കാസര്‍കോട്: ജില്ലയില്‍ ഇന്നലെയും കഴിഞ്ഞദിവസും നടന്ന നവകേരള സദസ് സിപിഎം സമ്മേളനവേദിയാക്കി മാറ്റി. പരിപാടികളില്‍ കണ്ണുരുട്ടിയും ഭീഷണിപ്പെടുത്തിയും ആളുകളെ എത്തിച്ചെങ്കിലും മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ലാതെ പോയത് സംഘാടകരെ നിരാശരാക്കി.
അതിനിടെ ഇന്നലെ രാവിലെ മുസ്ലിംലീഗ് നേതാവ് എന്‍.എ.അബൂബക്കര്‍ നവകേരള യാത്രയുടെ പ്രഭാത ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കൊപ്പം വേദി പങ്കിട്ടത് ചര്‍ച്ചയ്‌ക്കും യുഡിഎഫ് നേതാക്കളുടെ വിമര്‍ശനത്തിനും വഴിവെച്ചതോടെ വിവാദമായി. പിഡബ്ല്യുഡി കോമ്പൗണ്ടില്‍ നടന്ന പ്രഭാത ചര്‍ച്ചയിലാണ് എന്‍.എ അബൂബക്കറും സംബന്ധിച്ചത്. മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സിലറും വാര്‍ഡ് പ്രസിഡണ്ടും മുസ്ലിംലീഗിന്റെ നിയന്ത്രണത്തിലുള്ള സി.എച്ച്‌സെന്ററിന്റെ ജില്ലാ ഖജാന്‍ജിയുമാണ് ഇദ്ദേഹം.
നേരത്തെ മുസ്ലിംലീഗിന്റെ കര്‍ണാടക സംസ്ഥാന ട്രഷററായും ദേശീയ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.മുഖ്യമന്ത്രിക്ക് സമീപം തന്നെ ഇരുത്തിയതും ശ്രദ്ധേയമായി. സിപിഎം മുസ്ലീംലീഗിനോട് അടുക്കുന്നതിന്റെ സൂചനയാണ് ഇതിലൂടെ വെളിവാകുന്നത്. വളരെ ആവേശത്തോടുകൂടി ആരംഭിച്ച നവ കേരള സദസ് പരിപാടിയില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തിയാണ് മുഖ്യമന്ത്രി എല്ലാ മണ്ഡലങ്ങളിലും പ്രസംഗം ആരംഭിച്ചത്. എഴുതി തയ്യാറാക്കിയ പ്രസംഗമാണ് മുഖ്യമന്ത്രി കൂടുതലും വായിച്ചത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ തങ്ങളുടേതെന്ന് വരുത്തി തീര്‍ക്കുന്ന തരത്തിലുള്ള പ്രസംഗമാണ് നടത്തിയത്. പ്രസംഗം ആരംഭിച്ച് 10 മിനിട്ട് കഴിഞ്ഞതോടെ സദസിലെ ചിലര്‍ അസ്വസ്ഥതരായി. ഇതോടെ മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തുന്നതിന് മുമ്പ് തന്നെ കസേരകള്‍ കാലിയായി.
സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടത്തുന്ന നവ കേരള സദസില്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രീതിയില്‍ സംസാരിച്ചതോടെ രാഷ്‌ട്രീയം മറന്ന് എത്തിയ പലര്‍ക്കും വല്ലാത്ത അസ്വസ്ഥത. മൊബൈല്‍ ഫോണ്‍ നോക്കിയും പരസ്പരം സംസാരിച്ചും പ്രസംഗം കേള്‍ക്കാതെ സമയം ചിലവഴിച്ചു മഞ്ചേശ്വരം മണ്ഡലത്തില്‍ സിപിഎം കേന്ദ്രമായ പൈവളികെയില്‍ സംസ്ഥാനതല ഉദ്ഘാടനം സംഘടിപ്പിച്ചത് പലര്‍ക്കും എത്തിച്ചേരാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി എന്നാണ് പൊതുവില്‍ വെപ്പ്. പ്രസംഗം നീണ്ടപ്പോള്‍ തിരിച്ചുപോകാന്‍ വാഹന സൗകര്യം ലഭിക്കുമോ എന്നുള്ള ആശങ്കയിലാണ് പലരും സദസ് വിട്ടതെന്നും പറയുകയുണ്ടായെങ്കിലും മറ്റ് നാല് മണ്ഡലങ്ങളിലും ഇതി തന്നെയാണ് അവസ്ഥ.
സിപിഎം നേതാക്കളെ പേടിച്ച് നിര്‍ബന്ധപൂര്‍വ്വം വന്നവരാണ് പലരും. ഭൂരിഭാഗം പേരും വിവാദമായ അഡംബര ബസും കണാനെത്തി തിരിച്ച് പോയി. പല സ്ഥലത്തു നിന്നും വാഹനം പ്രത്യേകം ബുക്ക് ചെയ്താണ് എത്തിയത്. എന്നാല്‍ മുഖ്യ മന്ത്രിയുടെ പ്രസംഗം അവസാനിക്കുന്നതിന് മുമ്പെ തന്നെ ബസുകള്‍ ഉള്‍പ്പെടെ എല്ലാം തിരിച്ച് പോയി എന്നതും വിരോധാഭാസമാണ്.
നേരിട്ട് നിവേദനം സ്വീകരിക്കുകയും പരിഹാരത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്നുമാണ് പലരും കരുതിയിരുന്നെങ്കിലും ആരുടെയും കയ്യില്‍ നിന്നും ഒരു തുണ്ട് കടലാസ് പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്വീകരിക്കാത്തതും ജനങ്ങളെ നിരാശരാക്കി.നേരത്തെ നിശ്ചയിച്ച സമയത്തില്‍ നിന്ന് വളരെ വൈകിയാണ് കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ പരിപാടികള്‍ നടന്നത്. പലവേദികളിലും മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ തന്നെ വേദി വിട്ട് പോയ അവസ്ഥയും ഉണ്ടായി.
കാഞ്ഞങ്ങാട് പരിപാടിയില്‍ മുഖ്യ മന്ത്രി എത്തുന്നതിന് മുമ്പെ തന്നെ മന്ത്രിമാരായ മുഹമ്മദ്‌റിയാസ്, ആന്റണി രാജു, കൃഷണന്‍ കുട്ടി എന്നിവര്‍ വേദി വിട്ട് പോയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സ്റ്റേജിലെ മന്ത്രിമാരുടെ ഒഴിഞ്ഞ കസേരയ്‌ക്ക് മുന്നില്‍ നിന്നാണ് മുഖ്യമന്ത്രിക്ക് സംസാരിക്കേണ്ടിവന്നതെങ്കില്‍ ജനങ്ങള്‍ നേരത്തെ സ്ഥലം വിട്ടതില്‍ അതിശയിക്കാനൊന്നുമില്ലെന്നാണ് പൊതുവില്‍ ഉയരുന്ന സംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക