ഇന്ത്യയെ സ്നേഹിച്ച പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മുഹമ്മദ് സോലിഹിന്റെ തോല്‍വി മാലിദ്വീപില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. പുതുതായി അധികാരത്തിലേറ്റ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ് സു മാലിദ്വീപിലുള്ള ഇന്ത്യന്‍ പട്ടാളത്തോട് ഉടന്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഏകദേശം 75 ഇന്ത്യന്‍ സൈനികര്‍ മാലിദ്വീപില്‍ ഉള്ളതായി കണക്കാക്കുന്നു. രണ്ട് സൈനിക വിമാനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. അപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാനാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിനടുത്തു കിടക്കുന്നു എന്നതായിരുന്നു മാലിദ്വീപിന്റെ സവിശേഷത. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള ചരക്ക് നീക്കത്തില്‍ ചൈനയുടെ ആധിപത്യം ദുര്‍ബലപ്പെടുത്താനാണ് ഇന്ത്യയും യുഎസ്, ജപ്പാന്, ആസ്ത്രേല്യ തുടങ്ങിയ പാശ്ചാത്യ ശക്തികളും ശ്രമിക്കുന്നത്.
പക്ഷെ പുതിയ പ്രസിഡന്റ് മുഹമ്മദ് മുയ് സു ചൈനയുടെ അനുയായി ആണ്. ചൈനീസ് അനുകൂല നേതാവായ അബ്ദുള്ള യമീന് ഗയൂമിന്റെ അനുയായി ആണ് മുഹമ്മദ് മുയ് സു. ഇവരുടെ പാര്‍ട്ടിയായ പ്രോഗ്രസീവ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ചൈന സഹായിച്ചിരുന്നു. നേരത്തെ അബ്ദുള്ള യമീന് ഗയൂം ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ പങ്കാളിയാകാമെന്ന് സമ്മതിച്ചിരുന്നു. ഇതിനിടയില്‍ ഇന്ത്യയെ അനുകൂലിക്കുന്ന നേതാവായ മുഹമ്മദ് സോലിഹ് പ്രസിഡന്റായി അവിടെ അധികാരത്തില്‍ വന്നു. ഇന്ത്യ ഏകദേശം 200 കോടി ഡോളര്‍ മാലിദ്വീപിലെ വികസനത്തിനായി ചെലവഴിക്കുകുയും ചെയ്തിരുന്നു. ഇന്ത്യന്‍ പട്ടാളത്തിന്റെ മാലിദ്വീപിലെ സാന്നിധ്യം വലിയ വിവാദമാക്കി പ്രോഗ്രസീവ് പാര്‍ട്ടി മാറ്റിയിരുന്നു. കിഴക്കിനെയും പടിഞ്ഞാറന്‍ രാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന നിര്‍ണ്ണായക സമുദ്രപ്രദേശമാണ് മാലിദ്വീപിനടത്തുള്ളത് എന്നത് പ്രധാനമാണ്. ഇതുകൊണ്ടാകാം പ്രധാനമന്ത്രിമോദി മാലിദ്വീപിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: