ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിര്‍മാണവും സംഭരണവും വിതരണവും വില്‍പ്പനയും നിരോധിച്ച ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നടപടി ഒട്ടും അപ്രതീക്ഷിതമോ അസ്വാഭാവികമോ അല്ല. ചിലര്‍ ഇങ്ങനെ ചിത്രീകരിക്കുന്നുണ്ടെങ്കിലും സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ വളരെക്കാലമായി പ്രതീക്ഷിക്കുന്ന ഒരു ഉത്തരവാണിത്. പാലുല്‍പ്പന്നങ്ങള്‍, പഞ്ചസാര, ബേക്കറി ഉല്‍പ്പന്നങ്ങള്‍, കുരുമുളകെണ്ണ, റെഡി റ്റു ഈറ്റ് ഭക്ഷ്യവസ്തുക്കള്‍, ഭക്ഷ്യ എണ്ണകള്‍ എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങളില്‍ ഹലാല്‍ സര്ട്ടിഫിക്കേഷന് നല്‍കുന്നതായി സര്‍ക്കാരിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. ചിലയിനം മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ പാക്കിങ്ങില്‍ ഹലാല്‍ മുദ്ര പതിപ്പിക്കുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു. നിലവിലുള്ള ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ടിലും അനുബന്ധനിയമങ്ങളിലും ഹലാല്‍ സര്‍ട്ടിഫിക്കറ്റിന് വ്യവസ്ഥകളില്ലാതിരിക്കെ ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ ചില സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് ഇതിനൊക്കെ അധികാരമുണ്ടന്ന മട്ടില്‍ ഹലാല്‍ മുദ്രയോടെയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി വരികയായിരുന്നു. ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്-ചെന്നൈ, ജാമിയത്ത് ഉലമ ഹിന്ദ് ഹലാല്‍ ട്രസ്റ്റ്-ദല്‍ഹി, ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ-മുംബൈ, ജാമിയത്ത് ഉലമ മഹാരാഷ്ട്ര-മുംബൈ എന്നിവ മതത്തിന്റെ പേരില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി യുപി പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കുന്നത്.
ഹലാല്‍ ഭക്ഷണ വിവാദം ഉയര്‍ന്നിട്ട് വളരെക്കാലമായി. കേരളത്തിലും ഇത് സജീവമായിരുന്നു. പ്രധാനമായും മാംസവില്പ്പനശാലകളുമായി ബന്ധപ്പെട്ടാണിത്. ഇത് ശുദ്ധിയുടെ പ്രശ്നമാണെന്നും, മതം വലിച്ചിഴച്ചുകൊണ്ടുവരേണ്ടതില്ലെന്നുമുള്ള പ്രതികരണങ്ങളും ഉയര്‍ന്നു. എന്നാല്‍ ഹലാല്‍ പ്രശ്നം നിസ്സാരവല്‍ക്കരിക്കാനാവില്ലെന്നും, മാംസത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലുന്ന രീതിയില്‍ മാത്രമല്ല, കട നടത്തുന്ന രീതിയില്‍പ്പോലും മതപരമായ ഇടപെടലുകളും നിബന്ധനകളുമുണ്ടെന്നും വിമര്‍ശനം ഉയര്‍ന്നു. ഹലാല്‍ വ്യവസ്ഥ പ്രകാരം ഒരു കടയിലെ ജോലിക്കാരില്‍ ഇത്രപേര് മുസ്ലിങ്ങളായിരിക്കണമെന്ന വ്യവസ്ഥയുള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടു. മാംസം ലേബല്‍ ചെയ്യുന്നതുപോലും മുസ്ലിം ആയിരിക്കണമത്രേ. ഇവിടെയും ഇത് അവസാനിക്കുന്നില്ലെന്ന് പിന്നീട് മനസ്സിലായി. സസ്യാഹാരവസ്തുക്കളില്പ്പോലും ഹലാല്‍ മുദ്ര ചാര്ത്തുന്നതായി പരാതികള്‍ ഉയര്‍ന്നെങ്കിലും അവഗണിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കമ്പനികള്‍ക്കെതിരെ കേസെടുത്തത്. മുസ്ലിങ്ങള്‍ നടത്തുന്ന ചില കമ്പനികളില്‍നിന്ന് കാശുവാങ്ങി അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ചില സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായി ഹലാല്‍ സര്ട്ടിഫിക്കേഷന് നല്‍കുകയായിരുന്നു. ഇതുവഴി ഉപഭോക്താക്കളെ മതപരമായി സ്വാധീനിക്കാനും, ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കാനും കഴിയും. അമുസ്ലീങ്ങളായവരുടെ കമ്പനികള്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിനുപിന്നിലുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. വളരെ അപകടകരമായ ഈ സ്ഥിതിവിശേഷം ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ സത്വരമായ നടപടികളെടുത്തിരിക്കുന്നത്. കേരളമടക്കമുള്ള പല സര്‍ക്കാരുകള്‍ക്കും ഇത് മാതൃകയാണ്. ഹലാല്‍ സമ്പ്രദായം ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ലല്ലോ.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഹിമാലയ ഹലാല്‍ മുദ്രയോടെ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിവാദം കത്തിപ്പടര്‍ന്നു. മതംവില്പ്പനച്ചരക്കാക്കുന്ന ഹിമാലയയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനമുയര്‍ന്നു. ഹിമാലയയുടെ ഉടമസ്ഥത മുസ്ലിങ്ങള്‍ക്ക് ആയതിനാലാണിതെന്ന മറ്റു പ്രചാരണവുമുണ്ടായി. മതത്തിന്റെ പേരില്‍ നിയമവിരുദ്ധമായി കച്ചവടലാഭം കൊയ്യുന്നു എന്നതിനുപരി ഹലാലിന്റെ രീതികള്‍ സമൂഹത്തില്‍ വിഭാഗീയതകൊണ്ടുവരുന്നു എന്നതാണ് ഏറ്റവും അപകടകരമായ കാര്യം. ആഹാരവുമായി ബന്ധപ്പെട്ട ഒരു മുന്‍ഗണനയുടെ പ്രശ്നം മാത്രമാണിതെന്നു പറഞ്ഞ് ഹലാല്‍ വിവാദത്തെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമമാണ് ചില തീവ്രവാദസംഘടനകളില്‍നിന്ന് ഉണ്ടായത്. എന്നാല്‍ ഹലാല്‍ അടിസ്ഥാനപരമായിത്തന്നെ അമുസ്ലിങ്ങള്‍ക്കെതിരെ മതപരമായ വിവേചനം കൊണ്ടുവരുന്നു. ഹലാല്‍ രീതി അനുവര്‍ത്തിക്കാന്‍ കഴിയുന്നത് മുസ്ലിങ്ങള്‍ക്ക് മാത്രമാണ്. സ്വാഭാവികമായും ഇതിലൂടെ ഒരു ഹലാല്‍ സ്ഥാപനത്തില്‍ അമുസ്ലിങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു. ഹലാലിന്റെ നിബന്ധനകള്‍ തീര്‍ത്തും ഇസ്ലാമികമാണ്. ഇതിനാലാണ് മതതീവ്രവാദികള്‍ ഇതിന്റെ വക്താക്കളാവുന്നത്. ഇതിനെതിരായ വിമര്‍ശനങ്ങളെ ‘ഇസ്ലാമോ ഫോബിയ’ എന്നി വിശേഷിപ്പിച്ച് റദ്ദാക്കാനാണ് മതമൗലികവാദികള്‍ ശ്രമിച്ചത്. ഫലത്തില്‍ ഇത് ഒരു ബഹുസ്വര സമൂഹത്തെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള തന്ത്രപരമായ ശ്രമമായേ കാണാനാവൂ. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുത്തത് സ്വാഗതാര്‍ഹവും മാതൃകാപരവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: