ഹൈദരാബാദ്: തെലങ്കാനയിലെ കെസിആര്‍ സര്‍ക്കാരിന് വിആര്‍എസ് നല്‌കേണ്ട സമയമാണിതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മകനെ മുഖ്യമന്ത്രിയാക്കാന്‍ കെസിആറും രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് സോണിയയും ആഗ്രഹിക്കുന്നു.
ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ മകനോ മകളോ മുഖ്യമന്ത്രിയാകില്ല. പിന്നാക്ക വിഭാഗത്തിന്റെ നേതാവ് മുഖ്യമന്ത്രിയാകുമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. തെലങ്കാനയില്‍ വിവിധ ബിജെപി റാലികളില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കോണ്‍ഗ്രസും ഭാരത് രാഷ്‌ട്രസമിതി(ബിആര്‍എസ്)യും പിന്നാക്ക വിഭാഗ വിരുദ്ധ പാര്‍ട്ടികളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി മാത്രമേ പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും അമിത്ഷാ പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ മതാടിസ്ഥാനത്തിലുള്ള സംവരണം നിര്‍ത്തലാക്കുമെന്നും സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗ, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട വര്‍ധിപ്പിക്കുമെന്നും ഗഡ്‌വാളില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.
തെലങ്കാനയിലെ അടുത്ത മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തില്‍ നിന്നായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പിന്നാക്ക വിഭാഗത്തില്‍പെട്ട ആദ്യത്തെ മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്യുന്നു. ബിജെപി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനത്തിനുള്ള തുക സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിനായി 3,300 കോടി രൂപ നീക്കിവച്ചെങ്കിലും 77 കോടി രൂപ മാത്രമാണ് അവര്‍ വിനിയോഗിച്ചത്. ഇത് പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനയാണ്.
കെസിആറിന്റെ അവഗണനയ്‌ക്കെതിരെ വിധി എഴുതാനുള്ള സമയമാണിത്. തെറ്റായ വാഗ്ദാനങ്ങള്‍ നല്കുന്നതില്‍ റാവുവിന്റെ സര്‍ക്കാര്‍ ലോക റിക്കാര്‍ഡ് സ്ഥാപിച്ചു. നല്‍ഗൊണ്ട, വാറങ്കല്‍ എന്നിവിടങ്ങളില്‍ നടന്ന ബിജെപി റാലികളിലും അദ്ദേഹം പങ്കെടുത്തു. ബിജെപി പ്രകടന പത്രികയും അദ്ദേഹം പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: