ചെന്നൈ: പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ റോബിന് ബസ് തമിഴ്നാട്ടില്‍ കസ്റ്റഡിയിലെടുത്തത് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു വിളിച്ചു പറഞ്ഞിട്ടെന്ന് തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞെന്ന് ബസുടമ വെളിപ്പെടുത്തി.
പെര്‍മിറ്റ് ലംഘിച്ചുവെന്നു പറഞ്ഞാണ് കോയമ്പത്തൂരിലെ ഗാന്ധിപുരം ആര്‍ടിഒ റോബിന് ബസ് കസ്റ്റഡിയിലെടുത്തത്. മോട്ടര്‍ വാഹനവകുപ്പ് ജോയിന്റ് കമ്മിഷണറുടെ ഓഫിസിലാണ് ഇപ്പോള്‍ വാഹനം. ഇന്ന് ജോയിന്റ് കമ്മിഷണര്‍ ഓഫിസില്‍ എത്തിയശേഷം മാത്രമേ പിഴ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകൂ.
വാളയാര്‍ അതിര്‍ത്തി കടന്നെത്തിയപ്പോഴാണ് ബസ് തമിഴ്നാട് ആര്‍ടിഒ തടഞ്ഞത്. രേഖകള്‍ പരിശോധിക്കാനായിരുന്നു അത്. തുടര്‍ന്ന് ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ഓഫിസിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
”പല രീതിയിലുള്ള ആളുകളെ കയറ്റിയെന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്. ഈ വണ്ടി ഇന്നലെയും ഇവിടെ വന്നു എന്ന് അവര്‍ പറയുന്നു. ഇന്നലെയും വന്നപ്പോള്‍ 71,000 രൂപ ടാക്സ് ആയി വാങ്ങിയതു നിങ്ങള്‍ക്കൊരു സുഖമാ അല്ലേന്ന് ഞാന്‍ ചോദിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വിളിച്ചു പറഞ്ഞിട്ട് വാഹനം പിടിച്ചെടുക്കുന്നതാണെന്നും ഞങ്ങള്‍ നിസ്സഹായരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേരളത്തില്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി അനുവദിക്കുന്നില്ല. അതിനാല്‍ കേരള സര്‍ക്കാരിന്റെ മാനം കാക്കാന്‍ എന്റെ വാഹനം ഇവിടെ പിടിച്ചെടുക്കാനാണ് ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശം ലഭിച്ചത്. ബസുടമ ബേബി ഗിരീഷ് പറഞ്ഞു.
ഇവരുടെ സ്റ്റാറിനെ മാനിക്കാനല്ലേ നമുക്ക് കഴിയൂ. എന്നെ ഒരു തീവ്രവാദിയെപ്പോലെയാണ് കാണുന്നത്. എന്റെ വാഹനം ഓടുന്നതുകൊണ്ട് കെഎസ്ആര്‍ടിസിക്ക് നഷ്ടമെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. ഞങ്ങള്‍ക്ക് ഈ വാഹനം ഓടുന്നതില്‍ ഒരു പ്രശ്നവുമില്ലെന്നാണ് തമിഴ്നാട് ആര്‍ടിഒ പറഞ്ഞത്. എന്നാല്‍ കേരള സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ടത് തമിഴ്നാട് സര്‍ക്കാരിനോടാണ്. മാത്രമല്ല ഈ വാഹനം പിടിച്ചെടുക്കാന്‍ തയാറായില്ലെങ്കില്‍ തമിഴ്നാട്ടില്‍നിന്ന് ശബരിമലയ്ക്ക് പോകുന്ന വാഹനങ്ങള്‍ക്കു മേല്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് എന്നോട് വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്, ഗിരീഷ് പറഞ്ഞു.
ബസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ യാത്രക്കാരോട് ബസില്‍നിന്ന് ഇറങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ബസ് ഉടമയും യാത്രക്കാരും അതിന് കൂട്ടാക്കിയില്ല. കേരളത്തിലേക്ക് തിരികെ വരാനായി പകരം ബസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വാഹനത്തിലുണ്ട്.
ശനിയാഴ്ച പത്തനംതിട്ടയില്‍ നിന്ന് സര്‍വീസ് നടത്തിയപ്പോള്‍ കേരളത്തില്‍ നാലിടത്ത് പിഴ ചുമത്തിയിരുന്നു. വാളയാര്‍ ചെക്പോസ്റ്റ് കഴിഞ്ഞ ചാവടി എന്ന സ്ഥലത്ത് തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരും പിഴ ചുമത്തി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളത്തില്‍ പലയിടത്തും ബസിന് ജനങ്ങള്‍ സ്വീകരണവും ഒരുക്കിയിരുന്നു.
ഇന്നലെ വീണ്ടും പത്തനംതിട്ടയില്‍ നിന്ന് സര്‍വീസ് തുടങ്ങി തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് എത്തിയപ്പോള്‍ എംവിഡി ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ ബസിന് പിഴയിട്ടു. പിന്നീട് നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ പത്ത് മിനിറ്റിന് ശേഷം ബസ് വിട്ടയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: