അഞ്ചു മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയതിനെതിരെ അടിമാലി ടൗണില്‍ ഭിക്ഷയാചിച്ച് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച വയോവൃദ്ധയായ മറിയക്കുട്ടിയെ സിപിഎം മുഖപത്രമായ ദേശാഭിമാനി വ്യക്തിഹത്യ നടത്തിയതിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിക്കുകയുണ്ടായി. മരുന്നു വാങ്ങാന്‍പോലും പണമില്ലാത്ത ഈ സാധുവിന് വന്‍തോതില്‍ ഭൂമിയുണ്ടെന്നും, ലക്ഷങ്ങളുടെ ഉടമയായ ഇവരുടെ മകള്‍ വിദേശത്താണെന്നും വാര്‍ത്ത നല്‍കുകയാണ് ദേശാഭിമാനി ചെയ്തത്. ഇതുകൊണ്ടും അവസാനിപ്പിക്കാതെ സര്‍ക്കാരിനുവേണ്ടി സൈബര്‍ സഖാക്കളും മറിയക്കുട്ടിക്കെതിരെ ആക്രമണം സംഘടിപ്പിച്ചു. ഇത്രയുമായപ്പോള്‍ സഹികെട്ട ഈ വൃദ്ധ വില്ലേജ് ഓഫീസിലെത്തി വിശദീകരണം തേടിയതിനെത്തുടര്‍ന്ന് ഇവരുടെ പേരില്‍ ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കുകയും ചെയ്തു. തനിക്കെതിരെ ദുഷപ്രചാരണം കെട്ടഴിച്ചുവിട്ട് വ്യക്തിഹത്യ നടത്തിയ പാര്‍ട്ടിപത്രത്തിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയതോടെ ചിത്രം മാറി. കേസ് കോടതിയിലെത്തിയാല്‍ കളി കാര്യമാകുമെന്നും, പാര്‍ട്ടിയും സര്‍ക്കാരും കനത്ത വില നല്‍കേണ്ടിവരുമെന്നും മനസ്സിലാക്കിയതോടെ പത്രം കുട്ടിക്കരണം മറിഞ്ഞു. ഖേദപ്രകടനവുമായി രംഗത്തിറങ്ങി. എന്നാല്‍ ഖേദവും മാപ്പുമൊന്നും അംഗീകരിക്കില്ലെന്നും, പറയാനുള്ളത് കോടതിയില്‍ പറഞ്ഞാല്‍ മതിയെന്നും മറിയക്കുട്ടി വ്യക്തമാക്കിയതോടെ പാര്‍ട്ടിയും പത്രവും പിന്നെയും വെട്ടിലായി.
രണ്ട് പ്രശ്‌നങ്ങളാണ് ഇതിലുള്ളത്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി ഭരണത്തിന്‍കീഴില്‍ സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ നിവൃത്തിയില്ലാതായിരിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളും ഏതെങ്കിലുമൊക്കെ വിധത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സമ്പദ്‌വ്യവസ്ഥ തകര്‍ന്ന് സര്‍ക്കാര്‍ ഖജനാവ് കാലിയായതോടെ സര്‍വസഹായങ്ങളും മുടങ്ങിയിരിക്കുകയാണ്. ആശ്രയിക്കാന്‍ ആരുമില്ലാത്തവരുടെ ജീവിതം എല്ലാത്തരത്തിലും വഴിമുട്ടിയിരിക്കുന്നു. ഇവരുടെ പ്രതിനിധികളാണ് അടിമാലി നഗരത്തില്‍ ഭിക്ഷയ്‌ക്കിറങ്ങിയ മറിയക്കുട്ടിയും അന്നക്കുട്ടിയും. മറ്റു പലരുടെയും അവസ്ഥ ഇതുതന്നെയാണ്. മാനഹാനികൊണ്ട് അവര്‍ ഭിക്ഷാപാത്രമെടുക്കുന്നില്ല എന്നേയുള്ളൂ. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഗതികേടിലായ ഒരു വൃദ്ധയെ കഴിയാവുന്ന വിധമൊക്കെ സഹായിക്കേണ്ട പാര്‍ട്ടി സഖാക്കളും അവരുടെ പത്രവും എത്ര ക്രൂരമായാണ് പെരുമാറിയതെന്നോര്‍ക്കുമ്പോള്‍ ലജ്ജകൊണ്ട് തലകുനിക്കാത്ത മലയാളികള്‍ കുറയും. സിപിഎം എന്ന പാര്‍ട്ടിയുടെ മനുഷ്യത്വവിരുദ്ധ സമീപനമാണ് മുഖപത്രവും സ്വീകരിച്ചത്. ഇപ്പോഴിതാ പത്രത്തിനെതിരെ സംഘടനാപരമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിതന്നെ രംഗപ്രവേശം ചെയ്തിരിക്കുന്നു. എന്നിട്ട് ചോദിക്കുകയാണ് വേറെ ഏതെങ്കിലും പത്രം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടോ എന്ന്! കരുതിക്കൂട്ടി കള്ളം പ്രചരിപ്പിച്ച് ദേശാഭിമാനിയല്ലാതെ ഏതെങ്കിലും പത്രം ഒരു വയോവൃദ്ധയെ അപമാനിച്ചിട്ടുണ്ടോ? ഉളുപ്പില്ലായ്മയുടെ ആള്‍രൂപമായി മാറിയിരിക്കുന്ന ഒരു നേതാവ് ഇതും ഇതിലപ്പുറവും പറഞ്ഞെന്നിരിക്കും. ശരാശരി മലയാളികളുടെ കണ്ണില്‍ ഈ നേതാവിന് ഒരു വിദൂഷകന്റെ സ്ഥാനമാണുള്ളത്. മറിയക്കുട്ടിയെയും അന്നക്കുട്ടിയെയും സഹായിക്കാന്‍ ബിജെപി നേതാക്കളും സിനിമാതാരങ്ങളുമായ സുരേഷ്‌ഗോപിയും കൃഷ്ണകുമാറും രംഗത്തെത്തിയത് മഹാമനസ്‌കതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും മാതൃകയാണ്.
പാലോറ മാതയുടെ പശുവിനെ വിറ്റുകിട്ടിയ കാശുകൊണ്ട് തുടങ്ങിയ പത്രമാണെന്നൊക്കെ ദേശാഭിമാനിയെക്കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് മലയാളികള്‍ക്ക് സുപരിചിതമാണ്. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ രാജ്യത്തെ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ഒറ്റുകൊടുത്തതിന്റെ പ്രതിഫലമായി കിട്ടിയ കാശുകൊണ്ട് തുടങ്ങിയതാണ് ഈ പത്രമെന്ന യഥാര്‍ത്ഥ വസ്തുത മറച്ചുപിടിക്കുകയെന്നതാണ് ഇത്തരം കള്ളക്കഥകളുടെ ലക്ഷ്യം. എന്തായാലും പാലോറമാതയുടെ പത്രത്തിന്റെ തനിനിറം മറിയക്കുട്ടിമാതാ തുറന്നുകാട്ടിയിരിക്കുന്നു. ഇത്തരമൊരു ആര്‍ജവവും ധൈര്യവും നിയമസഭയിലെ പ്രതിപക്ഷത്തിന് ഉണ്ടായിരുന്നെങ്കില്‍ പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിക്കുമായിരുന്നില്ല എന്നാണ് ജനങ്ങള്‍ പറയുന്നത്. ദുരാരോപണങ്ങള്‍ ഉന്നയിക്കാനും ദുഷ്പ്രചാരണം നടത്താനും വ്യക്തിഹത്യകള്‍ക്കും ഉത്‌സാഹം കാട്ടുന്ന ഈ പത്രം അണികള്‍പോലും വായിക്കാതായിട്ട് കാലമേറെയായി. ടണ്‍കണക്കിന് ഫണ്‍ എന്നൊക്കെ ചില ചാനലുകള്‍ പരസ്യം നല്‍കാറുണ്ടല്ലോ. സിപിഎം മുഖപത്രത്തിന്റെ കാര്യത്തില്‍ ടണ്‍കണക്കിന് നുണകളാണ്. ജനവിരുദ്ധവും ദുരന്തവുമായ ഒരു ദുര്‍ഭരണത്തെ വെള്ളപൂശുകയെന്ന ‘മാധ്യമധര്‍മം’ മാത്രമാണ് ഈ പത്രത്തിനുള്ളത്. അതിന് ഏതറ്റംവരെയും പോകും. ആരെക്കുറിച്ചും എന്ത് അപവാദവും അവര്‍ പറഞ്ഞുപരത്തും. നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നായാല്‍ ഖേദം പ്രകടിപ്പിച്ച് തടിയൂരും. ഈ പതിവു കലാപരിപാടിയാണ് മറിയക്കുട്ടിയുടെ മുന്നില്‍ പരാജയപ്പെട്ടിരിക്കുന്നത്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും തനിനിറമാണ് പാര്‍ട്ടിപത്രത്തിന്റെ സ്വയംകൃതനാര്‍ത്ഥത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: