പാലാ: പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് ബസ് സര്‍വീസ് ആരംഭിച്ച റോബിന്‍ ബസിന് വഴിനീളെ മോട്ടോർവാഹന വകുപ്പിന്റെ തടയലും പിഴയീടാക്കലും. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് യാത്ര ആരംഭിച്ച ബസിനെ പത്തനംതിട്ടയ്‌ക്ക് പിന്നാലെ പാലാ ഇടപ്പാടിയിലും, അങ്കമാലിയിലും തടഞ്ഞ് എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പെര്‍മിറ്റിന്റെ രേഖയും യാത്രക്കാരുടെ പട്ടികയുമാണ് പരിശോധിച്ചത്.
സർവീസ് ആരംഭിച്ച് 250 മീറ്റർ പിന്നിട്ടതോടെ പോലീസിനൊപ്പമെത്തി എം. വി ഡി ഉദ്യോഗസ്ഥർ ബസ് തടയുകയായിരുന്നു. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപയാണ് പിഴയിട്ടത്. തുടർന്ന് വാഹനം യാത്ര തുടരാൻ മോട്ടോർ വാഹനവകുപ്പ് അനുമതി നൽകി. പിന്നീട് വഴിനീളെ എംവിഡി ഉദ്യോഗസ്ഥർ ബസിനെ തടയുന്ന കാഴ്ചയാണ് കണ്ടത്.
ഓരോ സ്ഥലത്തും മുക്കാല്‍മണിക്കൂറോളം തടഞ്ഞിട്ടാണ് ബസ് പരിശോധന. ബസിന് പിഴയിട്ടെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തിട്ടില്ല. വഴിനീളെ നിരവധിപ്പേരാണ് റോബിന്‍ ബസിന് പിന്തുണയുമായി തെരുവിലിറങ്ങിയത്. തൊടുപുഴയിലെത്തിയ ബസിന് ബസ് സ്റ്റാന്‍ഡില്‍ വന്‍ സ്വീകരണമാണ് നല്കിയത്. മുന്‍പ് രണ്ടുതവണ എംവിഡി പിടികൂടിയ ബസ് ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് റോഡിലിറങ്ങുന്നതെന്ന് ബസുടമ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്‌റ്റേജ് കാര്യേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിയ ശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇനിയും എംവിഡി സംഘങ്ങള്‍ തടഞ്ഞേക്കും. സാധുതയുള്ള സ്‌റ്റേജ് കാര്യേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്‌റ്റേജ് ക്യാരേജായി ഓടിയതിനാണ് 7500 രൂപ പിഴ ചുമത്തുന്നതെന്ന് എംവിഡി നല്‍കിയ ചെലാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 16ാം തിയതിയാണ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വെച്ച് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കോടതി ഉത്തരവിലൂടെ ബസ് പുറത്തിറക്കിയതിന് പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിംഗ് ആരംഭിക്കുകയായിരുന്നു.
കോടതിയോടുള്ള വെല്ലുവിളിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്ന് ബസ് ഉടമ ബേബി ഗിരീഷ് ആരോപിച്ചു. ഹൈക്കോടതി ഉത്തരവ് ലഭിക്കുമെന്ന് ഇവർ വിചാരിച്ചിരുന്നില്ല. അതിന്റെ ഫ്രസ്‌ട്രേഷനാണ് ഇവർ തീർക്കുന്നത്. കെ.എസ്.ആർ.ടി.സി പരിശോധിക്കാനുള്ള ആർജവം ഇവർക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: