ടൂറിന്: ആതിഥേയ താരം ജാനിക് സിന്നറിനെ തകര്‍ത്തു തരിപ്പണമാക്കി എടിപി ഫൈനല്‍സ് കിരീടത്തില്‍ ദ്യോക്കോവിച് ഏഴാംതവണയും മുത്തമിട്ടു. ഏറ്റവും കൂടുതല്‍ തവണ ഈ ടൈറ്റില്‍ നേടുന്നതില്‍ റിക്കാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. ഇറ്റാലിയന്‍ സമയം ഞായറാഴ്ച രാത്രി ഫൈനല്‍ മത്സരം പൂര്‍ത്തിയാകുമ്പോള്‍ ഭാരതത്തില്‍ ഇന്നലെ പുലര്ച്ചെയെത്തിയിരുന്നു. നേരിട്ടുള്ള സെറ്റിനായിരുന്നു ദ്യോക്കോവിച്ചിന്റെ തട്ടുപൊളിപ്പന്‍ വിജയം. സ്കോര്‍: 6-3, 6-3.
വെറും 1.43 മണിക്കൂര്‍ കൊണ്ട് മത്സരം അവസാനിപ്പിക്കാന്‍ ദ്യോക്കോവിന് സാധിച്ചു. കരിയറിലെ പത്താം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിക്കൊണ്ട് സീസണിന് തുടക്കമിട്ട ദ്യോക്കോവിച്ചിന് മറ്റൊരു റിക്കാര്‍ഡ് നേട്ടത്തോടെ തന്നെ സീസണ് അവസാനിപ്പിക്കാനും സാധിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയത്തിലൂടെ പുരുഷ സിംഗിള്‍സില്‍ ഏറ്റവും അധികം ഗ്രാന്‍ഡ്സ്ലാം ടൈറ്റില്‍ എന്ന റിക്കാര്‍ഡ് ഭേദിക്കാനും താരത്തിന് സാധിച്ചിരുന്നു. 22 ടൈറ്റിലുകള്‍ നേടിയ റാഫേല്‍ നദാലിനെ മറികടന്നാണ് 23ലേക്കെത്തിയത്. വിംബിള്‍ഡന്‍ ഫൈനലിലെത്തിയെങ്കിലും സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസിന് മുന്നില്‍ അടിയറവ് പറഞ്ഞു. പക്ഷെ യുഎസ് ഓപ്പണിലൂടെ പോരായ്മ തിരിച്ചുപിടിച്ചു. ടെന്നിസിലെ തന്നെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം ടൈറ്റില്‍ സ്വന്തമാക്കിയ ഓസ്ട്രേലിയന്‍ വനിതാ താരം മാര്‍ഗരേറ്റ് കോര്‍ട്ടിനൊപ്പമെത്താനും സാധിച്ചു.
തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സീസണുകളിലൊന്നാണ് ഈ കടന്നുപോകുന്നതെന്ന് എടിപി ഫൈനല്‍സ് കിരീടം സ്വീകരിച്ചുകൊണ്ട് ദ്യോക്കോവിച്ച് പറഞ്ഞു. ഇത്തവണത്തെ കിരീട നേട്ടം ഫൈനലില്‍ ഈ നാട്ടുകാരനെതിരെ വിജയിച്ച് നേടാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: