ഈശ്വരനില്‍ പരാനുരക്തിരൂപമായ ഭക്തിഭാവത്തിനോ തത് സംബന്ധിയായ പൂജാദ്യനുഷ്ഠാനങ്ങള്‍ക്കോ വേദമന്ത്രങ്ങളില്‍ പ്രാധാന്യം നല്കിയിട്ടുള്ളതായി പറയാനാവില്ല. മന്ത്രങ്ങള്‍ ഭക്തി പ്രധാനങ്ങളല്ല; കര്‍മ്മങ്ങള്‍ (യജ്ഞകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ടുന്നവ മാത്രമാണ്. ഋഗ്വേദം ഒന്നാം മണ്ഡലത്തില്‍ യാഗപശുവെന്ന നിലയില്‍ യൂപത്തില്‍ ബന്ധിതനായി നില്ക്കുന്ന ശുനശ്ശേപന്‍ വരുണനോട് പ്രാണഭിക്ഷ യാചിക്കുമ്പോള്‍ പോലും, (അല്ലയോ വരുണ, എന്റെ ഈ ആഹ്വാനം കേള്‍ക്കൂ ‘ഇമം മേ വരുണ ശ്രുധീ ഹവം’ ഇത്യാദി പ്രാര്‍ത്ഥിക്കുമ്പോള്‍ പോലും) അവിടെ ആര്‍ദ്രമായ ഭക്തിയുടെ സംസ്പര്‍ശം ഉണ്ടെന്നു പറഞ്ഞു കൂടാ. ചില വേദമന്ത്രങ്ങളില്‍ ‘യജാമഹേ, ധീമഹി (ധ്യായേ മഹി)’ ഇത്യാദി ക്രിയകള്‍ പ്രയോഗിച്ചു കാണുന്നുണ്ടെങ്കിലും അവിടെയും ഭക്തിയുടെ അഭിവ്യാപ്തി കാണുന്നില്ല. യജുര്‍വേദത്തിലെ രുദ പ്രശ്‌നത്തില്‍ മുന്നൂറിലധികം പ്രാവശ്യം രുദ്രപ്രീതികരങ്ങളായി ജപിക്കപ്പെടുന്ന ചതുര്‍ത്ഥ്യന്തങ്ങളായ നാമങ്ങളോടു ചേര്‍ത്ത് നമഃ ശബ്ദം പ്രയോഗിച്ചു കാണുന്നുണ്ടെങ്കിലും ഭക്തിഭാവത്തിന്റെ തീവ്രത അവിടെയും കാണപ്പെടുന്നതായി തോന്നുന്നില്ല. നമശ്ശബ്ദം മാത്രമല്ല മന്ത്രാന്ത്യങ്ങളില്‍ ഉപയോഗിച്ചു കാണുന്ന നമഃ, സ്വസ്തി, സ്വാഹാ, സ്വധാ, വഷട് ഇത്യാദികളെല്ലാം ത്യാഗാര്‍ത്ഥകങ്ങളോ ആശീര്‍വാദാര്‍ത്ഥകങ്ങളോ നിമന്ത്രാര്‍ത്ഥകങ്ങളോ ആണ്. ഭക്ത്യര്‍ത്ഥകങ്ങളല്ല (അവ ഭക്ത്യര്‍ത്ഥകങ്ങളായത് പില്ക്കാലത്താണ്).
പ്രാചീന സാഹിത്യത്തില്‍ ഭക്തിയെന്ന ഭാവനയെപ്പറ്റിയും മനുഷ്യജീവിതത്തില്‍ അതിന്റെ സാധനാപരമായ പ്രാധാന്യത്തെപ്പറ്റിയും ആദ്യമായി പ്രതിപാദിക്കുന്നത് വൈദിക ഗ്രന്ഥങ്ങളിലല്ല. ശ്രീമദ് ഭഗവദ്ഗീതയിലാണ്. പണ്ട് (വൈദികമായി) രണ്ടു സാധനാ മാര്‍ഗ്ഗങ്ങള്‍ (ദ്വിവിധാ നിഷ്ഠാ) ആണ് ഉണ്ടായിരുന്നതെന്ന ഉപക്രമത്തോടെ ജ്ഞാനയോഗത്തേയും കര്‍മ്മയോഗത്തേയും വിസ്തരിച്ച് പ്രതിപാദിച്ചതിനുശേഷം ഗീതാകാരന്‍ സാമാന്യജനം ആചരിച്ചു വരുന്ന ഭക്തിയേയും അതിന്റെ യോഗത്തേയും സമഞ്ജസമായി വര്‍ണ്ണിച്ചിരിക്കുന്നു, അക്കാലം വരെ ജനജീവിതത്തില്‍ പ്രാധാന്യേന ഉപലബ്ധങ്ങളായിരുന്ന ആധ്യാത്മികമായ ചിന്താധാരകളേയും അവയുടെ പ്രായോഗികമായ സാധനാപദ്ധതികളേയും അവിരോധമായും അന്യോന്യപൂരകമായും സമന്വയിച്ച് വര്‍ണ്ണിച്ചിരിക്കുകയാണ് ഭഗവദ്ഗീതയില്‍. അതുകൊണ്ടാണ് ഗീത സമന്വയാത്മകവും സര്‍വ്വശാസ്ത്രസമ്മതവും ആയ ആര്‍ഷഗ്രന്ഥമെന്ന നിലയിലും ഹിന്ദുധര്‍മ്മസംസ്‌കൃതിയിലെ ഏറ്റവും സമഗ്രവും അടിസ്ഥാനപരവും ആയ ഗ്രന്ഥമെന്ന നിലയിലും പ്രകീര്‍ത്തിക്കപ്പെടുന്നത്.
പ്രശസ്തങ്ങളായ ഉപനിഷത്തുകളെല്ലാം പൊതുവേ മുമുക്ഷുക്കളായ മുണ്ഡകന്മാരെ (സംന്യാസിമാരെ) ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ്. എന്നാല്‍ ഭഗവദ്ഗീത മുഖ്യമായും ഗൃഹസ്ഥന്മാരുടേയും സാധാരണക്കാരുടേയും ഉപനിഷത്തായിട്ടാണ് വര്‍ത്തിക്കുന്നത്. ഭഗവദ്ഗീത സര്‍വ്വോപനിഷത് സാരമാണെങ്കിലും മറ്റ് ഉപനിഷത്തുകളോടൊപ്പം തന്നെ പ്രസ്ഥാനത്രയിയില്‍ ഉള്‍പ്പെടുത്തി പ്രത്യേകം പരിഗണിച്ചു പോരുന്നതിന്റെ കാരണവും മറ്റൊന്നല്ല.
(തുടുരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: