ശബരിമല: ശബരിമലയിലെ പതിനെട്ടാംപടിക്ക് ഇരുവശവുമായി പുതുതായി ഉയര്‍ത്തിയിട്ടുള്ള തിരുപ്പതി മോഡല്‍ കല്‍ത്തൂണുകളെക്കുറിച്ച് പരാതി ഉയരുന്നു.
ഈ തുണുകള്‍ ശബരിമലക്ഷേത്രത്തിന്റെ അനുഭൂതി നിറഞ്ഞ കാഴ്ചയെ മറയ്‌ക്കുന്നു എന്നാണ് പരാതി. പതിനെട്ട് പടികള്‍ക്ക് സുരക്ഷയേകാനുള്ള ഹൈഡ്രോളിക് മേല്‍ക്കൂര ഉയര്‍ത്തുന്നതിനാണ് നാല് കല്‍ത്തൂണുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഈ കല്‍ത്തൂണുകള്‍ പതിനെട്ടാം പടിക്ക് താഴെയുള്ള തിരുമുറ്റത്ത് നിന്നും ക്ഷേത്രദര്‍ശനത്തിനുതകുന്ന സൗഭാഗ്യമാണ് നശിപ്പിച്ചതെന്ന് ഭക്തനായ പന്തളത്തുനിന്നുള്ള രഘുനാഥ് പറയുന്നു. നിരവധി തവണ ക്ഷേത്രം സന്ദര്‍ശിച്ച വ്യക്തികൂടിയാണ് രഘുനാഥ്. എന്തിന് ഈ കല്‍ത്തൂണുകള്‍ പതിനെട്ടാം പടിയുടെ കാഴ്ച കൂടി ചിലപ്പോള്‍ മറയ്‌ക്കുന്നതായും രഘുനാഥ് സൂചിപ്പിക്കുന്നു.
ഈ കല്‍ത്തൂണുകള്‍ പതിനെട്ടാം പടിക്ക് സമീപം ഉണ്ടായിരുന്ന സ്ഥലം കുറച്ചുവന്നും തിരക്കുള്ള മണിക്കൂറുകളില്‍ ഇത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും പറയപ്പെടുന്നു.
പതിനെട്ടാം പടിയെ കാറ്റില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷിക്കാനുള്ള ഹൈഡ്രോളിക് മേല്‍ക്കൂരയുടെ ഭാഗമാണ് ഈ കല്‍ത്തൂണുകളെന്നാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ വാദം. പടിപൂജ നിര്‍വ്വഹിക്കുമ്പോള്‍ ഇത് സഹായകരമാകുമെന്നും രാധാകൃഷ്ണന്‍ പറയുന്നു.
മഴ പെയ്യുമ്പോള്‍ ഇപ്പോള്‍ താല്‍ക്കാലിക ടാര്‍പോളിന്‍ പതിനെട്ടാം പടിക്ക് മുകളില്‍ വലിച്ചിടുകയാണ് പതിവ്. ഹൈദരാബാദില്‍ നിന്നുള്ള ഒരു കമ്പനിയാണ് ശബരിമലയില്‍ പതിനെട്ടാം പടിക്ക് മുകളില്‍ മേല്‍ക്കൂര സൗജന്യമായി പണിയുന്നത്. എന്തായാലും ഭക്തരുടെ പ്രതികരണങ്ങള്‍ കണക്കിലെടുക്കാന്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഈ തൂണുകളുടെ വണ്ണം കുറയ്‌ക്കണമെന്നും ചില ഭക്തര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക