ലോകകപ്പ് ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ഭാരതം നടത്തിവന്നത്. ആദ്യ മത്സരത്തില്‍ ഓസീസിനെതിരെ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും കുറഞ്ഞ ലക്ഷ്യമായിരുന്നതിനാല്‍ ഭയപ്പെടേണ്ട കാര്യമുണ്ടായില്ല. പിന്നീടുള്ള ഓരോ മത്സരങ്ങളിലും ഭയാശങ്കകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്നതായിരുന്നു അവസ്ഥ. പ്രാഥമിക റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഭാരതത്തിനൊത്ത എതിരാളികളേയില്ലെന്ന സ്ഥിതിയായി. ഒടുവില്‍ ആദ്യ റൗണ്ടിലെ അവസാന മത്സരത്തിന് നെതര്‍ലന്‍ഡ്സിനെതിരെ ഇറങ്ങി. ആദ്യം ബാറ്റ് ചെയ്ത ഭാരതം 410 റണ്‍സെന്ന പടുകൂറ്റന്‍ സ്കോര്‍ കണ്ടെത്തി. ഇതിനെതിരെ ബാറ്റിങ് തുടങ്ങിയ കുഞ്ഞന്‍ മാരായ നെതര്‍ലന്‍ഡ്സ് അപ്രതീക്ഷിത പോരാട്ടവീര്യമാണ് അതുവരെ തിളങ്ങി നിന്ന ഭാരത ബോളര്‍മാര്‍ക്കെതിരെ കാഴ്ച്ചവച്ചത്. പ്രത്യേകിച്ച് പേസര്‍മാര്‍ക്കെതിരെ.
അതിന്റെ തെളിവ് ഭാരത പേസ് ബോളര്‍മാരുടെ പ്രകടനത്തിലുണ്ട്. രണ്ട് വിക്കറ്റ് നേട്ടത്തിനിടയിലും ആറ് ഓവറില്‍ മുഹമ്മദ് സിറാജ് വഴങ്ങിയത് 29 റണ്‍സ്. ഇത്രയും തന്നെ ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമി വഴങ്ങിയത് 41 റണ്‍സ്. ഷമി വിക്കറ്റ് നേടാതിരുന്ന മത്സരമായിരുന്നു അത്. ആറോവറിനപ്പുറം ഇവരെ പന്തേല്‍പ്പിക്കാന്‍ ഭാരത നായകന് രോഹിത് ശര്‍മ്മയ്ക്ക് മനക്കരുത്തുണ്ടായില്ല. കാരണം വമ്പന്മാരെ കടപുഴക്കിയ ഈ നിരയ്ക്കെതിരെ അത്രയ്ക്ക് കരുത്തോടെയാണ് ഡച്ച് പട ചെറുത്തുനിന്നത്. ജസ്പ്രീത് ബുംറ മാത്രം സ്ഥിരത പുലര്‍ത്തി. ഈ മത്സരത്തില്‍ വിജയം വൈകിയതില്‍ ഭാരത നായകന് രോഹിത് ശര്‍മ കളത്തില്‍ പ്രകടിപ്പിച്ച ആശങ്കയും അങ്കലാപ്പും അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ എട്ടുത്തറിയുന്നുണ്ടായിരുന്നു. അനുകൂല സാഹചര്യങ്ങളില്‍ ആവേശം കൊള്ളുന്നതുപോലെ പ്രതികൂല സാഹചര്യങ്ങളില്‍ ആശങ്കയുടെ പടുകുഴിയിലാണ്ടുപോകുന്ന നായകനെ മത്സരത്തില്‍ പലകുറി കണ്ടു. ഇതില്‍ നിന്നും വ്യക്തമായിരുന്നു ഈ ഭാരത സംഘത്തിന് ചെറിയ ഭയം പോലും താങ്ങാനാവില്ല, സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കരുത്തില്ലെന്ന വാസ്തവം.
പിന്നീട് സെമി മത്സരത്തിനിറങ്ങിയപ്പോള്‍ കിവീസിന് മുന്നില്‍ വച്ചതും 398 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം. അവര്‍ ഭാരത നായകന്റെയും കളിക്കാരുടെയും ആശങ്കകള്‍ക്കെതിരെയാണ് യുദ്ധം പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. തുടക്കത്തില്‍ രചിന് രവീന്ദ്രയും ഡെവോണ്‍ കോണ്‍വെയും ഇരുവരെയും പുറത്താക്കാന്‍ സാധിച്ചെങ്കിലും സമ്മര്‍ദ തന്ത്രം അറിയാവുന്ന നായകന് കെയ്ന്‍ വില്ല്യംസണ് ക്രീസിലെത്തിയതോടെ കരുത്തന് ബാറ്റര്‍ ഡാരില്‍ മിച്ചലിനെ കൂട്ടുപിടിച്ച് ഭാരതത്തിന്റെ ദൗര്‍ബല്യം നന്നായി മുതലെടുത്തു. പതുക്കെ പിടിച്ചു നിന്ന് സമര്‍ദ്ദത്തിലാഴ്ത്താന്‍ പാകത്തില്‍ ഷോട്ടുകള്‍ കണ്ടെത്തി യഥേഷ്ടം ബൗണ്ടറികള്‍ പായിച്ചു. ഇതില്‍ ഇരുവരും വിജയിച്ചതോടെ ഭാരത സംഘം വീണ്ടും ആശങ്കയിലായി. പക്ഷെ കൂറ്റന്‍ ലക്ഷ്യമെന്ന സമര്‍ദ്ദത്തിന് കീഴടങ്ങി വില്ല്യംസണും കൂട്ടരും ആയുധംവച്ചു കീഴടങ്ങിയത് ഭാരതത്തിന് ഫൈനലിലേക്ക് കടക്കാനായി. മാത്രമല്ല ഭാരത ബാറ്റര്‍മാരെ കൈകാര്യം ചെയ്യാനുള്ള ഹോംവര്‍ക്ക് വില്യംസണും കൂട്ടരും നടത്തിയതുമില്ല.
ഈ കാഴ്ച്ചകളെല്ലാം കണ്ടുകൊണ്ടാണ് പാറ്റ് കമിന്‍സ് എന്ന ഓസ്ട്രേലിയന്‍ നായകന് ഫൈനലിന്റെ തുടക്കത്തിന് ടോസ് നിര്‍ണയത്തിനായി അഹമ്മദാബാദിലെ മൈതാന മധ്യത്തിലേക്ക് എത്തിയത്. ടോസിനെ ഊര്‍ജ്ജസ്വലമായി എതിരേറ്റ നായകന് എതിരാളികള്‍ക്ക് ബാറ്റിങ് നല്കിയപ്പോള് എല്ലാം തീരുമാനിച്ചുറപ്പിച്ച ഇച്ഛാശക്തി വാക്കുകളിലുണ്ടായിരുന്നു. ഭാരതം സര്‍വ്വസജ്ജമായിരുന്നു. പക്ഷെ ഭയത്തെ കൈകാര്യം ചെയ്യാനറിയില്ലെന്നത് എതിരാളികള്‍ മനസ്സിലാക്കിവച്ചുവെന്നത് ഓര്‍ക്കാതെ കളത്തിലിറങ്ങി. മികവാര്‍ന്ന ബാറ്റിങ് നിരയും അതിലും മികവാര്‍ന്ന ബോളിങ് നിരയും ആശങ്കയില്‍ കളിയറിയാത്തവരെ പോലെ ഉഴറി. കളിമികവിലും സാങ്കേതിക തികവിലും വിന്നിങ് സ്ട്രാറ്റെജിയിലും ഓസീസിനെക്കാള്‍ ഏറെ മുന്നിലായിട്ടും ഫൈനലില്‍ ഭാരതം തോല്‍വിയിലേക്ക് പേടിച്ചരണ്ട് ചുരുണ്ടുകൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: