തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മ്മിച്ച സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചേക്കും. കര്‍ണാടകയിലടക്കം സമാന സംഭവങ്ങള്‍ ഉണ്ടെന്ന് വ്യക്തമായതോടെയാണ് കേന്ദ്ര ഏജന്‍സികളുടെ സാധ്യത തെളിയുന്നത്.
സംസ്ഥാനത്ത് മുഴുവന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറും. ഡിജിപി റിപ്പോര്‍ട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കും. പരാതി നല്കിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മൊഴി ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തി. ആപ്പിന്റെ വിവരങ്ങളടക്കം കൈമാറിയിട്ടുണ്ട്.
കര്‍ണാടകയിലെ യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും സമാന രീതിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കിയെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്ന് കെ. സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. ഗൗരവകരമായ കുറ്റമാണ് നടന്നതെന്ന് പോലീസും സമ്മതിക്കുന്നു.
വ്യാജ കാര്‍ഡുകള്‍ ആരെല്ലാം ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാകാന്‍ വിത്ത് എന്‍വൈസി എന്ന ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കണം. സെര്‍വറിലെ വിവരങ്ങള്‍ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് പോലീസ് നോട്ടീസ് നല്കി. തന്റെ തിരിച്ചറിയല്‍ കാര്‍ഡ് തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയുമായി മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദും പോലീസില്‍ പരാതി നല്‍കിയതോടെ കേസ് കൂടുതല്‍ ബലപ്പെട്ടിട്ടുണ്ട്. രാജ്യത്തെ തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാന്‍ സാധ്യത ഉള്ളതിനാല്‍ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: