ഛണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ പൂജയിൽ പങ്കെടുക്കാൻ ക്ഷേത്രത്തിലേക്ക് പോയവരെ ആക്രമിച്ച സംഭവത്തിൽ മദ്രസ വിദ്യാർത്ഥികൾ അറസ്റ്റിൽ. 9 ഉം 12 ഉം വയസ്സുള്ള മൂന്ന് കുട്ടികൾ ആണ് അറസ്റ്റിലായത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയ ഒമ്പതു വയസ്സുകാരനെ ജാമ്യത്തിൽ വിട്ടയച്ചു. 12 വയസ്സുള്ള മറ്റ് രണ്ട് പേരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്ക് അയച്ചു.
മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് മൂന്ന് കുട്ടികളെയും പോലീസ് ചോദ്യം ചെയ്തത്. അതേസമയം, സംഭവത്തെക്കുറിച്ച് മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ ശനിയാഴ്ച നുഹ് എസ്പിക്ക് കത്തയച്ചു.
പിടിയിലായ മൂന്നു പേരും മദ്രസയിലെ വിദ്യാർത്ഥികളാണെന്നും ഇവർ കല്ലെറിയുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായെന്നും നുഹ് പോലീസ് വക്താവ് കൃഷ്ണ കുമാർ പറഞ്ഞു. മറ്റുള്ളവരുടെ പങ്കാളിത്തം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അന്വേഷണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്തിയാൽ നിയമപ്രകാരം നിയമനടപടി സ്വീകരിക്കും.
കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന സംഘങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ എട്ട് സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ പ്രദേശവാസിയായ രമോത്തർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: