കാസര്‍കോട്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിചാരണകൂടാതെ വെടിവച്ചുകൊല്ലണമെന്ന് പ്രസ്താവിക്കുകയും ഭീകര സംഘടനയായ ഹമാസിനെ പിന്തുണയ്‌ക്കുകയും ചെയ്ത, ലോക്‌സഭാംഗമായ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നിലപാട് വിവാദമാകുന്നു.
രാജ്യത്തെ നിയമ നിര്‍മാണ സഭാംഗമായ കാസര്‍കോട് എംപി, ഭാരതത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായി നടത്തിയ പ്രസ്താവന രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്നതാണ്. ഇക്കാര്യത്തില്‍ ആധികാരിക വിവരം കേന്ദ്ര സര്‍ക്കാര്‍ വിവിധ ഏജന്‍സികള്‍ വഴി ശേഖരിച്ചുകഴിഞ്ഞു. പാര്‍ലമെന്റ് സമ്മേളനം ചേരുന്നതിന് മുമ്പ്, ഈ വിഷയത്തില്‍ ഉണ്ണിത്താന്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് വിശദീകരണം നല്‌കേണ്ടിവരും.
ഉണ്ണിത്താന്‍ നടത്തിയത് ദേശവിരുദ്ധമായ പ്രസംഗമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് പരാതികള്‍ ഏറെ പലരും അയച്ചുകഴിഞ്ഞു. എംപിക്കെതിരേ കോടതിയിലും പോലീസിലും കേസ് ഫയല്‍ ചെയ്യാനുള്ള നടപടികളും തുടങ്ങി.
കാസര്‍കോട് യുണൈറ്റഡ് മുസ്ലിം ജമാ അത്ത് വെള്ളിയാഴ്ച നടത്തിയ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലായിരുന്നു ഉണ്ണിത്താന്റെ പ്രസംഗം.
രണ്ടാം ലോകയുദ്ധത്തിന് ശേഷം യുദ്ധക്കുറ്റവാളികളെ നൂറംബര്‍ഗ് മോഡലില്ലാതെ വിചാരണയില്ലാതെ വെടിവച്ചുകൊല്ലുക. ആ മാതൃകയാണ് ഇവിടെ വേണ്ടത്, കാരണം നെതന്യാ
ഹു ലോകത്തിനുമുന്നില്‍ യുദ്ധ കുറ്റവാളിയായാണ് നില്‍ക്കുന്നത് എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രസംഗിച്ചത്. സ്വന്തം ഭൂമിയെയും ആളുകളെയും സംരക്ഷിക്കാന്‍ ആയുധമെടുത്തവരാണ് ഹമാസെന്നും അവരെ ഭീകരരെന്ന് വിളിക്കാനാകില്ലെന്നും അങ്ങനെ വിശേഷിപ്പിക്കുന്നവരെ ചെറുക്കാന്‍ തയാറാകണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ഇറാഖിലെ 10 ലക്ഷത്തോളം മുസ്ലീങ്ങളേയും അറബുകളേയും അമേരിക്ക കൊന്നൊടുക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഏഴ് ലക്ഷത്തോളം മുസ്ലീങ്ങളെയാണ് കൊന്നത്. വിയറ്റ്‌നാമിലേയും കൊറിയയിലേയും നിരപാരാധികളേയും അമേരിക്ക കൊന്നു. എന്നാല്‍ അമേരിക്കയുടെ യുദ്ധത്തോടുള്ള അത്യാഗ്രഹം തീര്‍ന്നില്ല. അതാണിപ്പോള്‍ പാലസ്തീനില്‍ കാണുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: