കാനും ജനങ്ങള്‍ക്ക് ഭീഷണിയാകാതിരിക്കാനും പുതിയ നിയമം കൊണ്ടുവരുമെന്നും അദേഹം വ്യക്തമാക്കി.
നിര്‍മിത ബുദ്ധി എന്നത് ശാക്തീകരണത്തിന്റെയും വളര്‍ച്ചയുടെയും നൂതനത്വത്തിന്റെയും ഒരു ഉപകരണ്. എന്നാല്‍ എഐ മറ്റ് തരത്തിലുള്ള തെറ്റായ വിവരങ്ങളും ദോഷം വരുത്താനും സമൂഹത്തില്‍ കുഴപ്പമുണ്ടാക്കാനും ക്രമക്കേടുണ്ടാക്കാനും അക്രമം പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കുന്ന ആളുകള്‍ ഇന്റര്‍നെറ്റിലുണ്ടെന്ന് നാം മറക്കരുതെന്നും അദേഹം പറഞ്ഞു.
എഐ നല്കുന്ന തെറ്റായ വിവരങ്ങളായ ഡീപ്ഫേക്കുകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീക്ഷണിയായതിനാല്‍ ഇതിനെ പിടിച്ചുകെട്ടാന്‍ വേണ്ട നടപടി സ്വീകരിക്കും. ഇതിന്റെ ആദ്യ ഘട്ടമായി ആണ് 2023 ഏപ്രിലില്‍ ഐടി നിയമങ്ങള്‍ ഉണ്ടാക്കിയതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡീപ്ഫേക്കുകളുടെ ഭീകരതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചത്.
നവംബര്‍ 17ന് ന്യൂദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ദീപാവലി മിലന് പരിപാടിയില്‍ സംസാരിക്കവെ, ‘ഡീപ്ഫേക്കുകള്‍’ സൃഷ്ടിക്കുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വര്‍ദ്ധിച്ചുവരുന്ന ഭീഷണികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: