ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി പ്രചാരണം ആവേശക്കൊടുമുടിയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജസ്ഥാനിലെത്തിയതോടെയാണ് സംസ്ഥാനത്തെ പ്രചാരണം ആവേശക്കൊടുമുടിയിലെത്തിയത്.
ഇരുവരും മൂന്നുദിവസം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും. കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരുടെ നീണ്ടനിരയാണ് സംസ്ഥാനത്ത് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത്.
23ന് പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ ഇരുവരും ഒരു ഡസനോളം റാലികളിലും ആറ് റോഡ്ഷോകളിലും പങ്കെടുക്കും. തിങ്കളാഴ്ച മോദി പാലിയിലും ഹനുമാന്ഗഡിലും നടന്ന റാലികളിലും ബിക്കാനീറില്‍ നടന്ന മെഗാ റോഡ്ഷോയിലും പങ്കെടുത്തു. ഞായറാഴ്ച പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡിന്റെ മണ്ഡലമായ ചുരുവില്‍ അദ്ദേഹം രണ്ട് റാലികളില്‍ പങ്കെടുത്തിരുന്നു.
ഇന്ന് ബാര, കോട്ട, കരൗലി എന്നിവിടങ്ങളിലെ മൂന്ന് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. തലസ്ഥാനമായ ജയ്പൂരില്‍ റോഡ്ഷോയും നടത്തും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മണ്ഡലമായ ജോധ്പൂരിലും പ്രധാനമന്ത്രിയുടെ റാലിയും റോഡ്ഷോയും ആസൂത്രണം ചെയ്യുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ മുതല്‍ 23 വരെ സംസ്ഥാനത്ത് പ്രചാരണത്തിനുണ്ടാകും.
അല്‍വാര്‍, ജുന്‍ജുനു, സിക്കാര്‍, പാലി, ജലോര്‍ എന്നിവിടങ്ങളില്‍ മൂന്ന് ദിവസങ്ങളിലായി ആറ് റാലികളില്‍ അദ്ദേഹം പങ്കെടുക്കും. സവായ് മധോപൂര്‍, സിരോഹി, ജയ്പൂര്‍ എന്നിവിടങ്ങളില്‍ റോഡ്ഷോയ്ക്കും അമിത് ഷാ നേതൃത്വം നല്‍കും. 23 ന് ജയ്പൂരില്‍ നടക്കുന്ന റോഡ്ഷോയോടെയാകും സംസ്ഥാനത്തെ അമിത് ഷായുടെ പ്രചാരണപരിപാടികള്‍ സമാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: