ജമ്മു കശ്മീര്‍: കശ്മീരില്‍ സൈന്യവും പൊലീസും തിരച്ചിലും തിരിച്ചടിയും കര്‍ശനമാക്കിയതോടെ തീവ്രവാദികള്‍ നഗരപ്രദേശങ്ങള്‍ വിട്ട് മലമുകളിലെ നിബിഡവനങ്ങള്‍ താവളമാക്കുന്നു. ഇവിടെ യുദ്ധം ചെയ്യാന്‍ മിടുക്കില്ലാത്തതിനാല്‍ തുടര്‍ച്ചയായി സുരക്ഷാസേന ആള്‍നാശം നേരിടുകയാണ്. ഇതോടെ ഇവരെ നേരിടാന്‍ കുന്നിന്മുകളിലെ യുദ്ധതന്ത്രങ്ങള്‍ സിആര്‍പിഎഫിനെ പ്രത്യേകം പരിശീലിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
എന്തായാലും തീവ്രവാദികളുടെ കശ്മീരിലെ സ്വാധീനം നാള്‍ക്കുനാള്‍ കുറയുകയാണ്. പണ്ട് നഗരങ്ങളില്‍ ഒളിച്ചുതാമസിച്ചായിരുന്നു ഇവരുടെ ആക്രമണങ്ങള്‍ എന്നാല്‍ ഇന്ന് ജനങ്ങള്‍ക്കിടയിലെ സര്‍ക്കാര്‍ സ്വാധീനം വര്‍ധിച്ചതോടെ തീവ്രവാദികള്‍ക്ക് നഗരങ്ങളില്‍ രക്ഷയില്ലാതായി. അതോടെ അവര്‍ മലമുകളിലെ നിബിഢവനങ്ങളിലേക്ക് കയറുകയായിരുന്നു.
ഇതോടെ സിആര്‍പിഎഫ് (കേന്ദ്ര റിസര്‍വ്വ് പൊലീസ് സേന) മലമുകളില്‍ നിന്നുകൊണ്ട് യുദ്ധം ചെയ്യാനുള്ള തന്ത്രങ്ങളില്‍ കൂടുതല്‍ പരിശീലനം നേടുകയാണ്. മലമുകളിലെ നിബിഡവനങ്ങളില്‍ തിരച്ചില്‍ നടത്തുകയും യുദ്ധം ചെയ്യുകയും വിഷമകരമാണ്.
അതുകൊണ്ട് മലമുകളിലെ വനമേഖലകളില്‍ ഫലപ്രദമായി യുദ്ധം ചെയ്യാന്‍ സിആര്‍പിഎഫിന് കൂടുതല്‍ പരിശീലനം ആവശ്യമാണ്. ഈ പരിശീലനത്തിന് ഐടിബിപിയുടെ സഹായം കൂടി തേടുകയാണ് സര്‍ക്കാര്‍.
ഉയര്‍ന്ന മലമ്പ്രദേശങ്ങളില്‍ യുദ്ധം ചെയ്യുന്നതിന് പ്രത്യേകം ബറ്റാലിയനുകള്‍ ഉണ്ടാക്കുകയാണ് പൊലീസ്. മൗണ്ടെയ്ന് ബറ്റാലിയനുകള്‍ എന്നാണ് ഇവര്‍ അറിയപ്പെടുക. തല്ക്കാലം സിആര്‍പിഎഫ് സേനയിലെ ഒരു സംഘത്തെ മലമുകളിലെ യുദ്ധതന്ത്രങ്ങള്‍ പരിശീലിപ്പിക്കും. ജമ്മു കശ്മീര്‍ മുതല്‍ നക്സല്‍ പ്രദേശങ്ങളില്‍ വരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുതല്‍ എല്ലാ വിവിഐപികള്‍ക്കും സുരക്ഷ നല്‍കുന്നത് സിആര്‍പിഎഫ് ആണ്.
ജമ്മു കശ്മീരില്‍ സൈന്യത്തെ ഭാവിയില്‍ ഒഴിവാക്കി
അവിടുത്തെ മുഴുവന്‍ ചുമതലയും സിആര്‍പിഎഫിനെ മാത്രം ഏല്പിക്കാന് ആലോചിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സിആര്‍പിഎഫാണ് മാവോയിസ്റ്റുകള്‍ അരങ്ങുവാണിരുന്ന 70 ശതമാനം കേന്ദ്രങ്ങളും തകര്‍ത്തെറിഞ്ഞത്. നക്സലുകളെ ഒതുക്കുന്നതിലും സിആര്‍പിഎഫ് വിജയിച്ചു.
എന്തായാലും കശ്മീരില്‍ തീവ്രവാദികളുടെ പ്രവര്‍ത്തനരീതികളില്‍ മാറ്റം സംഭവിച്ചതായി ജമ്മു കശ്മീര്‍ മേഖല എഡിജിപി നളിന്‍ പ്രഭാത് പറയുന്നു. നഗരപ്രദേശങ്ങളിലേതിന് പകരം മലമുകളിലെ വനപ്രദേശങ്ങളിലാണ് അവര്‍ ഇപ്പോള്‍ കൂടുതലായി ഒളിത്താവളങ്ങള്‍ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി സിആര്‍പിഎഫിന് കുന്നിന് മുകളിലെ യുദ്ധതന്ത്രങ്ങളില്‍ (മൗണ്ടെയ്ന് വാര്‍ഫെയര്‍) പരിശീലനം നല്‍കും. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള പ്രത്യേക സായുധ സേനയായ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസാണ് കുന്നിന് മുകളിലെ നിബിഡവനങ്ങളില്‍ യുദ്ധം ചെയ്യേണ്ടതെങ്ങിനെ എന്ന് പഠിപ്പിക്കുക. മലകയറ്റവും സ്കീയിങ്ങും സിആര്‍പിഎഫുകാരെ പഠിപ്പിക്കും. നേപ്പാള്‍, ഭൂട്ടാന് അതിര്‍ത്തികള്‍ കാക്കുന്ന എസ് എസ് ബി (സശസ്ത്ര സീമാ ബല്)യെയും സിആര്‍പിഎഫുകാര്‍ക്ക് കുന്നിന് മുകളിലെ യുദ്ധതന്ത്രങ്ങളില്‍ പരിശീലനം നല്‍കും.
വനത്തിനകത്ത് തീവ്രവാദികളുമായി നടത്തുന്ന ഏറ്റുമുട്ടിലിലാണ് കൂടുതല്‍ സൈനികര്‍ക്ക് ജീവന് ബലിയര്‍പ്പിക്കേണ്ടി വരുന്നത്. പരിചയക്കുറവ് തന്നെയാണ് ഈ ജീവത്യാഗത്തിന് കാരണം. കശ്മീര്‍ താഴ് വരകളില്‍ ഏറ്റുമുട്ടല്‍ കുറഞ്ഞപ്പോള്‍, പോഞ്ച്, രജൗറി എന്നിവ ഉള്‍പ്പെടുന്ന നിബിഡ വനങ്ങളുള്ള കുന്നിന്‍പ്രദേശമായ പീര്‍ പഞ്ജാള്‍ പ്രദേശത്താണ് കൂടുതല്‍ ഏറ്റുമുട്ടലും അതുവഴി ജീവന് നഷ്ടപ്പെടലും സംഭവിക്കുന്നത്. ഇന്ത്യന്‍ സേനയ്ക്കും സുരക്ഷസേനയ്ക്കും വലിയ വെല്ലുവിളിയാവുകയാണ് ഈ പ്രദേശങ്ങള്‍. ഈ പ്രദേശങ്ങളിലെ തുടര്‍ച്ചയായ തീവ്രവാദആക്രമണങ്ങളില് വലിയതോതില്‍ സൈന്യത്തിന് ആളപായം ഉണ്ടാകുന്നു. അതുകൊണ്ടാണ് ഒരു അതിവേഗ ആക്ഷന്‍ സംഘത്തെ ഒരുക്കാന്‍ തീരുമാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: