ടെല്‍അവീവ്: ഗാസയിലെ നഴ്സറി സ്കൂളുകളില്‍ നിന്നും ഹമാസിന്റെ ആയുധങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍. റോക്കറ്റ് ലോഞ്ചറുകള്‍, മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് ഹമാസ് നഴ്സറി സ്കൂളുകളില്‍ സൂക്ഷിച്ചിരുന്നത്. ഇതിന്റെ വീഡിയോ ഇസ്രായേല്‍ പ്രതിരോധസേന പുറത്തുവിട്ടു. ഹമാസ് സായുധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്കൂളുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ഇസ്രായേല്‍ ആരോപിക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍.
ഇസ്രായേല്‍ സൈന്യത്തിന്റെ പരിശോധനയില്‍ ഗാസയിലെ ചെറിയ കുട്ടികള്‍ പഠിക്കുന്ന കിന്ഡര്ഗാര്ട്ടന് സ്കൂളുകളിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. സ്കൂളിനുള്ളില്‍ ഇടുങ്ങിയ ഒരു മൂലയില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ അടുക്കിവെച്ചിരിക്കുന്നതായാണ് ദൃശ്യങ്ങളില്‍. അതേസമയം, ഗാസ മുനമ്പിലെ അല്‍ ഷിഫ ആശുപത്രിയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആരോടും ഉത്തരവിട്ടിട്ടില്ല. ആശുപത്രിയില്‍ ആരെയും തടഞ്ഞുവച്ചിട്ടില്ല. ഇവിടെ നിന്ന് പോകുന്നവര്‍ക്കായി സുരക്ഷിതപാത ഒരുക്കണമെന്ന് ആശുപത്രി ഡയറക്ടറുടെ നിര്‍ദേശപ്രകാരം അത് സജ്ജമാക്കി. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആശുപത്രിക്ക് പുറത്തുപോകാമെന്നും സൈന്യം വ്യക്തമാക്കി. ആശുപത്രിയിലെ സുരക്ഷാ ക്യാമറകളും മറ്റു നിരീക്ഷണ സംവിധാനങ്ങളും തകര്‍ത്ത നിലയിലാണെന്നും ഇത് ഹമാസ് ആശുപത്രികള്‍ തന്ത്രപരമായി ഉപയോഗിച്ചതിന് തെളിവാണെന്ന് സൈനികവക്താവ് ജൊനാഥന് കോര്‍ണിക്കസ് പറഞ്ഞു.
വടക്കന്‍ ഗാസയിലെ റന്‍തീസി ആശുപത്രിയിലും അല്‍ ഷിഫയിലേതിന് സമാനമായി തുരങ്കം കണ്ടെത്തിയതായി സൈന്യം അറിയിച്ചു. അല്‍ ഖുദ്സ് ആശുപത്രിയില്‍ വന്‍ ആയുധശേഖരവും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോ. 7 ന്റെ ആക്രമണത്തിനുവേണ്ടി തയാറാക്കിയ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനവും പിടിച്ചെടുത്തു. ഈ മൂന്ന് ആശുപത്രികളെയും കവചമാക്കി ഹമാസ് യുദ്ധം ചെയ്യുകയായിരുന്നെന്ന് സൈന്യം എക്സിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: